ശരവേഗത്തില്‍ ശതകോടീശ്വരന്‍; ബൈജൂസിന്റെ വാഴ്ചയും വീഴ്ചയും

ലയണല്‍ മെസ്സിയും ഷാരൂഖ് ഖാനും മോഹന്‍ലാലും ബ്രാന്റ് അംബാസഡര്‍മായൊരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുതല്‍ ഫിഫ വേള്‍ഡ് കപ്പ് വരെ സ്പോണ്‍സര്‍ ചെയ്തൊരു മലയാളി. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസ് എഡ്യുക്കേഷന്‍ പഠന വിഷയമാക്കിയൊരു ബിസിനസ് ഐഡിയ. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ ചോദ്യങ്ങളില്ലാതെ കോടികള്‍ നിക്ഷേപിച്ച സംരംഭം.

അതെ, കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ യുവാക്കളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ബൈജൂസ് ഇന്ന് ഓഫീസ് ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകുന്നില്ല. 22 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന കമ്പനി ഇന്ന് 3 ബില്ല്യണ്‍ ഡോളറിലേക്ക് കൂപ്പുകുത്തി. അതായത് 85 ശതമാനത്തോളം തകര്‍ച്ച.

എവിടെയാണ് ബൈജൂസിന് പിഴച്ചത്? എന്തായിരുന്നു ബൈജൂസിന്റെ തകര്‍ച്ചയ്ക്ക് കാരണം? ബൈജൂസ് നിക്ഷേപകരെയും ഉപഭോക്താക്കളെയും വഞ്ചിച്ചിരുന്നോ? നിക്ഷേപകരുടെ കണ്ണിലെ താരത്തിന്റെ പ്രകാശം നഷ്ടപ്പെട്ടത് എങ്ങനെയാണ്?

അന്ത്യത്തിലേക്കടുക്കുന്ന എഡ്ടെക് കമ്പനിയെ കുറിച്ച് പറയുന്നതിന് മുന്‍പ് ആരംഭത്തെ കുറിച്ച് പറയേണ്ടതുണ്ട്.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് 1980ല്‍ രവീന്ദ്രന്‍ ശോഭനവല്ലി ദമ്പതിമാരുടെ മകനായി ജനനം. പിതാവ് രവീന്ദ്രന്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഫിസിക്സ് അദ്ധ്യാപകന്‍. മാതാവ് ശോഭനവല്ലി അതേ സ്‌കൂളിലെ ഗണിതാദ്ധ്യാപിക. കുഞ്ഞ് ബൈജു ചെറുപ്പം മുതലേ പഠനത്തിലും സ്പോര്‍ട്സിലും മുന്‍പന്തിയിലായിരുന്നു. കണ്ണൂര്‍ ഗവ എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് 2000ല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ബൈജു രവീന്ദ്രന്‍ തൊട്ടടുത്ത വര്‍ഷം ഒരു ഷിപ്പിംഗ് കമ്പനിയില്‍ സര്‍വീസ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2003ല്‍ ഒരു വെക്കേഷന് സുഹൃത്തുക്കളെ കാണാന്‍ ബംഗളൂരുവിലെത്തിയതോടെയാണ് ബൈജുവിന്റെ ജീവിതം മാറ്റങ്ങളുടെ തുടക്കം. തന്റെ സുഹൃത്തുക്കളില്‍ ചിലര്‍ അന്ന് ബൈജുവിനെ സമീപിച്ചത് ഒരു സഹായത്തിന് വേണ്ടിയായിരുന്നു. കാറ്റ് എക്സാമിന് വേണ്ടിയുള്ള പരിശീലനം നല്‍കണം.

ബൈജു തന്റെ സുഹൃത്തുക്കള്‍ക്ക് പരിശീലനം നല്‍കി. അവരില്‍ നാല് പേര്‍ ഉയര്‍ന്ന സ്‌കോറോടെ പരീക്ഷ പാസായി. ഇതോടെ അവര്‍ ബൈജുവിനെയും കാറ്റ് എക്സാം എഴുതാന്‍ നിര്‍ബന്ധിക്കുന്നു. കാറ്റ് എക്സാമില്‍ പങ്കെടുത്ത ബൈജു 100 ശതമാനം മാര്‍ക്കോടെ പരീക്ഷയില്‍ വിജയിച്ചു. ഐഐഎംല്‍ നിന്ന് ഇന്റര്‍വ്യൂവിന് ക്ഷണവും ലഭിച്ചു.

