വാഹന മാമാങ്കത്തിന് അരങ്ങ് ഉണരുന്നു; നിര്‍മ്മാതാക്കള്‍ വിട്ടു നില്‍ക്കുന്നതെന്തുകൊണ്ട്?

ഇനി വാഹനപ്രേമികളുടെ എല്ലാം ശ്രദ്ധ ഓട്ടോ എക്‌സ്‌പോ കാഴ്ചകളിലേക്കാവും. എണ്ണിയാല്‍ ഒടുങ്ങാത്ത ലോഞ്ചുകള്‍, തിങ്ങി നിറയുന്ന ജനക്കൂട്ടം, പുത്തന്‍ അവതാരങ്ങളുമായി മുഖാമുഖം മത്സരിക്കുന്ന നിര്‍മ്മാതാക്കള്‍ അതാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ “ഓട്ടോ എക്‌സ്‌പോ”. ഗ്രേറ്റര്‍ നോയ്ഡയിലുള്ള ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടാണ് 2018 ഫെബ്രുവരി ഒന്‍പതു മുതല്‍ 14 വരെ നീളുന്ന ഓട്ടോ എസ്‌പോയ്ക്ക് വേദിയാവുക.

മാരുതി സുസുക്കി, ടാറ്റാ, ബെന്‍സ്, മഹേന്ദ്ര, ഹോണ്ട്, റെനോള്‍ട്ട്, ഹ്യൂണ്ടായ്, ടൊയാറ്റോ, ഹീറോ തുടങ്ങിയ മുന്‍നിര വാഹനങ്ങള്‍ അണിനിരക്കുമ്പോള്‍ ഫിയറ്റ്, ഫോക്‌സ് വാഗന്‍, ഫോര്‍ഡ്, വോള്‍വോ, നിസാന്‍, ബജാജ്, ഹാര്‍ലി ഡേവിഡ്‌സണ്‍, റോയല്‍ എന്‍ഫീല്‍ഡ് എന്നി കന്പനികള്‍ പങ്കെടുക്കുന്നില്ല എന്നത് വാഹനപ്രേമികള്‍ക്ക് നിരാശയാണ് സമ്മാനിക്കുക. മുടക്കുന്ന പണത്തിനൊത്ത മൂല്യം ലഭിക്കുന്നില്ലെന്ന വിലയിരുത്തലും പങ്കാളിത്തം കൊണ്ടു കാര്യമായ പ്രയോജനമില്ലെന്ന തിരിച്ചറിവുമാണു വാഹന നിര്‍മാതാക്കളെ ഓട്ടോ എക്‌സ്‌പോയില്‍ നിന്ന് അകറ്റുന്നതെന്നാണു സൂചന.

മൊത്തം 1.85 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയാലണ് ഓട്ടോ എക്‌സ്‌പോ അരങ്ങേറുക; 14 പ്രദര്‍ശന ഹാളുകളിലായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളുടെയെല്ലാം സാന്നിധ്യം പ്രതീക്ഷിക്കാം. പുത്തന്‍ മോഡല്‍ അവതരണങ്ങള്‍ക്കൊപ്പം ഭാവി മോഡല്‍ മാതൃകകളുടെ പ്രദര്‍ശനവും ഓട്ടോ എക്‌സ്‌പോയുടെ സവിശേഷതയാവും. കൂടാതെ വിന്റേജ് കാറുകളും സൂപ്പര്‍ കാറുകളുമൊക്കെ പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക വിഭാഗവുമുണ്ടാകും. സന്ദര്‍ശകര്‍ക്കായി ഇന്നൊവേഷന്‍ സോണ്‍, ഡസ്റ്റിനേഷന്‍ സോണ്‍, സ്മാര്‍ട് മൊബിലിറ്റി സോണ്‍, കോംപറ്റീഷന്‍ സോണ്‍ തുടങ്ങിയ പ്രത്യേക മേഖലകളും ഇത്തവണ സജ്ജീകരിക്കുന്നുണ്ട്.

ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളുടെ പുത്തന്‍ ആശയങ്ങള്‍ക്ക് വേദിയായി പുതുതലമുറ മോഡലുകളെ സ്വീകരിക്കാന്‍ അവസാനഘട്ട ഒരുക്കത്തിലാണ് ഡല്‍ഹി. പുതുപുതു മോഡലുകളെ അവതരിപ്പിച്ച് വിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള പണിപ്പുരയിലാണ് വാഹന നിര്‍മ്മാതാക്കള്‍. ചില പ്രമുഖ കമ്പനികള്‍ വിട്ടു നില്‍ക്കുന്നു എന്ന അഭംഗി ഒഴിച്ചാല്‍ വാഹനപ്രേമികള്‍ക്ക് നല്ലൊരു വിരുന്നാകും 2018 ഓട്ടോ എക്‌സ്‌പോ.