ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ കഴിഞ്ഞ ഒമ്പത് മാസത്തെ വരുമാനം 15 ശതമാനം വര്‍ധിച്ച് 3,138 കോടി രൂപയായി ഉയര്‍ന്നു.
മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലയളവിലെ വരുമാനം 2,721 കോടി രൂപയായിരുന്നു. 2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ അവസാനം വരെയുള്ള മൂന്നാം പാദത്തിലെ വരുമാനം 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 1,050 കോടിയിലെത്തി. മുന്‍വര്‍ഷം ഇത് 949 കോടിയായിരുന്നു.
അതേസമയം, ഓഹരി ഒന്നിന് നാലുരൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതവും ആസ്റ്റര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2026-27 സാമ്പത്തിക വര്‍ഷത്തോടെ 1,700 കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്ന് കമ്പനി അറിയിച്ചു.
നിലവില്‍ ഇന്ത്യയില്‍ 5 സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലായി 19 ആശുപത്രികളാണ് ആസ്റ്ററിനുള്ളത്. മൊത്തം കിടക്കകള്‍ 4,994. കേരളത്തില്‍ 6 ആശുപത്രികളിലായി 2,501 കിടക്കകളുണ്ട്. ആന്ധ്രാപ്രദേശില്‍ 6 ആശുപത്രികളും 889 കിടക്കകളും. കര്‍ണാടകയില്‍ 4 ആശുപത്രികളിലായി 1,192 കിടക്കകളും തെലങ്കാനയില്‍ ഒരു ആശുപത്രിയിലായി 158 കിടക്കകളുമുണ്ട്.
മഹാരാഷ്ട്രയിലുള്ളതും ഒരു ആശുപത്രിയും കിടക്കകള്‍ 254 എണ്ണവുമാണ്.
2026-27ഓടെ 1,700ഓളം കിടക്കകള്‍ അധികമായി ചേര്‍ത്ത് മൊത്തം 6,796ലേക്ക് ഉയര്‍ത്താനുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ആസ്റ്റര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
Read more
ഇന്ത്യയില്‍ 200ലേറെ ഫാര്‍മസികളും 10ലേറെ ക്ലിനിക്കുകളും ആസ്റ്ററിനുണ്ട്. 43,000 രൂപയാണ് നിലവില്‍ ഓരോ ബെഡ്ഡില്‍ നിന്നും ആസ്റ്ററിന് ലഭിക്കുന്ന ശരാശരി വരുമാനം . കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തില്‍ ഇത് 38,700 രൂപയായിരുന്നു.