ഐഐഎം ഇന്റര്‍വ്യൂ പാസായെങ്കിലും ബൈജു തിരികെ തന്റെ ജോലിയില്‍ പ്രവേശിച്ചു. പാന്‍ ഓഷന്‍ എന്ന യുകെ ആസ്ഥാനമാക്കിയ കമ്പനിയില്‍ കര്‍മ്മനിരതനായി. 2005ല്‍ വീണ്ടും കാറ്റ് എക്സാം എഴുതിയ ബൈജു രണ്ടാമതും 100 ശതമാനം മാര്‍ക്കോടെ പാസായി. ഇതോടെ ബൈജുവിന്റെ ക്ലാസുകള്‍ക്ക് ആവശ്യക്കാരേറെയായി. അപ്പോഴേക്കും ബൈജുവിന്റെ ഖ്യാതിയും വര്‍ദ്ധിച്ചിരുന്നു. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ അപ്പോഴേക്കും ബൈജുവിനെ അന്വേഷിച്ചെത്താന്‍ തുടങ്ങിയിരുന്നു.

പതിയെ ബൈജുവും തന്റെ കര്‍മ്മ മണ്ഡലം അദ്ധ്യാപനമാണെന്ന് തിരിച്ചറിഞ്ഞു. 2006 ആയപ്പോഴേക്കും ബൈജു 1200 കുട്ടകള്‍ക്ക് വരെ ഒരേ സമയം ക്ലാസെടുക്കാന്‍ തുടങ്ങി. ഈ കാറ്റ് ടോപ്പര്‍ പ്രശസ്തിയിലേക്ക് കുതിച്ചതോടെ ബൈജു രവീന്ദ്രന്റെ ഫ്രീ വര്‍ക്ക്ഷോപ്പ് സെക്ഷനുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തി. പങ്കെടുക്കുന്ന പത്തില്‍ ഒന്‍പത് പേരും ഫീസ് നല്‍കിയുള്ള സെക്ഷന്‍സിലേക്കെത്തിയതോടെ ക്ലാസുകള്‍ കൂടുതല്‍ വിപുലമായി. ഈ സംരംഭം പ്രതീക്ഷിച്ചതിലും വിജയകരമായിരുന്നു.

ഇന്റര്‍നെറ്റിന് ഇത്രയേറെ പ്രചാരം ലഭിക്കുന്നതിന് മുന്‍പ് തന്നെ ബൈജു തന്റെ ക്ലാസുകള്‍ വീഡിയോ ലെച്ചറുകളായി പുറത്തിറക്കി തുടങ്ങിയിരുന്നു. 2009ല്‍ യുപിഎസ്സിക്ക് വേണ്ടിയും ബൈജു രവീന്ദ്രന്റെ ക്ലാസുകള്‍ ആരംഭിച്ചു. 2011ല്‍ ബൈജു സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൂടി ലക്ഷ്യമിട്ട് തിങ്ക് ആന്റ് ലേണ്‍ എന്ന കമ്പനി ആരംഭിക്കുന്നു. ഇത്തവണയും പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു ബൈജുവിന്റെ വിജയം.

25,000 ബാച്ചുകള്‍ വരെ ബൈജുവിനെ കേള്‍ക്കാന്‍ അപ്പോഴേക്കും തയ്യാറായിരുന്നു. ഇതോടെ കമ്പനി കൂടുതല്‍ പ്രൊഫഷണലുകളുടെ സഹായത്തോടെ ടെക്സ്റ്റിന് പകരം ആനിമേഷനും ഗ്രാഫിക്സും ഉള്‍പ്പെടുത്തി ക്ലാസുകള്‍ പരിഷ്‌കരിച്ചു. ഈ പരിഷ്‌കാരം തിങ്ക് ആന്റ് ലേണിനെ കൂടുതല്‍ ആകര്‍ഷണീയമാക്കി.

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പായിരുന്നു ബൈജുവിന്റെ നീക്കം. 2012ല്‍ മണിപ്പൂരില്‍ നിന്നുള്ള സംരംഭകന്‍ രണ്‍ജന്‍ പായുമായുള്ള കൂടിക്കാഴ്ച ബൈജുവിന് പുത്തന്‍ ഉണര്‍വ് നല്‍കി. 50 കോടി രൂപയായിരുന്നു രണ്‍ജന്‍ പായ് തിങ്ക് ആന്റ് ലേണില്‍ നിക്ഷേപിച്ചത്. അതോടൊപ്പം രണ്‍ജന്‍ പായ് ഒരു നിര്‍ദ്ദേശം കൂടി നല്‍കി. ക്ലാസുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കി മാറ്റണം.

