വാഹനപ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ യമഹ ഈയടുത്ത് വിപണിയിൽ അവതരിപ്പിച്ച മോഡലുകളാണ് പ്രീമിയം ബൈക്ക് മോഡലുകളായ ആർ3, എം.ടി 03 മോഡലുകൾ. പ്രധാനമായും ആർ15, എം.ടി15 ബൈക്കുകളുടെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുത്തൻ മോഡലുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്.
ആർ3 മോഡൽ ഐക്കൺ ബ്ലൂ, യമഹ ബ്ലാക്ക് നിറങ്ങളിലാണ് എത്തുന്നത്. എന്നാൽ എം.ടി 03 എത്തുന്നത് മിഡ്‌നൈറ്റ് സിയാൻ, മിഡ്‌നൈറ്റ് ബ്ലാക്ക് നിറങ്ങളിലാണ്. ലുക്കിൽ ന്യൂജനറേഷൻ ഭാവങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ് ഈ രണ്ട് ബൈക്കുകളും എത്തിച്ചിരിക്കുന്നത്.
പെർഫോമൻസിന് കൊടുത്താൽ പ്രാധാന്യം നൽകിയിട്ടുള്ള മോഡലാണ് ഇവ. അതുകൊണ്ട് തന്നെ ലൈറ്റ് വെയിറ്റ് ഡയമണ്ട് ഫ്രയിമിലാണ് രണ്ട് ബൈക്കുകളും ഒരുക്കിയിരിക്കുന്നത്. ഇതിനോടൊപ്പം യു.എസ്.ഡി. ഫ്രണ്ട് ഫോർക്ക്, മോണോ-ക്രോസ് റിയർ സസ്‌പെൻഷൻ, ലോങ്ങ് സ്വിങ്ങ്ആം, മൾട്ടി ഫങ്ഷൻ എൽ.സി.ഡി. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലൈറ്റ്, ടെയ്ൽലൈറ്റ്, ഇന്റിക്കേറ്റർ തുടങ്ങിയവ എം.ടി 03, ആർ3 എന്നീ മോഡലുകളിൽ യമഹ നൽകിയിട്ടുള്ള ഹൈലൈറ്റുകൾ ആയി എത്തുന്നു.
ലുക്കിലും വാഹനം ഉൾപ്പെടുന്ന റേഞ്ചിലും വ്യത്യാസമുണ്ടെങ്കിലും ഒരേ എഞ്ചിൻ പങ്കിട്ടാണ് ഈ രണ്ട് മോഡലുകളും എത്തുന്നത്. 321 സിസി ശേഷിയുള്ള ഫോർ സ്‌ട്രോക്ക്, ഇൻലൈൻ 2 സിലിണ്ടർ, DOHC ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 42 പി.എസ്. പവറും 29.5 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്നന്നു. കോൺസ്റ്റന്റ്മെഷ് ആറ് 6 സ്പീഡ് ഗിയർബോക്‌സാണ് ബൈക്കുകളിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.
സൂപ്പർ ബൈക്കുകൾക്ക് സമാനമായി ഡിസൈൻ ചെയ്തിരിക്കുന്ന ആർ3, ട്രാക്കുകളെ ലക്ഷ്യമിട്ട് എത്തിച്ചിരിക്കുന്ന വാഹനമാണ്. മുന്നിലെ വൈസറും കൗളുമെല്ലാം കണ്ടാൽ മനസിലാക്കാവുന്നതാണ്. കാസ്റ്റ് അലുമിനിയത്തിൽ തീർത്തിരിക്കുന്ന ഹാൻഡിൽ ബാർ, സ്റ്റൈലിഷായി നൽകിയിട്ടുള്ള ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങിയവയാണ് ഇതിൽ നൽകിയിട്ടുള്ളത്. ബൈക്കിന്റെ ഡിസൈൻ എയറോ ഡൈനാമിക് ശേഷി വർധിപ്പിക്കുന്ന തരത്തിലാണ് നിർവഹിച്ചിട്ടുള്ളത്.
യമഹയുടെ എം.ടി. സീരീസിൽ ഏറ്റവും അഗ്രസീവായി തീർത്തിട്ടുള്ള മോഡലാണ് എം.ടി 03. എം.ടി15-ൽ ഉള്ളതിന് സമാനമായി രണ്ട് കണ്ണുകൾക്ക് സമാനമായ ഹെഡ്‌ലാമ്പ് ഡിസൈനും, ടാങ്കും അതിനോട് ചേർന്നിട്ടുള്ള ഇൻസേർട്ടുകളും, മാറ്റ് ബ്ലാക്ക് നിറത്തിൽ തീർത്തിരിക്കുന്ന എൻജിൻ ഏരിയ, പുതുമയുള്ള ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പ്, സ്പ്ലിറ്റ് സീറ്റ് എന്നിവയാണ് എം.ടി03 ബൈക്കിന് ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ഭാവം നൽകുന്നത്.
യമഹയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രണ്ട് മോഡലുകളുടെയും ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യഥാക്രമം 4. 60 ലക്ഷം രൂപ, 4. 65 ലക്ഷം രൂപ എന്നിങ്ങനെയാണ് ഈ ബൈക്കുകളുടെ എക്‌സ്‌ഷോറൂം വില. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്തായിരിക്കും മോഡലുകൾ വിൽപ്പനയ്ക്ക് എത്തുക എന്നാണ് യമഹ അറിയിച്ചിരിക്കുന്നത്. പ്രീമിയം ഡീലർഷിപ്പായ ബ്ലൂ സ്‌ക്വയർ ആയിരിക്കും ഈ രണ്ട് മോഡലുകളുടെയും വിതരണക്കാർ.
യുവാക്കളെ എക്കാലവും ഹരം കൊള്ളിച്ച ബൈക്കുകളാണ് യമഹ ബൈക്കുകൾ. സ്റ്റൈലിലും പവാറിലും മുന്നിലാണ് എന്നും യമഹ. സൂപ്പർ ബൈക്കുകൾ അരങ്ങു വാഴുന്ന ഈ ഒരു കാലഘട്ടത്തിലും യമഹയുടെ ആർ എക്സ് 100 എന്ന മോഡലിന് ഇന്നും ആരാധകർ ഉണ്ട് എന്നത് ഇതിന്റെ തെളിവാണ് എന്ന് വേണമെങ്കിൽ പറയാം.