സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍ ആയിരുന്നിട്ടും രാജ്യത്താകമാനം സ്വര്‍ണ വ്യാപാരം പൊടിപൊടിക്കുകയാണ്. ദീപാവലി ആഘോഷങ്ങളുടെ പ്രാരംഭ ദിവസമായ ധന്‍തേരാസിന് രാജ്യത്താകമാനം സ്വര്‍ണ വ്യാപാരത്തില്‍ 25 ശതമാനത്തോളം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നത്.
സ്വര്‍ണത്തിന് പുറമേ വജ്ര ആഭരണങ്ങളുടെ വില്‍പ്പനയിലും 12 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ വില വര്‍ദ്ധിച്ചതോടെ 18 കാരറ്റ് ആഭരണങ്ങള്‍ക്ക് വന്‍തോതില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചു. പോല്‍ക്കീ, കുന്തന്‍ തുടങ്ങിയ കല്ല് പതിച്ച ആഭരണങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.
വെള്ളിയുടെ വില്‍പ്പന കഴിഞ്ഞ കാലങ്ങളിലെ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്തു 35 ശതമാനത്തിലധികമായി ഉയര്‍ന്നു. വെള്ളി ആഭരണങ്ങള്‍ കൂടാതെ ഡിന്നര്‍ സെറ്റുകളും, വിളക്കുകളും, ജലധാര യന്ത്രങ്ങളും മറ്റു വീട്ടുപകരണങ്ങളും മാത്രമല്ല, ഫര്‍ണിച്ചറുകളും കൂടി വിപണിയില്‍ എത്തിയതോടെ, വെള്ളി വില്‍പ്പന വലിയതോതില്‍ കൂടുന്നതായാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കസ്റ്റംസ് ഡ്യൂട്ടിയില്‍ 9% ഇളവ് വന്നതോടെ ഇന്ത്യന്‍ വിപണിയില്‍ വ്യാപാരം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടൊപ്പം പണമിടപാടുകള്‍ കുറയുന്നതായും നെഫ്റ്റ്, ആര്‍ടിജിഎസ് എന്നിവ വഴി കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. സംസ്ഥാനത്തും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ വില്‍പ്പന വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.