കേരളം വിട്ട് തെലുങ്കാനയിലേക്ക് ചേക്കേറിയതോടെ കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന് കഷ്ടകാലം ആരംഭിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കമ്പനി 38.38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളെപ്പോലെ ആധികാരികമായ മുന്നേറ്റം ഉണ്ടാക്കാന്‍ കിറ്റക്സിന് സാധിച്ചിട്ടില്ല. ജൂലൈ-സെപ്റ്റംബറിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 13 കോടി രൂപയുടെ ലാഭം കമ്പനി നേടിയിട്ടുണ്ട്. അതേസമയം, മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 22 കോടി രൂപയായിരുന്നു. ഇതോടെയാണ് കമ്പനിയുടെ വിപണി മൂല്യത്തിന് ഇടിവ് തട്ടിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, കടങ്ങളും കമ്പനിയെ വീര്‍പ്പ് മുട്ടിക്കുന്നുണ്ട്. നേരത്തെ കിറ്റക്സിന്റെ സംയോജിത കടം 25 കോടി രൂപയായിരുന്നു. എന്നാല്‍, 2023-24 നടപ്പുവര്‍ഷത്തെ ആദ്യപകുതിയില്‍ അത് 341 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. തെലങ്കാനയില്‍ പുതിയ ഫാക്ടറിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോഴാണ് കടം കുത്തനെ ഉയര്‍ന്നിരിക്കുന്നത്.
കിറ്റക്സിന്റെ വാര്‍ഷിക വരുമാനത്തിലും പുതിയ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇടിവ് തട്ടിയിട്ടുണ്ടെന്ന് കാണാം. വാര്‍ഷിക വരുമാനം 151 കോടി രൂപയില്‍ നിന്ന് 140 കോടി രൂപയായി ഇടിഞ്ഞിട്ടുണ്ട്. കിറ്റക്സിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയിലും കമ്പനിക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. 205.70 രൂപയില്‍ വ്യാപരം ആരംഭിച്ച ഓഹരികള്‍ 195.15 വരെ ഇടിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് 4.72 ശതമാണ് കിറ്റക്സിന്റെ ഓഹരികള്‍ ഇടിഞ്ഞിരിക്കുന്നത്.
കേരളം വിട്ട് തെലുങ്കാനയിലേക്ക് ചേക്കേറിയിട്ടും നിര്‍മാണം ആരംഭിക്കാന്‍ സാധിക്കാത്തത് കിറ്റക്സിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കിറ്റക്സ് ഇപ്പോള്‍ എല്ലാ ശ്രദ്ധയും നല്‍കുന്നത് തെലുങ്കാനയിലുള്ള നിര്‍മാണ ഫാക്ടറിയിലേക്കാണ്.
കിറ്റക്സിന്റ പുതിയ ഫാക്ടറിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ തെലുങ്കാനയില്‍ കര്‍ഷക പ്രക്ഷോഭം ഉണ്ടായത് നിര്‍മാണം നീളാന്‍ കാരണമായിട്ടുണ്ട്. . കേരളം വിട്ട കിറ്റക്സ് തെലുങ്കാനയില്‍ വന്‍ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. എന്നാല്‍, തുടക്കത്തില്‍ തന്നെയുള്ള തിരിച്ചടി കമ്പനിയെ പ്രതിരോധത്തിലാക്കി. തെലുങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ ശയാംപേട്ട് ഹവേലിയിലാണ് വസ്ത്രനിര്‍മാണ യൂണിറ്റിനായി കിറ്റക്സ് തെരഞ്ഞെടുത്തിരുന്നത്.
കിറ്റക്സ് തെലങ്കാനയിലെ ഗീസുഗൊണ്ട, സംഗേം മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാകതീയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ വസ്ത്രനിര്‍മാണ യൂണിറ്റ് ആരംഭിച്ചിരുന്നു. 187 ഏക്കറാണ് കിറ്റക്സിന് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, ഇത് വാസ്തു പ്രകാരമല്ലെന്നും കോമ്പൗണ്ട് ഭിത്തികെട്ടി സ്ഥലം പുനക്രമീകരിക്കാന്‍ 13.29 ഏക്കര്‍ കൂടി അനുവദിക്കണമെന്നും കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കിറ്റക്സ് ആവശ്യപ്പെട്ട സ്ഥലം കര്‍ഷകരുടെ കൃഷിഭൂമിയാണ്. ഇത് അളക്കാന്‍ അധികൃതര്‍ എത്തിയതോടെയാണ് നേരത്തെ പ്രതിഷേധം ഉണ്ടായത്. ഏക്കറിന് 50 ലക്ഷം വിലവരുന്ന സ്ഥലം സര്‍ക്കാരും കിറ്റക്സും ചേര്‍ന്ന് 10 ലക്ഷത്തിന് കൈക്കലാക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചത്.
Read more
കേരള സര്‍ക്കാര്‍ റെയ്ഡുകളും പരിശോധനകളുമായി നിരന്തരമായി വേട്ടയാടുന്നുവെന്ന് ആരോപിച്ച് 2021ലാണ് കിറ്റെക്സ് ആരോപണം ഉയര്‍ത്തിയത്. 3,500 കോടി രൂപയുടെ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്നായിരുന്നു കിറ്റെക്സ് എംഡി സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുമായുള്ള ചര്‍ച്ചയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം തെലുങ്കാനയില്‍ നടത്താന്‍ ധാരണയാവുകയായിരുന്നു.