ബിസനസ് ഭീമനായ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തലവരമാറി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടേയും വിമാന സര്‍വീസുകളുടേയും എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ തിരുവനന്തപുരം വിമാനത്താവളം വഴി 4.4 ദശലക്ഷം യാത്രക്കാര്‍ യാത്ര ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. 2022-2023-ലെ യാത്രക്കാരുടെ എണ്ണം 3.46 ദശലക്ഷമായിരുന്നു.
ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 27 ശതമാനമാണ് വര്‍ധനവ്.
യാത്രക്കാരില്‍ 2.42 ദശലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരാണ്. 1.98 ദശലക്ഷം പേര്‍ അന്താരാഷ്ട്ര യാത്രക്കാരും. അന്താരാഷ്ട്ര രാജ്യങ്ങളിലെ യാത്രക്കാരില്‍ ഏറ്റവുമധികം പേര്‍ യാത്രചെയ്തത് ഷാര്‍ജയിലേക്കായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തില്‍ ബെംഗളൂരുവിലേക്കും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം വന്നുപോയ വിമാനങ്ങളുടെ സര്‍വീസുകളിലും വന്‍ വര്‍ധനവുണ്ടായി. 29,778 എയര്‍ ട്രാഫിക് മൂവ്‌മെന്റുകളുടെ വര്‍ധനവാണ് ഉണ്ടായതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. മുന്‍വര്‍ഷത്തില്‍ ഇത് 24,213 ആയിരുന്നു. 23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Read more
വിമാനസര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിലുള്ള വര്‍ധന കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമെന്ന് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.