Connect with us

AUTOMOBILE

ഇടക്കാല ആശ്വാസം, ക്രാഷ് ഗാര്‍ഡ് നിരോധനത്തിന് സ്‌റ്റേ

, 4:14 pm

കാറുകളിലും ബൈക്കുകളിലും കമ്പനി ഡിസൈന്‍ ചെയ്തത് അല്ലാത്ത തരത്തിലുള്ള ക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ. ഡല്‍ഹി ഹൈക്കോടതിയുടേതാണ് സ്‌റ്റേ. ഏപ്രില്‍ 18 വരെ ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോട് ജസ്റ്റിസുമാരായ ഗീതാ മിത്തല്‍, സി ഹരി ശങ്കര്‍ അധ്യക്ഷരായ ബെഞ്ച് ആവശ്യപ്പെട്ടു. ക്രാഷ് ഗാര്‍ഡുകളുടെയും ബുള്‍ ബാറുകളുടെയും നിര്‍മ്മാതാവായ മുഹമ്മദ് ആരിഫ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രാഷ് ഗാര്‍ഡ് നിരോധനം ദില്ലി ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്.

വാഹനങ്ങളുടെയും ആളുകളുടെയും സുരക്ഷ കണക്കാക്കി ഇറക്കിയ നിര്‍ദ്ദേശങ്ങളുടെ ചുവട് പിടിച്ചാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനങ്ങള്‍ ക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. എന്തു അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ ക്രാഷ് ഗാര്‍ഡുകള്‍ നിരോധിക്കാന്‍ മന്ത്രാലയം അറിയിപ്പു നല്‍കിയതെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു. മോട്ടോര്‍ വാഹന നിയമം കൃത്യമായി വിലയിരുത്താതെയാണ് മന്ത്രാലയം അറിയിപ്പു പുറപ്പെടുവിച്ചതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 18 നാണ് ഹര്‍ജിയില്‍ അടുത്ത വാദം. ഏപ്രില്‍ 18 ന് അടുത്ത വാദം കേള്‍ക്കുന്നതു വരെ ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ചതിന് പിഴ ഈടാക്കരുതെന്നും കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹന നിയമം 1988 സെക്ഷന്‍ 52 പ്രകാരം ബുള്‍ബാറുകളും ക്രാഷ് ഗാര്‍ഡുകളും ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനുമായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. ഇതുസംബന്ധിച്ചു സംസ്ഥാന ഗതാഗത കമ്മീഷണര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചിരുന്നു.