കെ-സ്വിഫ്റ്റിന്റെ മൂന്നാംപതിപ്പില്‍ കൂടുതല്‍ സേവനങ്ങള്‍; സ്വകാര്യ വ്യവസായ പാര്‍ക്കുകളിലെ സംരംഭങ്ങള്‍ക്കും വായ്പ

തിരുവനന്തപുരം: ചെറുകിട ഇടത്തര സംരംഭകത്വ (എംഎസ്എംഇ) ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് കൂടുതല്‍ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികള്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) ആവിഷ്‌കരിക്കുന്നു. സ്വകാര്യ വ്യവസായപാര്‍ക്കുകളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്ന സംരംഭകര്‍ക്കും ഇനിമുതല്‍ പാട്ടക്കരാറുകളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. കെഎസ്‌ഐഡിസിയുടേയോ കിന്‍ഫ്രയുടേയോ വ്യവസായ പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കാണ് ഇതുവരെ പാട്ടാവകാശത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നത്. നിശ്ചിത അളവ് ഭൂമിയുള്ളവര്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഏകജാലക ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനമായ കെ-സ്വിഫ്റ്റില്‍ (സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫെയ്‌സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്‌പെരന്റ് ക്ലിയറന്‍സസ്) ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി, ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ്, ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയില്‍ നിന്നുള്ള അനുമതികളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കൂടുതല്‍ സേവനങ്ങളും സംയോജിപ്പിക്കും. ഇതിനായി കെ-സ്വിഫ്റ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കും. നിലവില്‍ 21 വകുപ്പുകളിലും ഏജന്‍സികളിലുമായി 90 സംയോജിത സേവനങ്ങളാണ് കെ-സ്വിഫ്റ്റില്‍ ലഭ്യമായിട്ടുള്ളത്. വനിതകളും സ്റ്റാര്‍ട്ടപ്പുകളും ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് നിയമപരമായ അനുമതികളും സാമ്പത്തിക സഹായങ്ങളും ആവശ്യമായ മറ്റ് പിന്തുണകളും ഒരിടത്ത് ഏകോപിപ്പിക്കുന്നതിനും കെ-സ്വിഫ്റ്റിലൂടെ പ്രാധാന്യം നല്‍കും. ഇതിന്റെ പ്രചരണാര്‍ഥം ‘വ്യവസായം വിരല്‍ത്തുമ്പില്‍’ എന്ന പേരില്‍ വിപുലമായ ക്യാംപെയ്‌ന് കെഎസ്‌ഐഡിസി തുടക്കമിടുകയാണ്. അനുമതികള്‍ക്ക് kswift.kerala.gov.in എന്ന പോര്‍ട്ടലിലും വായ്പയ്ക്ക് ksidc.org എന്ന പോര്‍ട്ടലിലുമാണ് അപേക്ഷിക്കേണ്ടത്. 31,023 കോടി രൂപ മുതല്‍മുടക്കുള്ള 85 പദ്ധതികള്‍ക്കാണ് ഈ സംവിധാനത്തിലൂടെ ഇതിനോടകം സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് അനുമതി നല്‍കിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി പ്രകാരം 25 ലക്ഷം മുതല്‍ രണ്ടുകോടി വരെ രൂപ നിര്‍മാണ, സേവന മേഖലകളില്‍ സംരംഭകര്‍ക്ക് ധനസഹായം നല്‍കും. വനിതാ സംരംഭകര്‍ക്ക് 25 ലക്ഷം രൂപയുടെ പ്രത്യേകസഹായവും ലഭ്യമാണ്. ഉപകരണങ്ങളുടെ നവീകരണം ഉള്‍പ്പെടെ നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനോ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനോ തുക പ്രയോജനപ്പെടുത്താം. ഏഴു ശതമാനം പലിശയുള്ള വായ്പ ഒരു വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ ആറ് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കണം. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രണ്ട് പ്രത്യേക പദ്ധതികളാണുള്ളത്. നൂതന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാഥമിക മൂലധനമായി 25 ലക്ഷം രൂപ നല്‍കും. നിലവിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് 50 ലക്ഷം രൂപ വരെയും നല്‍കും.

സംസ്ഥാനതലത്തില്‍ ബിസിനസ്സ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ 93.5 ശതമാനവും കേരളം നടപ്പാക്കിയതായി രാജമാണിക്കം പറഞ്ഞു. സംസ്ഥാനം നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ 91 ശതമാനവും കേന്ദ്രം അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 സംരംഭകത്വ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒരുലക്ഷം സംരംഭങ്ങള്‍ സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരമ്പരാഗതമായി തുടരുന്നതും തടസ്സങ്ങളേറെയുള്ളതുമായ പല ചട്ടങ്ങളും ഘട്ടംഘട്ടമായി ഒഴിവാക്കി നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Latest Stories

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ

അമിത്ഷായുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി