ശ്രീലങ്കയിലെ വിമാനത്താവളങ്ങളില്‍ കണ്ണെറിഞ്ഞ് അദാനി ഗ്രൂപ്പ്. കൊളംബോയിലെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം, രത്മനാല, മറ്റ്താല വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് ശ്രീലങ്കന്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ വ്യക്തമാക്കി.
എന്നാല്‍, ഈ വാര്‍ത്തകളോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രീലങ്കയിലേക്കുള്ള അന്താരാഷ്ട്ര കവാടം എന്ന പെരുമയുള്ളതാണ് കൊളംബോയിലെ ബണ്ഡാരനായകെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.
ഇടപാട് യാഥാര്‍ഥ്യമായാല്‍ വ്യോമയാന രംഗത്ത് അദാനി ഗ്രൂപ്പിന്റെ വിദേശത്തേക്കുള്ള ഏറ്റവും വലിയ നിക്ഷേപമാകുമിത്. ഇന്ത്യയില്‍ തിരുവനന്തപുരത്തേത് ഉള്‍പ്പെടെ എട്ട് വിമാനത്താവളങ്ങള്‍ കമ്പനി ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. നവി മുംബൈയിലെ പുതിയ വിമാനത്താവളവും അദാനിയുടേതാണ്.
ആഭ്യന്തര കലാപത്തിനു ശേഷം ടൂറിസം രംഗത്ത് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശ്രീലങ്ക. കഴിഞ്ഞ വര്‍ഷം 14 ലക്ഷത്തിലേറെ വിനോദസഞ്ചാരികളാണ് ശ്രീലങ്ക സന്ദര്‍ശിച്ചത്. അടുത്ത വര്‍ഷം 20 ലക്ഷത്തിലേറെ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഹരിന്‍ ഫെര്‍ണാണ്ടോ പറഞ്ഞു. വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ മെച്ചപ്പെടുത്തുന്നതിനാണ് കൈമാറ്റത്തിന് ഒരുങ്ങിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു.
ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അദാനി പോര്‍ട്സ്. ഇതിനായി അമേരിക്കന്‍ സര്‍ക്കാരിന് കീഴിലെ ഡെവലപ്മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് 5,000 കോടി രൂപയുടെ വായ്പയും അദാനി പോര്‍ട്സ് ഉറപ്പാക്കിയിരുന്നു. പദ്ധതിയോട് അനുബന്ധിച്ച് 500 മെഗാവാട്ടിന്റെ കാറ്റാടിപ്പാടവും അദാനി ഗ്രൂപ്പ് ശ്രീലങ്കയില്‍ സ്ഥാപിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ശ്രീലങ്കയിലെ വിമാനത്താവളങ്ങളും ഏറ്റെടുക്കാന്‍ അദാനി ശ്രമിക്കുന്നത്.