എൻ. കെ സിംഗ് ഫിനാൻസ് കമ്മീഷൻ അധ്യക്ഷൻ

മുൻ പാർലമെന്റ് അംഗവും റവന്യു, എക്സ്പെൻഡിച്ചർ സെക്രട്ടറിയുമായിരുന്ന എൻ. കെ സിംഗ് ചെയർമാനായി പതിനഞ്ചാമത് ഫിനാൻസ് കമ്മീഷൻ രൂപീകരിച്ചു. പ്ലാനിങ്ങ് കമ്മീഷന്റെ മുൻ അംഗം കൂടിയാണ് അദ്ദേഹം. മുൻ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്, കേന്ദ്ര സർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലാഹിരി, നീതി ആയോഗ് അംഗം രമേശ് ചന്ദ്, അമേരിക്കയിലെ ജോർജ് ടൌൺ സർവകലാശാല പ്രൊഫസർ അനൂപ് സിംഗ് എന്നിവർ അംഗങ്ങളുമായിരിക്കും. 2019 ഒക്ടോബർ 30 വരെയായിരിക്കും കമ്മീഷന്റെ കാലാവധി.

നിലവിൽ ഫിസ്കൽ റെസ്പോണ്സിബിലിറ്റി ആൻഡ് ബഡ്ജറ്റ് മാനേജ്‌മെന്റ് കമ്മറ്റിയുടെ അധ്യക്ഷനാണ് എൻ. കെ. സിംഗ്. ഈ കമ്മറ്റി സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. ജി എസ് ടി നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കുന്ന ഫിനാൻസ് കമ്മീഷൻ തീരുമാനങ്ങൾ ഏറെ നിർണ്ണായകമായിരിക്കും.