സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൈപൊള്ളും

ഇന്ത്യയില്‍ പുതിയ കാറുകള്‍ക്ക് ഉള്ളതു പോലെ തന്നെ വിപണി സാധ്യതയുള്ളതാണ് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക്. ഒഎല്‍എക്‌സ് പോലുള്ള വെബ്‌സൈറ്റുകളുടെ വരവോടെ യുസ്ഡ് കാര്‍ വിപണി കൂടുതല്‍ സജീവമായിട്ടുണ്ട്. വ്യക്തികള്‍ മാത്രമല്ല സെക്കന്‍ഡ് കാര്‍ വിപണിയുടെ സാധ്യത തേടി എത്തിയിരിക്കുന്നത്. മാരുതിയും മഹീന്ദ്രയുമൊക്കെ ഈ വിപണിയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള കമ്പനികളാണ്. ഇവര്‍ക്ക് ഇന്ത്യയിലാകെ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ നെറ്റുവര്‍ക്കുണ്ട്. മാരുതി ട്രൂവാല്യുവില്‍നിന്നും മറ്റും വാഹനങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ വിശ്വാസ്യതയുണ്ട്. എന്നാല്‍, എല്ലാവരും സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് ആശ്രയിക്കുന്നത് ഇത്തരം ഓര്‍ഗണൈസ്ഡ് സെക്ടറിലുള്ള കമ്പനികളെയല്ല. ഒഎല്‍എക്‌സിനെ ആശ്രയിക്കുന്നവരുണ്ട്, പത്രപരസ്യങ്ങളെ ആശ്രയിക്കുന്നവരുണ്ട്, ബ്രോക്കര്‍മാരെ ആശ്രയിക്കുന്നവരുണ്ട്. വ്യക്തികളും വ്യക്തികളും തമ്മിലുള്ള വാഹന വ്യാപാരം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത്തരത്തില്‍ മനസ്സില്‍ കരുതേണ്ട ചില കാര്യങ്ങളാണ് ചുവടെ.

* എഞ്ചിന്‍ മികവ്

പഴയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് അവയുടെ എഞ്ചിനാണ്. കാര്‍ വാങ്ങുന്നതിന് മുമ്പ് ഒരു മെക്കാനിക്കിനെ വിളിച്ച് കാര്‍ പരിശോധിക്കുന്നത് നല്ലതാണ്. ഓഡോമീറ്ററിലെ കിലോമീറ്റര്‍ കണക്ക് എപ്പോഴും സത്യമാകണമെന്നില്ല. മെക്കാനിക്കിനെ കൊണ്ട് വാഹനം ഓടിച്ച് നോക്കുന്നതും, എഞ്ചിന്‍ മികവ്, ഗിയര്‍ബോക്‌സ്, സസ്‌പെന്‍ഷന്‍ എന്നിവ സംബന്ധിച്ച് മെക്കാനിക്കിന്റെ അഭിപ്രായം തേടുന്നതും നല്ലതായിരിക്കും.

* ഉടമസ്ഥാവകാശ രേഖകളുടെ പരിശോധന

കാറിന്റെ ഉടമസ്ഥാവകാശ രേഖകള്‍ നോക്കി ഉറപ്പു വരുത്തണം. റെജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് രേഖകള്‍, നികുതി തുടങ്ങി കാറുമായി ബന്ധപ്പെട്ട രേഖകള്‍ വിശധമായി പരിശോധിക്കുക. ഒന്നിലധികം ഉടമകളുടെ കൈമാറി വന്ന വാഹനത്തിന് മൂല്യം കുറയും. വാഹനം സ്വീകരിക്കുന്നതിനോടൊപ്പം അസല്‍ രേഖകളും കൈപ്പറ്റണം.

