ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി കെ സുരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഭീമ ജൂവലറി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ബി ഗോവിന്ദനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ കെ സുരേന്ദ്രനെ തിരഞ്ഞെടുത്തത്.
തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഡോ ബി ഗോവിന്ദനെ പുറത്താക്കിയത് അംഗീകരിച്ചതിന് പിന്നാലെ ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസര്‍ കെ സുരേന്ദ്രനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തതായി അറിയിച്ചു. സ്‌കൂള്‍ പഠനത്തിന് ശേഷം സ്വര്‍ണ്ണ വ്യാപാര മേഖലയിലേക്ക് ചുവടുവച്ച വ്യക്തിയാണ് കെ സുരേന്ദ്രന്‍.
അസോസിയേഷന്‍ അംഗമായി യൂണിറ്റ് തലം മുതല്‍ പ്രവര്‍ത്തിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കെ സുരേന്ദ്രന്‍ അസോസിയേഷന്‍ നടത്തിവരുന്ന ജുവലറി എക്‌സിബിഷന്‍ വൈസ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.
Read more
കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കേരള മിനിമം ആക്ട് ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. കേരളത്തിലെ 4700 സ്വര്‍ണ വ്യാപാരികളെ പങ്കെടുപ്പിച്ചു നടത്തിയ ഓണം സ്വര്‍ണ്ണോത്സവത്തിന്റെ മുഖ്യ സംഘാടകനായിരുന്നു കെ സുരേന്ദ്രന്‍.