Connect with us

AUTOMOBILE

സ്‌പോര്‍ട്ടി പരിവേഷത്തോടെ ഹോണ്ടയുടെ പുതിയ അവതാരം വിപണിയില്‍

, 10:15 pm

കാത്തിരിപ്പിന് വാരമമിട്ട് ഹോണ്ടയുടെ പുതിയ അവതാരം ഹോണ്ട എക്സ്-ബ്ലേഡ് ഇന്ത്യയില്‍ പുറത്തിറങ്ങി. ഹോണ്ട നിരയില്‍ നിന്നുള്ള സ്പോര്‍ടി സ്റ്റൈലിഷ് കമ്മ്യൂട്ടര്‍ ബൈക്കാണ് എക്സ്-ബ്ലേഡ്. ഓട്ടോ എക്സ്പോയില്‍ തികച്ചും അപ്രതീക്ഷിതമായി ഹോണ്ട അവതരിപ്പിച്ച മോഡലായിരുന്നു ഇത്. 78,500 രൂപയാണ് പുതിയ ഹോണ്ട എക്സ്-ബ്ലേഡിന്റെ എക്സ്ഷോറൂം വില.

പേരു സൂചിപ്പിക്കുന്നത് പോലെ റേസര്‍ ഷാര്‍പ്പ് ഡിസൈനാണ് എക്സ്-ബ്ലേഡിന്. ആകപ്പാടെയുള്ള അഗ്രസീവ് മുഖഭാവത്തോട് ചേര്‍ന്നു നില്‍ക്കാന്‍ മൂര്‍ച്ചയേറിയ ഹെഡ്ലാമ്പിന് സാധിക്കുന്നുണ്ട്. ശ്രേണിയിലെ ആദ്യ എല്‍ഇഡി ഹെഡ്ലാമ്പിന് ഉടമയാണ് എക്സ്-ബ്ലേഡ്. ഇതേ എല്‍ഇഡി ഹെഡ്ലാമ്പിന്റെ പശ്ചാത്തലത്തില്‍ ഒരു റോബ്ബോട്ടിക് മുഖഭാവം ബൈക്കിന് തോന്നാം. മൂര്‍ച്ചയേറിയ എല്‍ഇഡി ടെയില്‍ ലൈറ്റ്, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഹസാര്‍ഡ് ലൈറ്റ് സ്വിച്ച്, ചെത്തി ഒരുക്കിയ ഫ്യൂവല്‍ ടാങ്ക് എന്നിവ എക്സ്-ബ്ലേഡിന്റെ മറ്റു വിശേഷങ്ങളാണ്. അഞ്ചു നിറങ്ങളിലാണ് ഹോണ്ട എക്സ്-ബ്ലേഡ് ഒരുങ്ങുന്നത്.

162.71 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് എക്സ്-ബ്ലേഡിന്റെ വരവ്. ഈ എഞ്ചിന് 8,500 ആര്‍പിഎമ്മില്‍ ല്‍ 13.93 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ ല്‍ 13.9 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കില്‍. കൃത്യതയേറിയ ഗിയര്‍ ഷിഫ്റ്റിന് വേണ്ടി ലിങ്ക് ടൈപ് ഗിയര്‍ ഷിഫ്റ്ററാണ് എക്സ്-ബ്ലേഡിലുള്ളത്. രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ എക്സ്-ബ്ലേഡിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. അയ്യായിരം രൂപയാണ് ഹോണ്ട എക്സ്-ബ്ലേഡിന്റെ ബുക്കിംഗ് തുക.