അനില്‍ അംബാനിയുടെ അത്ഭുതകരമായ തിരിച്ചുവരവ്; ചര്‍ച്ചയായി വിജയത്തിന് പിന്നിലെ വിലമതിയ്ക്കാനാവാത്ത ബുദ്ധികേന്ദ്രം

2008ല്‍ ലോക സമ്പന്നരുടെ പട്ടികയില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന അനില്‍ അംബാനി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പട്ടികയില്‍ നിന്ന് അകന്ന് പോകുന്ന കാഴ്ചയായിരുന്നു. ഒടുവില്‍ സമ്പന്നനില്‍ നിന്ന് നിലയില്ലാ കടങ്ങളുടെ ആഴങ്ങളില്‍ വീണുപോയ അനില്‍ അംബാനിയെ കുറിച്ചായി രാജ്യത്തെ ചര്‍ച്ച. മുന്നോട്ട് വച്ച ഓരോ ചുവടിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അനില്‍ അംബാനിയ്ക്ക് കാലിടറുകയായിരുന്നു.

കടക്കെണിയില്‍ നിന്ന് വീണ്ടും കടത്തിലേക്ക് കൂപ്പുകുത്തിയ അനില്‍ അംബാനിയിലുള്ള വിശ്വാസം നിക്ഷേപകര്‍ക്കെല്ലാം നഷ്ടമാകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യം. തിരിച്ചുവരവിന്റെ പാതയിലുള്ള അനില്‍ അംബാനിയുടെ റിലയന്‍സ് പവറിന് നിലവില്‍ കടങ്ങളില്ല.

പിന്നാലെ കമ്പനികളുടെ ഓഹരി വിലകള്‍ ഉയരുകയാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ കടബാധ്യതകള്‍ 87 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ റലയന്‍സ് പവറിനും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനും ഓഹരി വിപണിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു.

കുറഞ്ഞ ദിവസങ്ങളില്‍ 60 ശതമാനം ലാഭമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. എന്നാല്‍ അനില്‍ അംബാനിയുടെ തിരിച്ചുവരവിന് പിന്നില്‍ ആരെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. അനില്‍ അംബാനി കുടുംബത്തിലെ പുതു തലമുറയാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. അനില്‍ അംബാനിയുടെ മക്കളായ ജയ് അന്‍മോല്‍ അംബാനിയും ജയ് അന്‍ഷുല്‍ അംബാനിയുമാണ് തിരിച്ചുവരവിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍.

Read more

അനിലിന്റെ മൂത്ത പുത്രന്‍ ജയ് അന്‍മോല്‍ അംബാനിയാണ് തിരിച്ചുവരവില്‍ പ്രധാന റോള്‍ വഹിക്കുന്നത്. റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിനെ പുനരുദ്ധരിതിലും ജയ് അന്‍മോല്‍ അംബാനിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. പതിനെട്ടാം വയസില്‍ ബിസിനസിലേക്ക് കടന്നുവന്നയാളാണ് അന്‍മോല്‍ അംബാനി. നിലവില്‍ അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തില്‍ നിര്‍ണായക തീരുമാനങ്ങളെല്ലാം എടുക്കുന്നത് അന്‍മോല്‍ അംബാനിയാണ്.