കാറുകളിലും ബൈക്കുകളിലും ക്രാഷ്‌ ഗാര്‍ഡുകള്‍ക്ക് നിരോധനം വരുന്നു

കാറുകളിലും ബൈക്കുകളിലും കമ്പനി ഡിസൈന്‍ ചെയ്തത് അല്ലാത്ത തരത്തിലുള്ള ക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനം വരുന്നു. ഉപരിതല ഗതാഗത മന്ത്രാലയം വാഹനങ്ങളുടെയും ആളുകളുടെയും സുരക്ഷ കണക്കാക്കി ഇറക്കിയ നിര്‍ദ്ദേശങ്ങളുടെ ചുവട് പിടിച്ചാണ് ക്രാഷ് ഗാര്‍ഡുകള്‍ നിരോധിക്കുന്നത്. കമ്പനി നല്‍കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്കോ പാര്‍ട്ട്സുകള്‍ക്കോ യാതൊരു നിയന്ത്രണങ്ങളുമില്ല.

ബുള്ളറ്റുകളിലും മറ്റും കമ്പനിയുടെ ഡിസൈനില്‍ അല്ലാത്ത ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ക്രാഷ് ഗാര്‍ഡുകളാണ് നിയമം മൂലം നിരോധിക്കുന്നത്. വാഹനത്തില്‍നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ മനുഷ്യ ജീവന് പോലും ഹാനിയുണ്ടാക്കിയിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

കാറുകളുടെയും മറ്റും മുന്നില്‍ ഇത്തരം ക്രാഷ് ഗാര്‍ഡുകള്‍ വെയ്ക്കാറുണ്ട്. എക്‌സ്ട്രാ ലൈറ്റുകള്‍ പിടിപ്പിക്കുന്നതിനും മറ്റും ഇവ ഉപയോഗിക്കുന്നുണ്ട്. ഇതിനാണ് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്.

അതേസമയം, ക്രാഷ് ഗാര്‍ഡ് എന്തു തരത്തിലുള്ള സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് വിശദീകരിക്കാന്‍ സൗത്ത്‌ലൈവ് ബന്ധപ്പെട്ട ആര്‍ടിഒയ്ക്ക് കഴിഞ്ഞില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും ഇത്തരത്തില്‍ ക്രാഷ് ഗാര്‍ഡുകള്‍ നീണ്ടു നില്‍ക്കുന്നത് വഴി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന വിശദീകരണം മാത്രമാണ് അദ്ദേഹത്തിന് നല്‍കാന്‍ സാധിച്ചത്.

Read more

മോഡിഫൈഡ് വാഹനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്രാഷ് ഗാര്‍ഡ് നിരോധനവും നിലവില്‍ വരുന്നത്. നിലവില്‍ ബുള്ളറ്റുകളുടെയും മറ്റും സൈലന്‍സറും എക്‌സ്ട്രാ പിടിപ്പിച്ചിരിക്കുന്ന പാര്‍ട്ട്‌സുകളും പലപ്പോഴും ആര്‍ടിഒമാര്‍ ഊരിമാറ്റി നശിപ്പിച്ച് കളയാറുണ്ട്. ഇത്തരം പരിശോധനകളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം ബെന്‍സ് രൂപത്തില്‍ ഘടനാമാറ്റം വരുത്തിയ ബലേനോ കാര്‍ പിടിച്ചെടുത്തതും പൊളിച്ചുമാറ്റി പഴയ രൂപത്തിലാക്കിയതും.