സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുമെന്ന അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അംബുജ സിമന്റ്സിന്റെ ഓഹരികളില്‍ വന്‍ മുന്നേറ്റം. പ്രഖ്യാപനം കഴിഞ്ഞ് 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഓഹരികളില്‍ ആറുശതമാനത്തിലധികം വര്‍ദ്ധനവാണുള്ളത്. അദാനിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തിയതും അംബുജയുടെ ഡിമാന്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രഖ്യാപനം വരുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സാംഘി ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് അടിച്ചിരിക്കുകയാണ്. കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ 20.39 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
5000 കോടി രൂപ മൂല്യമുള്ള സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കാന്‍ ഇരുകമ്പനികളും തമ്മില്‍ കഴിഞ്ഞ ദിവസമാണ് കരാര്‍ ഒപ്പിട്ടത്. സാംഘി ഇന്‍ഡസ്ട്രീസിന്റെ 56.74 ശതമാനം ഓഹരികളാണ് അംബുജ സിമന്റ്സ് ഏറ്റെടുക്കുക. സാംഘി ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാരായ രവി സാംഘിയുടെയും രവി സാംഘിയുടെ കുടുംബത്തിന്റെയും കൈവശമുള്ള ഓഹരികള്‍ ഏറ്റെടുക്കാനാണ് ധാരണയായിരിക്കുന്നത്.
സാംഘിയെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ അംബുജ സിമന്റ്സ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സാംഘി ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയിലും മുന്നേറ്റം ഉണ്ടായി. സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നതോടെ, അംബുജ സിമന്റ്സിന്റെ സാന്നിധ്യം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. നിര്‍മ്മാണ സാമഗ്രികളുടെ ഉല്‍പ്പാദനരംഗത്ത് ആധിപത്യം തുടരാന്‍ ഇത് വഴിതെളിയിക്കും. വര്‍ഷം 140 ദശലക്ഷം ടണ്‍ സിമന്റ് ഉല്‍പ്പാദിപ്പിക്കുന്ന തലത്തിലേക്ക് വളരാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കി.
സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കലിയൂടെ സൗത്ത് ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വേഗത്തില്‍ എത്താമെന്നാണ് കരുതുന്നത് കരണ്‍ അദാനി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒന്നാമത്തെ സിമിന്റ് കമ്പനിയാനാണ് ശ്രമിക്കുന്നത്. തീരദേശ പാതയ്ക്ക് സമീപമുള്ള സാംഘി സിമിന്റ് ഫാക്ടറിയില്‍ നിന്നും മുംബൈയിലേക്കും കര്‍ണാടകയിലേക്കും കേരളത്തിലേക്കും സിമിന്റുകള്‍ വേഗത്തില്‍ എത്തിക്കാം. കുറഞ്ഞ് നിരക്കില്‍ സിമിന്റ് ജനങ്ങള്‍ക്ക് എത്തിക്കാന്‍ തങ്ങള്‍ പ്രതിബദ്ധരാണെന്ന് കരണ അദാനി പറഞ്ഞു.