രണ്‍ജന്‍ പായുടെ ഈ നിര്‍ദ്ദേശമായിരുന്നു 2015ല്‍ ബൈജൂസ് ദി ലേണിംഗ് ആപ്പ് എന്ന കമ്പനിയുടെ ജനനത്തിന് കാരണം. ബോര്‍ഡ് എക്സാം മുതല്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ വരെയുള്ള സിലബസുകള്‍ ബൈജു ദി ലേണിംഗ് ആപ്പില്‍ ഒരുക്കി. പിന്നീട് ബൈജുവിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 2015 ജൂണില്‍ സിഖോയ 25 മില്ല്യണ്‍ ലേണിംഗ് ആപ്പില്‍ നിക്ഷേപിച്ചപ്പോള്‍ 2016ല്‍ ചാന്‍ സക്കര്‍ബര്‍ഗ് 50 മില്ല്യണാണ് നിക്ഷേപിച്ചത്.

പിന്നാലെ ദി ലേണിംഗ് ആപ്പിന് ഷാരൂഖ് ഖാന്‍ അംബാസഡറായെത്തുന്നു. തൊട്ടടുത്ത വര്‍ഷം ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസ് എഡ്യുക്കേഷന്‍ ബൈജുവിന്റെ സംരംഭത്തിന്റെ വിജയത്തെ കുറിച്ച് പഠനം നടത്തി. 2018ല്‍ കമ്പനിയുടെ ആസ്തി 1 ബില്ല്യണ്‍ ഡോളറായി മാറി. ഇതിന് പിന്നാലെ ബൈജൂസ് ദി ലേണിംഗ് ആപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്പോണ്‍സര്‍ ചെയ്ത് പ്രശസ്തിയുടെ കൊടുമുടിയിലേക്കെത്തുന്നു.

ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്നത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് ബൈജൂസിനായിരുന്നു. എഡ്ടെക് എന്ന ബൈജൂസ് ദി ലേണിംഗ് ആപ്പിന്റെ മാതൃസ്ഥാപനം അവിശ്വസനീയമായ വളര്‍ച്ച കൈവരിക്കുകയായിരുന്നു. 2020 ഏപ്രിലിനും മെയ് മാസത്തിനുമിടയില്‍ 6.65 ബില്ല്യണ്‍ ഡോളറാണ് നിക്ഷേപമായി ലഭിച്ചത്. ഇതോടെ കമ്പനിയുടെ ആസ്തി 22 ബില്ല്യണ്‍ ഡോളറായി വര്‍ദ്ധിച്ചു.

പക്ഷേ ഇത്രയും പണം കുമിഞ്ഞ് കൂടിയതോടെ ബൈജു രവീന്ദ്രന്‍ തങ്ങളുടെ ബിസിനസ് വിപുലമാക്കാന്‍ ശ്രമിച്ചതാണ് ബൈജൂസിന്റെ തലവര മാറ്റിയത്. കോഡിംഗ് പ്ലാറ്റ്ഫോമായ വൈറ്റ് ഹാറ്റ് ജൂനിയര്‍, ഓഫ്ലൈന്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആകാശ്, കെ-12 പ്ലാറ്റ്ഫോം ടോപ്പര്‍, ഹൈയര്‍ എഡ്യുക്കേഷന്‍ പ്ലാറ്റ്ഫോം ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികള്‍ ഏറ്റെടുത്തു. നഷ്ടത്തിലായിരുന്ന ഈ കമ്പനികള്‍ ഏറ്റെടുത്തതോടെയാണ് ബൈജു രവീന്ദ്രന്റെ തകര്‍ച്ച ആരംഭിക്കുന്നത്.

