മൂന്നര വര്‍ഷത്തിനിടെ 44,000 കോടിയുടെ വ്യവസായ നിക്ഷേപം; വിദേശ കമ്പനികള്‍ നിക്ഷേപത്തിനു തയ്യാറായി; കേരളം മാറുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്

കേരളത്തിനുള്ളില്‍ നിന്നുമാത്രം കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 44,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം ഉണ്ടായെന്ന് മന്ത്രി പി. രാജീവ്. 2021-ന് ശേഷം ഒരുകോടി രൂപയില്‍ കൂടുതല്‍ മുടക്കുമുതലുള്ള 696 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ഇതില്‍ 203 സംരംഭങ്ങള്‍ 10 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപിച്ചവയാണ്. 15,925.89 കോടി രൂപയുടെ നിക്ഷേപമാണ് ഈ സംരംഭങ്ങളില്‍നിന്ന് ആകെ ആകര്‍ഷിക്കാനായതെന്ന് മന്ത്രി വ്യക്തമാക്കി.

10 കോടി രൂപയ്ക്കു മുകളില്‍ ബിസിനസ് വിപുലീകരണത്തിനായി വീണ്ടും നിേക്ഷപം നടത്തിയ 56 പദ്ധതികള്‍കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തില്‍ നിന്നുതന്നെയുള്ള പുതിയ നിക്ഷേപം 21,000 കോടി രൂപയാണ്.

സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി 3.43 ലക്ഷത്തിലധികം പുതിയ സംരംഭങ്ങളാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ആരംഭിച്ചത്. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ 44,000 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നിന്നുതന്നെ ആകര്‍ഷിക്കാനായതായി മന്ത്രി വ്യക്തമാക്കി. വെളിച്ചെണ്ണ പോലെ മറ്റ് ഉല്‍പന്നങ്ങള്‍ക്കും ഇനി കേരള ബ്രാന്‍ഡ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

Read more

നിരവധി വിദേശ കമ്പനികളും നിക്ഷേപത്തിനു തയ്യാറായി കേരളത്തിലേക്കു വരുന്നുണ്ട്. ബിസിനസ് സൗഹൃദ റാങ്കിങ്ങില്‍ കേരളം നേടിയ ഒന്നാംസ്ഥാനം നിലനിര്‍ത്താനുള്ള കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും സംരംഭകര്‍ കേരളത്തിലെ വ്യവസായമേഖലയുടെ അംബാസഡര്‍മാരായി മാറണമെന്നും മന്ത്രി രാജീവ് പറഞ്ഞു.