വില പത്ത് ലക്ഷത്തിൽ താഴെ! മികച്ച മൈലേജ് നൽകുന്ന മാരുതി സുസുക്കി പെട്രോൾ കാറുകൾ..

രാജ്യത്ത് ഏറ്റവും മികച്ച മൈലേജ് നൽകുന്ന കാറുകൾ നിർമിക്കുന്ന ഒരു കമ്പനിയാണ് മാരുതി സുസുക്കി. പുതിയ കാർ വാങ്ങുന്നവർ മൈലേജ് നോക്കുന്നതോടൊപ്പം തന്നെ വിലയും നോക്കാറുണ്ട്. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച മൈലേജ് നൽകുന്ന പെട്രോൾ മോഡൽ കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

സാധാരണമായ ഇന്ധനക്ഷമതയോടെയാണ് മാരുതി സെലേറിയോ പട്ടികയുടെ മുന്നിൽ നിൽക്കുന്നത്. സെലെറിയോയുടെ 1 ലിറ്റർ പെട്രോൾ വേരിയന്റ് മാനുവൽ വേരിയന്റ് ലിറ്ററിന് 25. 24 കിലോമീറ്റർ വരെ ARAI അംഗീകൃത മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ഓട്ടോമാറ്റിക് വേരിയന്റ് വാങ്ങുന്നവർക്ക് ലിറ്ററിന് 26.68 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. 5.36 ലക്ഷം രൂപ മുതൽ 7.10 ലക്ഷം രൂപ വരെയാണ് സെലേറിയോയുടെ എക്‌സ്‌ഷോറൂം വില.

മാരുതി മോഡൽ ആയ എസ്‌പ്രെസോയും മൈലേജിന്റെ കാര്യത്തിൽ മുന്നിലാണ്. കാറിന്റെ 1 ലിറ്റർ പെട്രോൾ എഞ്ചിൻ ഓട്ടോമാറ്റിക് വേരിയന്റിൽ 25. 3 kmpl വരെയും മാനുവലിൽ 24. 76 kmpl വരെയും മൈലേജ് നൽകുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. 4.26 ലക്ഷം മുതൽ 6.11 ലക്ഷം രൂപ വരെയാണ് എസ്‌പ്രെസോയുടെ എക്‌സ്‌ഷോറൂം വില.

എൻട്രി ലെവൽ കാറായ ആൾട്ടോ K10 മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 24.9 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ മാനുവൽ വേരിയന്റ് ലിറ്ററിന് 24.39 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. 4 ലക്ഷം രൂപ മുതലാണ് ആൾട്ടോ K10-ന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. റേഞ്ച് ടോപിംഗ് വേരിയന്റിന് 5.96 ലക്ഷം രൂപയാണ് വില.

ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കളുടെ ബെസ്റ്റ് സെല്ലർ കാറുകളിൽ ഒന്നാണ് ടോൾബോയ് ഹാച്ച്ബാക്ക്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മോഡൽ ഓഫർ ചെയ്യുന്നത്. 1 ലിറ്റർ പതിപ്പ് മാനുവൽ ഗിയർബോക്‌സുമായി ലിറ്ററിന് 24.35 കിലോമീറ്ററും, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 25.19 കിലോമീറ്ററുമാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. അതേസമയം 1.2 ലിറ്റർ എഞ്ചിൻ പതിപ്പ് 23.9 kmpl വരെ മൈലേജ് നൽകുമെന്നാണ് പറയപ്പെടുന്നത്. 5.54 ലക്ഷം മുതൽ 8.50 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.

മാരുതി നാലാം തലമുറ സ്വിഫ്റ്റ് മൈലേജ് കൂട്ടി അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. പുതിയ 1.2 ലിറ്റർ Z സീരീസ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓട്ടോമാറ്റിക് വേരിയന്റിൽ 25.75 kmpl വരെയും മാനുവലിൽ 24.8 kmpl വരെയും മൈലേജ് നൽകുമെന്നാണ് പറയുന്നത്. 6.50 ലക്ഷം രൂപ മുതലാണ് ന്യൂജെൻ സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

മൈലേജ് കൊണ്ട് ശ്രദ്ധ നേടിയ ഒരു മോഡലാണ് ഡിസയർ. 1.2 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ മാനുവൽ വേരിയന്റുകളിൽ 23.26 kmpl വരെയും ഓട്ടോമാറ്റിക് വേരിയന്റുകളിൽ 23.69 kmpl വരെയും മൈലേജ് നൽകുന്നു. ഹ്യുണ്ടായ് ഓറ, ടാറ്റ ടിഗോർ എന്നിവയാണ് എതിരാളികൾ. 6.56 ലക്ഷം രൂപ മുതലാണ് ഡിസയർ സെഡാന്റെ വില ആരംഭിക്കുന്നത്.

ഇന്ധനക്ഷമതയ്ക്കൊപ്പം പണത്തിന് മൂല്യം നൽകുന്ന മാരുതിയുടെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ് ബലേനോ. പ്രീമിയം ഹാച്ച്ബാക്കിലെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, മാനുവലിൽ 22.35 kmpl ഉം ഓട്ടോമാറ്റിക് വേരിയന്റുകളിൽ 22.94 kmpl വരെയും ഇന്ധനക്ഷമത നൽകുമെന്നാണ് ARAI പറയുന്നത്. 6.66 ലക്ഷം മുതൽ 9.88 ലക്ഷം വരെയാണ് ബലേനോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

മാരുതി പുതുതായി പുറത്തിറക്കിയ ക്രോസ്ഓവർ എസ്‌യുവിയായ ഫ്രോങ്ക്‌സ് ഇന്ധനക്ഷമതയുടെ കാര്യത്തിലും മുന്നിലാണ്. മാനുവൽ വേരിയന്റിൽ 21.79 kmpl ഉം ഓട്ടോമാറ്റിക്കിൽ 22.89 kmpl ഉം വാഗ്ദാനം ചെയ്യുന്നു. ഫ്രോങ്ക്‌സിന്റെ 1 ലിറ്റർ പെട്രോൾ എഞ്ചിൻ ലിറ്ററിന് 20.75 കിലോമീറ്റർ വരെ മൈലേജ് നൽകും. 7.51 ലക്ഷം രൂപ മുതലാണ് ഫ്രോങ്ക്‌സിന്റെ വില ആരംഭിക്കുന്നത്.