എന്നാല്‍ ഇതിന് മുന്‍പും കമ്പനി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. അത്തരം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ബൈജൂസ് അവയൊന്നും മുഖവിലയ്ക്കെടുത്തിരുന്നില്ല. ഒരിക്കലും സാധ്യമാകാത്ത ടാര്‍ഗറ്റുകളാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇതിന് പുറമേ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന കടുത്ത സമ്മര്‍ദ്ദവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ബൈജൂസ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് പുറമേ ഉപഭോക്താക്കളായ രക്ഷിതാക്കള്‍ക്ക് നല്‍കിയ സമ്മര്‍ദ്ദവും ചെറുതായിരുന്നില്ല. ലോണിന് സമാനമായി എഴുതി വാങ്ങിയ രേഖകള്‍ ഉപയോഗിച്ച് രക്ഷിതാക്കളെ കമ്പനി ചൂഷണം ചെയ്തതും ചില്ലറയായിരുന്നില്ല. മക്കളുടെ ഭാവിയെ കുറിച്ച് വ്യാകുലപ്പെട്ടിരുന്ന രക്ഷിതാക്കള്‍ക്ക് ഒടുവില്‍ ബൈജൂസിന്റെ പണപ്പിരിവനെ കുറിച്ചായി ആവലാതി.

ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ആരംഭിക്കുന്ന മാര്‍ക്കറ്റിങ്ങില്‍ എവിടെയും ഡിസ്‌കൗണ്ട് നല്‍കിയിരുന്നില്ല. ബൈജൂസ് ഉപയോഗപ്രദമല്ലെങ്കില്‍ പണം തിരികെ നല്‍കുമെന്ന വാഗ്ദാനവും പാലിച്ചില്ല. ലോക്ക്ഡൗണ്‍ അവസാനിച്ച് കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങിയതോടെ ബൈജൂസിന്റെ പദ്ധതികളില്‍ വീണ്ടും പാളിച്ച സംഭവിച്ചു.

ഇതിന് പുറമേ യുഎസ് ഫെഡറല്‍ റിസര്‍വ് സാമ്പത്തിക നയങ്ങല്‍ വരുത്തിയ മാറ്റം ബൈജൂസിന് ഇരുട്ടടിയായി മാറി. അമേരിക്കന്‍ വിപണി ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം പാളി. കടത്തിന് മുകളില്‍ കടം കുമിഞ്ഞുകൂടി. പലിശ നിരക്ക് കൂടി വര്‍ദ്ധിച്ചതോടെ ബൈജൂസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നമായി.

2022ല്‍ ബൈജൂസിനെതിരെ ഇഡിയും സാമ്പത്തിക കുറ്റകൃത്യത്തിന് നടപടി ആരംഭിച്ചു. ഫെമ വൈലേഷന്‍ പ്രകാരം 900 കോടി രൂപയുടെ അഴിമതി നടത്തിയതായി ഇഡി കണ്ടെത്തുകയായിരുന്നു. ഇവയെല്ലാം ബൈജൂസിന് ഒന്നിന് മുകളില്‍ ഒന്നൊന്നായി എത്തിയതോടെ ബൈജൂസിന്റെ വീഴ്ച ആരംഭിച്ചു. ഏറെ ഉയരം താണ്ടിയതുകൊണ്ടാവാം ബൈജൂസിന്റെ വീഴ്ചയുടെ ആഘാതവും വലുതായിരുന്നു.

2022 മാര്‍ച്ചില്‍ മാത്രം കമ്പനി പിരിച്ചുവിട്ടത് 5000 ജീവനക്കാരെയാണ്. നിത്യ ചെലവുകള്‍ക്ക് പോലും കമ്പനിയ്ക്ക് വക കണ്ടെത്താനാകാതെയായി. തന്റെ ബംഗളൂരുവിലുള്ള വീട് പണയപ്പെടുത്തി ബൈജു ജീവനക്കാര്‍ക്ക് 2023 ഡിസംബറില്‍ ശമ്പളം നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. 22 ബില്ല്യണ്‍ ആസ്തിയുണ്ടായിരുന്ന കമ്പനി ഒടുവില്‍ 3 ബില്ല്യണ്‍ ആസ്തിയിലേക്കെത്തി.

ഒരു ചെടിക്ക് ആവശ്യത്തിലധികം വളം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ബൈജൂസിലൂടെ മനസിലാക്കാനാവുന്നത്. ആവശ്യത്തിലധികം നിക്ഷേപം കമ്പനിക്ക് ലഭിച്ചതോടെ കമ്പനി വളരുകയല്ല, മറിച്ച് വേരുകള്‍ നശിച്ച് തുടങ്ങുകയായിരുന്നു.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം