ലൈസന്‍ലസിനായി സ്വന്തം വിമാനം നിര്‍മ്മിച്ചു, എന്നിട്ട് പേരിട്ടു 'നരേന്ദ്ര മോഡി'

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതുപോലെ അത്ര എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല ഫ്‌ളൈയിംഗ് ലൈസന്‍സ്. ചിട്ടയായ പരിശീലനങ്ങള്‍ക്കു ശേഷം കര്‍ശനമായ നിബന്ധനങ്ങളോടെയാണ് അത് നേടാനാവുക. എന്നാല്‍, സ്വന്തമായി വിമാനം കിട്ടിയിട്ട് പറക്കാന്‍ പഠിച്ചാലോ? ഈ ചിന്തയാണ് മുംബൈ സ്വദേശി അമോല്‍ യാദവിനെ വിമാനം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്.

കേള്‍ക്കുന്നവര്‍ക്ക് ഇത് രസകരമായി തോന്നിയേക്കാം. എന്നാല്‍, ആറ് വര്‍ഷം നീണ്ട കഠിന പ്രയത്നത്തിലുടെ വിമാനം നിര്‍മ്മിച്ച് ഒടുവില്‍ ഫ്ളൈയിംഗ് ലൈസന്‍സും നേടിയിരിക്കുകയാണ് ഇയാള്‍. മുംബൈ കണ്ഡിവാലിയിലുള്ള സ്വന്തം വീടിന്റെ മേല്‍ക്കൂരയിലാണ് യാദവ് വിമാനം നിര്‍മ്മിച്ചത്. നാല് കോടി രൂപ മുതല്‍ മുടക്കിലാണ് വിമാനത്തന്റെ നിര്‍മ്മാണം.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നല്‍കിയ പിന്തുണയാണ് അമോല്‍ യാദവിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയത്. അമോല്‍ യാദവിന്റെ വിഷയത്തില്‍ ദേവേന്ദ്ര ഫ്ടനാവിസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അനുസ്മരിച്ച് യാദവ് സ്വന്തം വിമാനത്തിന് വിക്ടര്‍ ടാങ്കോ നരേന്ദ്രമോദി ദേവേന്ദ്ര (VT-NMD) എന്നാണ് പേര് നല്കിയിരിക്കുന്നത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് തന്നെയാണ് അമോല്‍ യാദവിന് നല്‍കിയത്.

Read more

13,000 അടി വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന സിക്സ്-സീറ്റര്‍ വിമാനമാണ് ഇത്. മണിക്കൂറില്‍ 342 കിലോമീറ്റര്‍ വേഗതയില്‍ വരെ പറക്കാന്‍ വിമാനത്തിന് സാധിക്കും. 2,000 കിലോമീറ്ററാണ് വിമാനത്തിന്റെ ദൂരപരിധി. ഈ ഒരു വിമാനം കൊണ്ട് തൃപ്തിപ്പെടാന്‍ യാദവ് ഒരുക്കമല്ല. 20 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാവുന്ന മറ്റൊരു വിമാനത്തിന്റെ പണിപ്പുരയിലാണ് അമോല്‍ യാദവ്.