വാഹനം സ്റ്റാര്‍ട്ടാവുന്നില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുക

പലപ്പോഴും ഉപയോഗിച്ച് നിര്‍ത്തിയ വാഹനം വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്റ്റാര്‍ട്ടാവാതിരിക്കുന്നത് പലരും അഭിമുഖീകരിച്ചിട്ടുള്ള പ്രശ്‌നമാണ്. സഞ്ചരിച്ച് കൊണ്ടിരുന്ന വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ പലതാകാം. ചില കാരണങ്ങള്‍ ഇതാ.

ഫ്യൂവല്‍ പമ്പിലെ അസംസ്‌കൃത മാലിന്യങ്ങള്‍

ഇന്ധനം ഇല്ലാത്തതാണ് വാഹനംപ്രവര്‍ത്തിക്കാതിരിക്കാനുള്ള ഒരു പ്രധാന കാരണം. കുറഞ്ഞ ഇന്ധനമാണ് പ്രശ്‌നമെങ്കില്‍ ഇന്ധനം നിറച്ച് പ്രശ്‌നം പരിഹരിക്കാം. ടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് ഇന്ധനം എത്തിക്കുന്ന ഫ്യൂവല്‍ പമ്പില്‍ ഉടലെടുത്ത പ്രശ്‌നങ്ങളും വാഹനത്തിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും.ഫ്യുവല്‍ പമ്പ് വഴി ഇന്ധനമെത്താത്ത സാഹചര്യത്തിലും വാഹനം പ്രവര്‍ത്തിക്കില്ല. നിലവാരം കുറഞ്ഞ ഇന്ധനമാണ് ഉപയോഗിച്ച് വരുന്നതെങ്കില്‍ ഫ്യൂവല്‍ പമ്പില്‍ അസംസ്‌കൃത മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഈ സാഹചര്യത്തില്‍ വാഹനം സര്‍വ്വീസ് സെന്ററില്‍ കാണിച്ച് പ്രശ്‌നം പരിഹരിക്കുക.

ബാറ്ററിയുടെ പഴക്കം

ചാര്‍ജില്ലാത്തതും പ്രവര്‍ത്തനം നിലച്ചതുമായ ബാഎറ്ററിയാണ് വാഹനം സ്റ്റാര്‍ട്ടാകാന്‍ മടിക്കുന്നതിന്റെ പതിവ് കാരണങ്ങലൊന്ന്. ബാറ്ററിയുടെ പഴക്കംമൂലമോ ലൈറ്റ് അണയ്ക്കാന്‍ മറന്നു പോകുന്നതു വഴിയോ ബാറ്ററിയില്‍ നിന്നും ചാര്‍ജ് നഷ്ടമാകാം.പഴക്കം ചെന്ന ബാറ്ററിയാണെങ്കില്‍ അത് മാറ്റി പുതിയത് വാങ്ങുക. ബാറ്ററിയില്‍ നിന്നും ചാര്‍ജ് ഇറങ്ങിയതാണെങ്കില്‍ പുഷ് സ്റ്റാര്‍ട്ട്/ജംപ് സ്റ്റാര്‍ട്ട് ചെയ്ത് ബാറ്ററി ചാര്‍ജ്ജ് വീണ്ടെടുക്കും. ബാറ്ററി ടെര്‍മിനലില്‍ കാര്‍ബണ്‍ അടിഞ്ഞ് കൂടിയിട്ടുണ്ടെങ്കിലും കാര്‍ സ്റ്റാര്‍ട്ടാവാതിരിക്കാം. ടെര്‍മിനല്‍ ക്ലാവെടുത്ത നിലയിലാണെങ്കില്‍ അവ വൃത്തിയാക്കുക.

ഫ്യൂസുകള്‍

ബാറ്ററിയ്ക്ക് കുഴപ്പമില്ലെങ്കില്‍ ഫ്യൂസുകളാണ് അടുത്ത പടിയായി പരിശോധിക്കേണ്ടത്. ഫ്യൂസുകള്‍ തകരാറിലാവുകയാണെങ്കില്‍ കാര്‍ സ്റ്റാര്‍ട്ട് ആവുകയില്ല. അതിനാല്‍ കാര്‍ സ്റ്റാര്‍ട്ടാകാത്ത സാഹചര്യത്തില്‍ ഫ്യൂസുകള്‍ പരിശോധിക്കേണ്ടതും അനിവാര്യമാണ്.

സ്റ്റാര്‍ട്ടര്‍ മോട്ടര്‍, ആള്‍ട്ടര്‍നേറ്റര്‍ പ്രശ്നങ്ങള്‍

ആള്‍ട്ടര്‍നേറ്റര്‍ അല്ലെങ്കില്‍ സ്റ്റാര്‍ട്ടര്‍ മോട്ടറിലുണ്ടാകുന്ന പ്രശ്നങ്ങളും കാര്‍ പ്രവര്‍ത്തിക്കാതിരിക്കാനുള്ള കാരണമാണ്. ജംപ് സ്റ്റാര്‍ട്ട് ചെയ്ത കാര്‍ ഒരല്‍പം ദൂരം സഞ്ചരിക്കുമ്പോള്‍ തന്നെ ആള്‍ട്ടര്‍നേറ്റര്‍ മുഖേന ബാറ്ററി ചാര്‍ജ്ജ് ചെയ്യപ്പെടേണ്ടതാണ്. ബാറ്ററി ചാര്‍ജ്ജ് ചെയ്യപ്പെടാത്തത് ആള്‍ട്ടര്‍നേറ്ററില്‍ പ്രശ്നമുള്ളതിന്റെ സൂചനയാണ്. ഇനി ബാറ്ററി ചാര്‍ജ്ജ് ചെയ്തിട്ടും കാര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സ്റ്റാര്‍ട്ടര്‍ മോട്ടറിന്റെ തകരാറാണ് സൂചിപ്പിക്കുന്നത്.

എഞ്ചിനിലെ സ്പാര്‍ക്ക് പ്ലഗ്

പെട്രോള്‍ കാറില്‍ സ്പാര്‍ക്ക് പ്ലഗ് മുഖേനയാണ് എഞ്ചിനില്‍ ജ്വലനപ്രക്രിയ നടക്കുന്നത്. എഞ്ചിനില്‍ സിലിണ്ടറിന്റെ അടച്ച അഗ്രഭാഗത്തുള്ള വാല്‍വിലുടെ ഇന്ധനവും വായുവും കലര്‍ന്ന മിശ്രിതം സിലിണ്ടറിനും പിസ്റ്റണിനും ഇടയിലുള്ള ഭാഗത്തേക്ക് എത്തുന്നു. സ്പാര്‍ക്ക് പ്ലഗാണ് ഈ മിശ്രിതത്തെ കത്തിക്കുന്നത്. അതിനാല്‍ സ്പാര്‍ക്ക് പ്ലഗിലുണ്ടാകുന്ന തകരാര്‍ കാറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. സ്പാര്‍ക്ക് പ്ലഗുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ആക്സിലറേറ്റ് ചെയ്യുമ്പോള്‍ പൊടുന്നനെ താളം നഷ്ടപ്പെടുന്നതായി അനുഭവപ്പെടും.