അമേരിക്കന്‍ നീതിന്യായ വകുപ്പും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷനും ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്. അദാനി ഗ്രീന്‍ എനര്‍ജി ഡയറക്ടര്‍മാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്.കുറ്റപത്രത്തിലേത് ആരോപണങ്ങള്‍ മാത്രമാണ്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികള്‍ നിരപരാധികളായി കണക്കാക്കപ്പെടുന്നുവെന്നും നീതിന്യായ വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും. അദാനി ഗ്രൂപ്പ് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉന്നതമായ മൂല്യവും സുതാര്യതയും എപ്പോഴും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. എല്ലാ നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേതെന്ന് പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പുനല്‍കുന്നുവെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.
സൗരോര്‍ജ്ജ വിതരണകരാറുകള്‍ നേടാന്‍ ഏകദേശം 2,029 കോടി രൂപയുടെ (265 ദശലക്ഷം യുഎസ് ഡോളര്‍) കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്. ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
20 വര്‍ഷത്തിനുള്ളില്‍ ഏകദേശം പതിനാറായിരം കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന കരാറുകള്‍ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 2,029 കോടി രൂപ കൈക്കൂലി നല്‍കാന്‍ അദാനിയും മറ്റ് ഏഴ് പ്രതികളും ശ്രമിച്ചതായാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീന്‍ എനെര്‍ജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. അദാനി ഗ്രീന്‍ എനര്‍ജി യുഎസ് നിക്ഷേപകരില്‍ നിന്ന് 175 മില്യന്‍ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്.
ഫോര്‍ബ്‌സ് മാഗസിന്‍ പ്രകാരം 69.8 ബില്യണ്‍ ഡോളറാണ് 62 കാരനായ അദാനിയുടെ ആസ്തി. യുഎസില്‍ ക്രിമിനല്‍ കുറ്റം ചെയ്തതായി ഔദ്യോഗികമായി ആരോപിക്കപ്പെടുന്ന ചുരുക്കം ചില ശതകോടീശ്വരന്മാരില്‍ ഒരാളായി മാറുകയാണ് അദാനി.