ഒരേ ഒരു രാജാവ് ! കിടിലൻ ഫീച്ചറുകൾ കുത്തിനിറച്ച് പുതിയ 310 സിസി അപ്പാച്ചെ

ഇന്ത്യയിലെ സ്പോർട്‌സ് ബൈക്ക് സെഗ്മെന്റിലേക്ക് ടിവിഎസ് ഇറക്കിയ തുറുപ്പുചീട്ടായിരുന്നു അപ്പാച്ചെ RR 310. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിൽ പ്രത്യേക താത്പര്യമുള്ള ടിവിഎസ് ചില നവീകരണങ്ങളുമായി RR 310 മോഡലിന്റെ പുതിയ 2025 പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിളിൽ പുതിയ ഫീച്ചറുകൾ ചേർത്തതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം.

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത് കൂടാതെ 2025 ടിവിഎസ് അപ്പാച്ചെ RR 310 അതിന്റെ എഞ്ചിൻ OBD-2B നിലവാരത്തിലേക്ക് പുതുക്കിപണിയുകയും ചെയ്‌തിട്ടുണ്ട്. ലോകമെമ്പാടും ആറ് ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് അപ്പാച്ചെ കുടുംബത്തിന്റെ 20 വർഷത്തെ ആഘോഷവും അടയാളപ്പെടുത്തികൊണ്ടാണ് ഫുള്ളി ഫെയർഡ് സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ കടന്നുവരവ്. സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ ഉൾക്കൊള്ളിച്ചതാണ് എടുത്ത് പറയേണ്ട ഒരുകാര്യം.

സീക്വൻഷ്യൽ TSL, കോർണറിംഗ് ഡ്രാഗ് ടോർക്ക് കൺട്രോൾ (RT-DSC), ലോഞ്ച് കൺട്രോൾ (RT-DSC), മൾട്ടി ലാംഗ്വേജ് സപ്പോർട്ടുള്ള ജെൻ2 റേസ് കമ്പ്യൂട്ടർ, പുതിയ 8-സ്പോക്ക് അലോയ് വീലുകൾ എന്നിവ ഉൾപ്പെടുത്തിയാണ് 2025 മോഡൽ ടിവിഎസ് RR 310 എത്തിയിരിക്കുന്നത്. കൂടാതെ ടിവിഎസ് ഏഷ്യ OMC റേസ് ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഒരു പുതിയ സെപാങ് ബ്ലൂ റേസ് റെപ്ലിക്ക കളർ ഓപ്ഷനും ചേർത്തിട്ടുണ്ട്.

2025 ടിവിഎസ് അപ്പാച്ചെ RR 310 കസ്റ്റമൈസേഷൻ ഓപ്ഷനുകളുള്ള മൂന്ന് ബിൽറ്റ് ടു ഓർഡർ കിറ്റുകൾക്കൊപ്പം വിൽപ്പന തുടരും. ഡൈനാമിക് കിറ്റിന് 18,000 രൂപയും ഡൈനാമിക് പ്രോ കിറ്റിന് 16,000 രൂപയുമാണ് മുടക്കേണ്ട വില. പുതിയ റേസ് റെപ്ലിക്ക കളർ ഓപ്ഷന് 10,000 രൂപ അധികവും മുടക്കേണ്ടതായി വരും. 312.2 സിസി റിവേഴ്‌സ്-ഇൻക്ലൈൻഡ് DOHC എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ക്വിക്ക് ഷിഫ്റ്ററുമായി ജോടിയാക്കിയിരിക്കുന്ന ഈ 312 സിസി എഞ്ചിന് 9,800 ആർപിഎമ്മിൽ 38 ബിഎച്ച്പി കരുത്തും 7,900 ആർപിഎമ്മിൽ 29 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. വ്യത്യസ്ത റോഡ്, വെതർ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാനായി ട്രാക്ക്, സ്‌പോർട്, അർബൻ, റെയിൻ എന്നീ നാല് റൈഡിംഗ് മോഡുകളും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടിവിഎസ് സ്മാർട്ട് എക്സ്കണക്ട് എന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം സംയോജിപ്പിച്ച 5.0 ഇഞ്ച് പുതിയ ടിഎഫ്‌ടി കളർ ഇൻസ്ട്രുമെന്റ് പാനലാണ് ബൈക്കിലെ മറ്റൊരു ഹൈലൈറ്റ്. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റ്, ക്ലിയർ വൈസർ, റൈഡ് ബൈ വയർ സിസ്റ്റം, ഡ്യുവൽ ചാനൽ എബിഎസ്, റൈഡിംഗ് മോഡുകൾ എന്നിവയാണ് 2025 മോഡൽ ടിവിഎസ് അപ്പാച്ചെ RR 310 മോഡലിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

2.78 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് പുതിയ ടിവിഎസ് അപ്പാച്ചെ RR 310 മോഡൽ സ്വന്തമാക്കാൻ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. വേരിയന്റ് തിരിച്ചുള്ള വിലയുടെ കാര്യം നോക്കുകയാണെങ്കിൽ ക്വിക്ക് ഷിഫ്റ്റർ ഫീച്ചർ ഇല്ലാത്ത റെഡ് കളർ ഓപ്ഷന് 2,77,999 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതേസമയം ക്വിക്ക് ഷിഫ്റ്ററുള്ള റെഡ് ഓപ്ഷനാണ് നോക്കുന്നതെങ്കിൽ 2,94,999 രൂപയാണ് നൽകേണ്ടത്.

സ്പോർട്സ് ബൈക്കിലെ ഏറ്റവും പുതിയ ബോംബർ ഗ്രേയാണെങ്കിൽ 2,99,999 രൂപയും മുടക്കേണ്ടതായുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2025 മോഡൽ ബുക്ക് ചെയ്തു തുടങ്ങാം. പുതുക്കിയ ബൈക്കിനായുള്ള ഡെലിവറി അധികം വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കെടിഎം RC 390 പോലുള്ള സ്പോർട് മോട്ടോർസൈക്കിളുകളോടാണ് അപ്പാച്ചെയുടെ പ്രധാന മത്സരം.