ബജാജ് ഫ്രീഡം 125; സിഎന്‍ജി വാഹന വിപ്ലവത്തില്‍ നിന്നും ട്രേഡ് മാര്‍ക്ക് വിവാദത്തിലേക്ക്

ഇന്ത്യന്‍ ഇരുചക്ര നിര്‍മ്മാണ രംഗത്ത് ടെക്‌നോളജിയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞ് വാഹനങ്ങള്‍ പുറത്തിറക്കുന്ന കമ്പനിയാണ് ബജാജ് ഓട്ടോ. ഈ വര്‍ഷം ജൂലൈയില്‍ ബജാജ് ഓട്ടോ ഇന്ത്യയിലാദ്യമായി ഡ്യുവല്‍ ഫ്യുവലില്‍ (സിഎന്‍ജിയിലും പെട്രോളിലും) ബജാജ് ഫ്രീഡം 125 എന്ന വാഹനം പുറത്തിറക്കിയിരുന്നു.

സിഎന്‍ജിയും പെട്രോളും ഉപയോഗിക്കാന്‍ സാധിക്കുന്ന ഫ്രീഡം മുന്നോട്ട് വച്ച കുറഞ്ഞ ചെലവിലുള്ള ഉയര്‍ന്ന ഇന്ധന ക്ഷമത ഇന്ത്യക്കാര്‍ ഒരു പരിധി വരെ ഏറ്റെടുക്കുകും ചെയ്തിരുന്നു. ഇരുചക്ര വാഹന നിര്‍മ്മാണ രംഗത്ത് ഫ്രീഡം 125 പുത്തന്‍ ചരിത്രം രചിച്ചെങ്കിലും സിഎന്‍ജി + പെട്രോള്‍ എന്ന ആശയം ഇന്ത്യന്‍ എത്രത്തോളം വിപണി സാധ്യത സൃഷ്ടിക്കുമെന്ന സംശയത്തിലായിരുന്നു വാഹന പ്രേമികള്‍.

എന്നാല്‍ വാഹനം പുറത്തിറങ്ങി മാസങ്ങള്‍ പിന്നിടുമ്പോള്‍ ബജാജ് ഓട്ടോ ഫ്രീഡം 125ന്റെ പേരില്‍ നിയമക്കുരുക്കില്‍പ്പെട്ടിരിക്കുകയാണ്. എല്‍എംഎല്‍ ആണ് ബജാജിനെതിരെ ട്രേഡ് മാര്‍ക്കിന്റെ പേരില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തങ്ങളുടെ പഴയ വാഹനത്തിന്റെ പേരാണ് ബജാജ് അവരുടെ പുതിയ വാഹനത്തിന് നല്‍കിയിരിക്കുന്നതെന്നാണ് എല്‍എംഎല്ലിന്റെ പരാതി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്‍എംഎല്‍ പുറത്തിറക്കിയ ഫ്രീഡം, അഡ്രീന, എനര്‍ജിയൊക്കെ നൈന്റീസ് കിഡ്‌സായ വണ്ടിപ്രാന്തന്‍മാരുടെ ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ടാകും. എല്‍എംഎല്ലിന്റെ വാഹനങ്ങള്‍ക്ക് പതിയെ ജനപ്രീതി ഇല്ലാതായതോടെ വാഹനങ്ങളുടെ നിര്‍മ്മാണവും അവസാനിച്ചിരുന്നു. എന്നിരുന്നാലും എനര്‍ജിയും അഡ്രീനയുമൊക്കെ ഇന്നും വ്യത്യസ്തകളോടെ അവശേഷിക്കുന്നു.

എസ്ജി കോര്‍പ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡാണ് എല്‍എംഎല്ലിന്റെ മാതൃകമ്പനി. ഡല്‍ഹി ഹൈക്കോടതിയിലാണ് എല്‍എംഎല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എല്‍എംഎല്‍ ഫ്രീഡം പുറത്തിറക്കിയിരുന്ന കാലത്ത് വന്‍ വിജയമായിരുന്നുവെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. കൂടാതെ നിലവില്‍ ഇവി ഇരുചക്ര വാഹന നിര്‍മ്മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതായും ഫ്രീഡം എന്ന പേരില്‍ എല്‍എംഎല്‍ വീണ്ടും വാഹനം പുറത്തിറക്കാന്‍ ലക്ഷ്യം വയ്ക്കുന്നതായും എല്‍എംഎല്‍ കോടതിയെ അറിയിച്ചു.

ബജാജിന് ഇനി തങ്ങളുടെ വാഹനത്തിന്റെ പേരില്‍ മാറ്റം വരുത്തുക എന്നതാണ് മുന്നിലുള്ള ഏക മാര്‍ഗം. കമ്പനി ഇതോടകം അതിനുള്ള പദ്ധതികള്‍ ആരംഭിച്ചതായാണ് വിവരം.