എക്‌സിറ്റ് പോളിന് പിന്നാലെ വിപണിയില്‍ കാളയുടെ കുതിപ്പ്; 2430 ഓഹരികള്‍ നേട്ടത്തില്‍; സെന്‍സെക്സ് ഒറ്റയടിക്ക് ഉയര്‍ന്നത് 2,100 പോയിന്റ്; ചരിത്രനേട്ടം

എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ കരുത്തില്‍ പുതിയ ഉയരങ്ങളിലേക്ക് കുതിച്ച് ഓഹരി വിപണി. മോദി സര്‍ക്കാരിന് ഭരണ തുടര്‍ച്ച പ്രവചിച്ചുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് വിപണിയെ സ്വാധീനിച്ചിരിക്കുന്നത്. ബെഞ്ച്മാര്‍ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും മൂന്ന് ശതമാനത്തോളം ഉയര്‍ന്ന് പുതിയ റെക്കോഡ് ലെവലിലെത്തി. എല്ലാ സെക്ടറുകളിലും നിക്ഷേപകരുടെ ഉയര്‍ന്ന വാങ്ങല്‍ ദൃശ്യമാണ്. മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും പുതിയ റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് കുതിച്ചു, ഏകദേശം 4 ശതമാനം വീതം സൂചികകള്‍ ഉയര്‍ന്നു.

സെന്‍സെക്സ് 2,082.17 പോയിന്റ് അഥവാ 2.82 ശതമാനം ഉയര്‍ന്ന് 76,043.48ലും നിഫ്റ്റി 628.60 പോയിന്റ് അഥവാ 2.79 ശതമാനം ഉയര്‍ന്ന് 23,159.30 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 2430 ഓഹരികള്‍ നേട്ടത്തിലാണ്, 311 ഓഹരികള്‍ ഇടിഞ്ഞു, 99 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയില്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, അദാനി പോര്‍ട്ട്സ്, അദാനി എന്റര്‍പ്രൈസസ്, ശ്രീറാം ഫിനാന്‍സ്, എന്‍ടിപിസി എന്നിവ നിഫ്റ്റിയിലെ പ്രധാന നേട്ടത്തിലാണ്. എല്‍ടിഐ മൈന്‍ഡ്ട്രീ, ഐഷര്‍ മോട്ടോഴ്സ് എന്നിവ ഒഴികെ നിഫ്റ്റിയിലെ 48 ഓഹരികളും നേട്ടമുണ്ടാക്കി.

അദാനി ഗ്രൂപ്പ് ഓഹരികള്‍ 14 ശതമാനം വരെ കയറി. ഗ്രൂപ്പിന്റെ വിപണിമൂല്യം 20 ലക്ഷം കോടി രൂപ കവിഞ്ഞു. അദാനി എന്റര്‍പ്രൈസസ് എട്ടും അദാനി പവര്‍ 15 ശതമാനവും ഉയര്‍ന്നു.

Read more

പൊതുമേഖലാ എണ്ണ കമ്പനികള്‍ പത്തുശതമാനത്തോളം കയറി. ഗെയില്‍ എട്ടും ബെല്‍ ഒന്‍പതും പി.എഫ്.സി പത്തും എസ്.ബി.ഐ ഏഴും ശതമാനം കയറി. ഭെല്‍ ആറു ശതമാനം നേട്ടത്തിലാണ്.