ബിജെപി വിജയം ഓഹരി നിക്ഷേപകരെ സമ്പന്നരാക്കി; 5.80 ലക്ഷം കോടിയുടെ അധികനേട്ടം; റെക്കോഡുകള്‍ തകര്‍ത്ത് നിഫ്റ്റിയും സെന്‍സെക്സും; ഇന്നും തുടര്‍ചലന പ്രതീക്ഷ

തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തില്‍ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്കും നേട്ടം. വ്യാപാരാന്ത്യത്തില്‍ ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്ത നിക്ഷേപക മൂല്യം 5.80 ലക്ഷം കോടി രൂപ വര്‍ധിച്ച് എക്കാലത്തെയും ഉയരമായ 343.47 ലക്ഷം കോടി രൂപയുമായി. 340 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് മറികടന്നു.

സെന്‍സെക്സ് 1383 പോയിന്റ് (2.05%) മുന്നേറി 68,865.12ലും നിഫ്റ്റി 418.90 പോയിന്റ് (2.07%) കുതിച്ച് 20,686.80ലുമാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ഇവ രണ്ടും സര്‍വകാല റെക്കോഡാണ്. ഇന്നും ഓഹരി വിപണി കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച കുറിച്ച 20,267 പോയിന്റിന്റെ റെക്കോഡാണ് നിഫ്റ്റി ഇന്ന് പഴങ്കഥയാക്കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 15ലെ 67,927 പോയിന്റിന്റെ റെക്കോഡാണ് സെന്‍സെക്സ് തിരുത്തിയത്. ഇന്നൊരുവേള സെന്‍സെക്സ് 68,918 വരെയും നിഫ്റ്റി 20,702 വരെയും മുന്നേറിയിരുന്നു.

ലോകസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിച്ചിരുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ ഓഹരി വിപണയും കുതിച്ചത്. ശക്തമായ മാക്രോ ഇക്കണോമിക് ഡാറ്റയും, ബി ജെ പിക്ക് അനുകൂലമായ തിരഞ്ഞെടുപ്പ് ഫലവും വിപണിയെ സ്വാധീനിച്ചതാണ് കുതിപ്പിനുള്ള കാരണം

ബിജെപിയുടെ വന്‍ വിജയത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. നാലു ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെ ഉയരത്തിലാണു കമ്പനികള്‍. ഗ്രൂപ്പിന്റെ വിപണിമൂല്യം 12 ലക്ഷം കോടി രൂപ കടന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു മുന്‍പ് 19 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം ഗ്രൂപ്പിനുണ്ടായിരുന്നു.

അദാനി ഗ്രീന്‍ എനര്‍ജി 8.63 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ഓഹരി വിപണിയില്‍ ഏറ്റവും കുതിപ്പ് നടത്തിയിരിക്കുന്നതും അദാനിയുടെ ഈ കമ്പനിയാണ്. രണ്ടാം സ്ഥാനത്തുള്ളത് അദാനി എന്റര്‍പ്രൈസസാണ് 7.27 ശതമാനം വരെയാണ് ഈ ഓഹരികള്‍ കുതിച്ചിരിക്കുന്നത്.

Read more

സെന്‍സെക്സിലെ അഞ്ച് മികച്ച നേട്ടത്തില്‍ നാലെണ്ണവും അദാനിയുടെ ഗ്രൂപ്പിന്റെ ഓഹരികളാണ്. അദാനി ഓഹരികള്‍ – അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി പവര്‍, അദാനി എന്റര്‍പ്രൈസസ് എന്നിവ വന്‍ നേട്ടമുണ്ടാക്കി.