ജിഎസ്ടി പ്രാബല്യത്തില്‍; ഇന്നുമുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വന്‍ വിലക്കുറവ്

വാഹനങ്ങള്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജി എസ് ടി വരുന്നതോടെ നല്ല കാലം തെളിയും. കാറുകള്‍ക്കും ബൈക്കുകള്‍ക്കും വിലകുറയും.

മിക്ക കമ്പനികളും പുതിയ റേറ്റുകള്‍ ശനിയാഴ്ച തന്നെ പ്രഖ്യാപിക്കും. ജിഎസ്ടി വരുന്നതോടെ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളിലും മറ്റും മാറ്റങ്ങള്‍ വരുത്തണം എന്നതിനാല്‍ ചില കമ്പനികള്‍ തിങ്കളാഴ്ച മുതലായിരിക്കും മാറിയ വിലകള്‍ പ്രഖ്യാപിക്കുക. വിലയില്‍ മാത്രമല്ല, നിര്‍മ്മാണമേഖലയിലും വിതരണമേഖലയിലുമെല്ലാം ഇതിന്റെ സ്വാധീനം പ്രതിഫലിക്കും.

സോഫ്റ്റ്‌വെയര്‍ മാറ്റം വേണ്ടതിനാല്‍ ഇന്നും നാളെയും ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ ബില്‍ ചെയ്യില്ല. എന്നാല്‍ ബുക്കിംഗ് നടത്താം.

എസ് യു വി ,സെഡാന്‍ വാഹനങ്ങള്‍ മാത്രമല്ല ചെറിയ കാറുകള്‍ക്കും ഇതോടെ വിലക്കുറവുണ്ടാകും. മെഴ്‌സിഡസ് GLS350 എസ് യു വിയ്ക്ക് മൂന്നുലക്ഷം രൂപ കുറയും. ഹ്യുണ്ടായി പോപ്പുലര്‍ ക്രീറ്റയുടെ വില 40,000-60,000 കുറയും. ചെറിയ കാറായ ഗ്രാന്‍ഡ് i10 ന് 3000-14,000 രൂപ വിലക്കുറവുണ്ടാവും. ഡീസല്‍ വാരിയന്റുകള്‍ക്ക് മുംബൈയില്‍ ഭീമമായ വിലക്കുറവു പ്രതീക്ഷിക്കാം.

ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ എസ് യു വിയുടെ വില 2.1 ലക്ഷം കുറയും. ഇന്നോവ മള്‍ട്ടിപര്‍പ്പസിനാവട്ടെ 90,000 രൂപയാണ് കുറയുക.

ഹീറോ മോട്ടോര്‍ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും അഞ്ചു ശതമാനം വില കുറയും. ഹോണ്ടയും സ്‌കൂട്ടര്‍ ഇന്ത്യയും വില കുറയ്ക്കുന്നുണ്ട്. ആക്ടീവയുടെ വില ഏകദേശം 3400 രൂപ കുറയും.

റോയല്‍ എന്‍ഫീല്‍ഡ്, ട്രയംഫ്, ഹാര്‍ലി ഡേവിഡ്‌സണ്‍, ഡ്യുകാറ്റി മുതലായ കമ്പനികളുടെ 350ccയ്ക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് വില കൂടും.