2017 ല്‍ ഇന്ത്യന്‍ വിപണി കണ്ട മികച്ച കാറുകള്‍

ഈ വര്‍ഷം നിരവധി പുതിയ മോഡല്‍ വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു വന്നത്. ചില കാറുകള്‍ വിലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ചിലത് കാര്‍ സങ്കല്പങ്ങളുടെ മുഖവര തന്നെ മാറ്റിക്കുറിച്ചു. ഇന്ധനക്ഷമത, വില, പ്രകടനം, ഡിസൈന്‍ തുടങ്ങിയ ഘടകളാണ് മുഖ്യമായും വാഹനത്തിന്റെ തലവര കുറിക്കുന്നത്. ഈ വര്‍ഷം ശ്രദ്ധേയമായ ചില കാറുകള്‍.

ജീപ്പ് കോംപസ്
ഈ വര്‍ഷം വിപണിയെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയ വാഹനമാണ് ജീപ്പ് കോംപസ്. വിലയില്‍ തന്നെ വിപ്ലവം സൃഷ്ടിച്ചാണ് ജീപ്പ് കോംപസ് വിപണിയിലെത്തിയത്. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച എസ്യുവികളില്‍ ഒന്നാണ് ജീപ്പ് കോംപസ്. അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ ഐക്കോണിക് 7 സ്ലാറ്റ് ഗ്രില്ലാണ് കോമ്പസിന്റെ മുഖമുദ്ര. ജീപ്പ് കോംപസ് നല്‍കുന്ന പ്രൗഢിയും സുരക്ഷിതത്വവുമാണ് ഉപഭോക്താക്കളെ ഏറെയും കോംപസിലേക്ക് അടുപ്പിക്കുന്നത്. 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് ജീപ് കോമ്പസിന്റെ വരവ്. 171 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുമ്പോള്‍, 160 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് പെട്രോള്‍ എഞ്ചിന്‍ നല്‍കുന്നത്.

മാരുതി സുസുക്കി ഡിസൈര്‍
മാരുതിയുടെ പുതുതലമുറക്കാരനായാണ് പുതിയ ഡിസൈര്‍. സ്വിഫ്റ്റ് ബാഡ്ജിംഗില്ലാതെ സ്വതന്ത്രമായാണ് ഡിസൈര്‍ വിപണിയില്‍ അവതരിച്ചതെന്നതും ശ്രദ്ധേയം. ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമതയേറിയ കാറെന്ന വിശേഷണവും പുതുതലമുറ ഡിസൈര്‍ കൈയ്യടക്കിയിട്ടുണ്ട്. 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എഞ്ചിനുകളിലാണ് മാരുതി ഡിസൈറുകളുടെ വരവ്.

ടാറ്റാ നെക്‌സോണ്‍
ടാറ്റയുടെ ഏറ്റവും മികച്ച കാറുകളിലൊന്നായാണ് തുടക്കം മുതലേ നെക്‌സോണ്‍ അറിയപ്പെടുന്നത്. മത്സരം മുറുകിയ എസ് യുവി രംഗത്തേക്ക് നെക്‌സോണിന്റെ വരവ് വിപണിയെ ആദ്യം അത്ര രസിപ്പിച്ചില്ല. എന്നാല്‍ മാരുതി വിറ്റാര ബ്രെസ്സയെ എതിരിടാന്‍ നെക്സോണ്‍ പ്രാപ്തമാണെന്ന് ടാറ്റ പിന്നാലെ തെളിയിച്ചു. സൗകര്യങ്ങളിലും സംവിധാനങ്ങളിലും ഒട്ടും പിന്നിലല്ലാത്ത നെക്സോണ്‍ വിപണിയില്‍ ഇപ്പോഴും കത്തി നില്‍ക്കുകയാണ്. പുതിയ 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളില്‍ നെക്സോണ്‍ എസ്യുവിയെ ടാറ്റ അണിനിരത്തിയിരിക്കുന്നു.

ഹ്യൂണ്ടായി വേര്‍ണ
ഒരു കാലത്തുണ്ടായിരുന്ന പ്രതാപം വീണ്ടെടുക്കാന്‍ പഴയ വേഷ ഉരിഞ്ഞുമാറ്റി പുതിയ വേഷ പകര്‍ച്ചയില്‍ വേര്‍ണയുടെ തിരിച്ചു വരവിന് 2017 വേദിയായി. വരവ് വിപിയില്‍ കെങ്കേമമാവുകയും ചെയ്തു. ഇന്ത്യന്‍ കാര്‍ ഓഫ് ഇയര്‍ പുരസ്‌കാരം കരസ്ഥമാക്കിയ ഹ്യുണ്ടായി വേര്‍ണ ശ്രേണിയില്‍ കളം വീണ്ടെടുത്തിയിരിക്കുകയാണ്. എലാന്‍ട്രയ്ക്ക് സമാനമായ കെ2 അടിത്തറയിലാണ് പുതുതലമുറ വേര്‍ണ എത്തുന്നത്. അത്യാധുനിക ഡിസൈന്‍ ഭാഷയും ആധുനിക സാങ്കേതികതയുമാണ് ഹ്യുണ്ടായി വേര്‍ണയുടെ ഹൈലൈറ്റ്. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിി്‌ലുകളിലാണ് പുതിയ വേര്‍ണ ഇറങ്ങിയിരിക്കുന്നത്.

റെനോ ക്യാപ്ച്ചര്‍
ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹെക്സ എന്നിവരെ വെല്ലുവിളിച്ചാണ് പുതിയ പുതിയ പ്രീമിയം ക്രോസ്ഓവര്‍ എസ്യുവി ക്യാപ്ച്ചറിനെ ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ വിപണിയിലിറക്കിയത്.
സമകാലിക യൂറോപ്യന്‍ ഡിസൈന്‍ ഭാഷയാണ് റെനോ ക്യാപ്ച്ചറിന്റെ പ്രധാന ആകര്‍ഷണം. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് റെനോ ക്യാപ്ച്ചര്‍ അണിനിരക്കുന്നത്.

ടാറ്റാ ഹെക്‌സാ
നെക്‌സോണിനും മുമ്പേ ഈ വര്‍ഷം ശ്രദ്ധ നേടിയ എസ് യുവിയാണ് ഹെക്‌സ. വീതി കൂടിയ ഗ്രില്‍, ക്യാരക്ടര്‍ ലൈനോട് കൂടിയ ബോണറ്റ്, ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഹെക്സയുടെ ഡിസൈന്‍ വിശേഷങ്ങള്‍. രണ്ട് ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങളിലാണ് ഹെക്സ വിപണിയില്‍ എത്തുന്നത്.