* ടെസ്റ്റ് ഡ്രൈവിംഗ് നടത്തുക

കാര്‍ കണ്ട് ഇഷ്ടപ്പെട്ടാല്‍ ഒന്ന് ഓടിച്ച് നോക്കുന്നത് ഉചിതമാണ്. എഞ്ചിന്‍ ശബ്ദം, സസ്പെന്‍ഷന്‍ മികവ്, ബ്രേക്കിംഗ്, ഗിയറുകള്‍, സ്റ്റീയറിംഗ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ എല്ലാം ഡ്രൈവിംഗില്‍ വിലയിരുത്തുക. ഇതിനായി ഒരു മെക്കാനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്.

* പുറമേ കണ്ടുള്ള വിലയിരുത്തല്‍

വാഹനം കാഴ്ചയില്‍ ഭംഗിയുള്ളതാണെങ്കില്‍ നല്ലതാണെന്ന ചിന്ത ഉപേക്ഷിക്കുക. ഇതിന് സൂക്ഷമായ പരിശോധന ആവശ്യമാണ്. ചിലപ്പോള്‍ വില്‍പനയ്ക്ക് വേണ്ടി മാത്രം കഴുകി പോളിഷ് ചെയ്താകാം കാര്‍ എത്തുക. അതിനാല്‍ എക്സ്റ്റീരിയര്‍ പെയിന്റിംഗിനെ കൃത്യമായി വിലയിരുത്തുക. ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന നിറവ്യത്യാസങ്ങള്‍ അപകടത്തില്‍പ്പെട്ടതിന്റെ സൂചനയാവാം. തുരുമ്പെടുത്ത ഭാഗങ്ങളുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഒപ്പം ഡോര്‍ ഗ്ലാസുകളും, വിന്‍ഡ് ഷീല്‍ഡുകളും പരിശോധിക്കണം. അവ നിര്‍മ്മിക്കപ്പെട്ട വര്‍ഷത്തിന്റെ അവസാന രണ്ടക്കം കോണുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതും വാഹനം നിര്‍മ്മിച്ച വര്‍ഷവും തമ്മില്‍ ഒത്തുനോക്കിയാല്‍ അവ മാറിയിട്ടുണ്ടോ എന്ന് മനസിലാക്കാം.

* വാഹനത്തിന്റെ ഇന്റീരിയര്‍

കാറിനെ കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കാന്‍ ഇന്റീരിയറിനും സാധിക്കും. അപ്ഹോള്‍സ്റ്ററി, ഡാഷ്ബോര്‍ഡ് എന്നിവയുടെ അവസ്ഥ വിലയിരുത്തുക. ആക്സിലറേറ്റര്‍, ക്ലച്ച്, ബ്രേക്ക് എന്നിവയുടെ അമിത തേയ്മാനം കാര്‍ ഏറെക്കാലം ഉപയോഗിച്ചെന്നതിന്റെ തെളിവാണ്. ഇവയ്ക്കു പുറമേ, ടയറുകള്‍, സ്പെയര്‍ വീലുകള്‍ എന്നിവയും പരിശോധിക്കണം.  ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍, മറ്റ് ഇലക്ട്രിക് സംവിധാനങ്ങളുടെ പ്രവര്‍ത്തനവും പ്രത്യേകം പരിശോധിക്കണം.

കാര്‍ കൃത്യമായി പരിശോധിക്കുന്നത് കാറിന്റെ മൂല്യം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. ഉടമസ്ഥന്‍ ആവശ്യപ്പെടുന്ന തുകയ്ക്ക് ഒത്ത മൂല്യം കാറിനുണ്ടോ എന്ന് ആദ്യം നിശ്ചയിച്ച് ഉറപ്പ് വരുത്തുക. ഇനി അവിശ്വസനീയമായ വിലക്കിഴിവാണ് കാറില്‍ ലഭിക്കുകയെങ്കില്‍ കാര്യങ്ങള്‍ ഒന്ന് കൂടി പരിശോധിച്ച് ഉറപ്പ് വരുത്തുക. വമ്പന്‍ ഓഫറുകള്‍ക്ക് പിന്നില്‍ വലിയ ചതിക്കുഴികള്‍ ഉണ്ടാകാം.