ഐഐഎം ടോപ്പര്‍, ജോലി പച്ചക്കറി വില്‍പന, വരുമാനം 5 കോടി

നാം മനസ് വച്ചാല്‍ ആഗ്രഹിച്ചതൊക്കെയും കയ്യില്‍ കിട്ടും എന്ന് തന്റെ ജീവിതം കൊണ്ട് പഠിപ്പിച്ച വ്യക്തിയാണ് കൗശലേന്ദ്ര കുമാര്‍. ഐഐടിയില്‍ നിന്നും പഠിച്ചിറങ്ങിയ ഇദ്ദേഹം പക്ഷെ ഏതെങ്കിലും ഐടി കമ്പനിയുടെയോ മാനേജ്മെന്റ് സ്ഥാപനത്തിന്റെയോ ജോലിക്കായി കാത്തു നില്‍ക്കുകയാണ് ചെയ്തത്.

സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണം എന്ന ആഗ്രഹം പഠനകാലം മുതല്‍ക്കേ ഉണ്ടായിരുന്ന ഇദ്ദേഹം അതിനായി തെരെഞ്ഞെടുത്ത വഴി അല്പം വിചിത്രമായി പോയില്ലേ എന്ന് ആദ്യം കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം. ഐഐടിയില്‍ നിന്നും ബിരുദം നേടി പുറത്തിറങ്ങിയ ബീഹാര്‍ സ്വദേശി, ആദ്യ കാലത്ത് ചില ജോലികള്‍ ചെയ്തു എങ്കിലും പിന്നീട് പച്ചക്കറി വില്പനയുടെ സാധ്യതകളെ കുറിച്ച് പഠിക്കുകയാണ് ഉണ്ടായത്. അതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

നവോദയ വിദ്യാലയത്തിലെ പഠനമാണ് കൗശലേന്ദ്ര കുമാറിനെ കൃഷിയോട് അടുപ്പിച്ചത്. 2003 പഠനം പൂര്‍ത്തിയാക്കിയ കൗശലേന്ദ്ര താന്‍ മനസ്സില്‍ വിഭാവനം ചെയ്ത രീതിയില്‍ ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നതിനു വേണ്ട മുന്നൊരുക്കങ്ങള്‍ക്കായി കുറച്ചു വര്‍ഷങ്ങള്‍ മാറ്റി വച്ചു. ഫണ്ട് കണ്ടെത്തല്‍ കഴിഞ്ഞ ശേഷം 2008 കൗശല്യ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് രൂപം നല്‍കി.

ബീഹാറിന്റെ ശരിയായ വികസനം നടപ്പിലാക്കാനും അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കര്‍ഷകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തന്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം തീരുമാനിച്ചു. പച്ചക്കറി വില്പന അത്ര നിസാരമാണ് എന്ന് കരുതേണ്ട. ബീഹാറിലെ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന ശുദ്ധമായ പച്ചക്കറി സമൃദ്ധി എന്ന ബ്രാന്‍ഡില്‍ അദ്ദേഹം വിപണിയില്‍ എത്തിച്ചു.

ആദ്യം ബീഹാറില്‍ മാത്രമായിരുന്നു കച്ചവടം എങ്കില്‍ പിന്നീട് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇന്ന് കമ്പനിയില്‍ 700 ല്‍ പരം ജീവനക്കാരുണ്ട്. 20,000ല്‍ പരം കര്‍ഷകരുമായി കമ്പനി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആദ്യമായി റോഡരികിലെ ഒരു കടയില്‍ കച്ചവടം നടത്തുമ്പോള്‍ കൗശലേന്ദ്ര കുമാറിന്റെ സമ്പാദ്യം ദിവസം 22 രൂപയായിരുന്നു. എന്നാല്‍ ഇന്ന് 5കോടി രൂപയുടെ വിറ്റുവരവിലേക്ക് എത്താന്‍ കമ്പനിക്ക് കഴിഞ്ഞിരിക്കുന്നു എന്നത് ഇദ്ദേഹത്തിന്റെ ബിസിനസ് പാഠവം ഒന്നുകൊണ്ട് മാത്രമാണ് .