ഇംപ്രസ ചുമ്മാ ഒരു ബുട്ടീക്ക് അല്ല, കോഴിക്കോട് നിന്നും പാരീസ് വരെ എത്തിയ വിജയം

ഇത് കോഴിക്കോട്ടുകാരി അഞ്ജലി ചന്ദ്രന്റെയും ഇംപ്രസയുടെയും കഥയാണ്. ആ കഥയില്‍ നിങ്ങള്‍ക്ക് ഒരു പക്ഷെ നിങ്ങളിലെ ഭാവി സംരംഭകയെ കണ്ടെത്താന്‍ പറ്റിയേക്കും. അങ്ങനെയെങ്കില്‍ അഞ്ജലിയുടെ ഈ വിജയം നിങ്ങളുടേത് കൂടിയാകും.

ഓണ്‍ലൈന്‍ സംരംഭങ്ങള്‍ തുടങ്ങി വിജയം നേടിയ വനിതകളുടെ കഥകള്‍ നാം ഏറെ കേട്ടിട്ടുണ്ട്. ജ്വല്ലറികള്‍ മുതല്‍ മല്‍സ്യ വ്യാപാരം വരെ ഓണ്‍ലൈനില്‍ തകൃതിയായി നടത്തുന്ന മിടുക്കികളുടെ നാടായ കേരളത്തില്‍, നൂറുകണക്കിന് ഓണ്‍ലൈന്‍ ബൂട്ടിക്കുകളില്‍ ഒന്നായിട്ടാണ് ഇംപ്രസയെ കാണേണ്ടത്. ഇടംവലം നോക്കാതെ, വരും വരായ്കകള്‍ ആലോചിക്കാതെ വിപ്രോയിലെ ജോലി വേണ്ടെന്ന് വെച്ച് ഒരു ഓണ്‍ലൈന്‍ ബുട്ടീക്ക് തുടങ്ങാന്‍ പോകുക, ആര് കേട്ടാലും തലയില്‍ കൈവയ്ക്കുന്ന ആശയം. എന്നാല്‍ അഞ്ജലി അത് പ്രാവര്‍ത്തികമാക്കി.

ബിറ്റ്സ് പിലാനിയില്‍ നിന്നും സോഫ്റ്റ്വെയര്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി വിപ്രോയില്‍ ജോലിക്ക് കയറിയപ്പോഴും അഞ്ജലിയുടെ മനസ്സില്‍ ആ ജോലിയില്‍ ഒതുങ്ങിക്കൂടുക എന്നതായിരുന്നില്ല ആഗ്രഹം. സോഫ്റ്റ്വെയറുകളുടെ ലോകത്തു നിന്നും വഴിമാറി സംരംഭകത്വ ലോകത്തേക്ക് താന്‍ കാലെടുത്തുവയ്ക്കും എന്ന് അവര്‍ തുടക്കത്തില്‍ തന്നെ ഉറപ്പിച്ചിരുന്നു.

എന്നാല്‍ അതൊരിക്കലും ടെക്‌സ്‌റ്റൈല്‍ മേഖലയുമായി ബദ്ധപ്പെട്ടതായിരിക്കും എന്ന് കരുതിയില്ല. ജോലിസ്ഥലത്തേക്കും അവിടെനിന്ന് കേരളത്തിലേക്കും ഉള്ള യാത്രകള്‍ക്ക് ഇടയ്ക്കാണ് അസംഘടിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നെയ്ത്തുകാര്‍ ഇടനിലക്കാരില്‍ നിന്നും നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് അഞ്ജലി അറിയുന്നത്. തുച്ഛമായ വരുമാനം മാത്രം നെയ്ത്തുകാര്‍ക്ക് ലഭിക്കുമ്പോള്‍, അതിന്റെ രണ്ടിരട്ടി വരുമാനമാണ് ഇടനിലക്കാര്‍ ഉണ്ടാക്കുന്നത്.

പൊതുവെ സാമൂഹിക കാര്യങ്ങളില്‍ തല്പരയായ ഈ കോഴിക്കോട്ടുകാരിക്ക് ഈ ചൂഷണം കണ്ടില്ല എന്നുവയ്ക്കാനായില്ല. നെയ്ത്തുകാര്‍ ഇടനിലക്കാരില്‍ നിന്നും നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചുള്ള അറിവിന്റെ പിന്‍ബലത്തിലാണ് അഞ്ജലി സാമൂഹിക സംരംഭം എന്ന നിലക്ക് ഇംപ്രസ തുടങ്ങിയത്. വിപ്രോയിലെ മികച്ച ശമ്പളമുള്ള ജോലി വേണ്ടായെന്ന് വയ്ക്കുമ്പോള്‍ പലവിധത്തിലുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു.

എന്നാല്‍ തന്റെയും സമൂഹത്തിന്റെയും, ചൂഷണം ചെയ്യപ്പെടുന്ന ഒരു വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനു ഇംപ്രസ കാരണമാകും എന്ന് ഉറപ്പ് അഞ്ജലിക്ക് ഉണ്ടായിരുന്നു. wwww.impresa.in എന്ന വെബ്സൈറ്റിലൂടെ അഞ്ജലി നെയ്തിട്ടത് വലിയൊരു സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള ആദ്യ പടിയാണ്.

ഉയര്‍ന്ന ഗുണനിലവാരം ഉള്ളതും കയറ്റുമതി മൂല്യമുള്ളതുമായ കൈത്തറി വസ്ത്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഇ കൊമേഴ്സ് സംരംഭമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംപ്രസ. ആരെയും ഇംപ്രസയിലെ തുണിത്തരങ്ങള്‍ ഇംപ്രസ് ചെയ്യും എന്നുറപ്പ്.

ആന്ധ്ര, മഹാരാഷ്ട്ര , ഉത്തര്‍പ്രദേശ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ പരമ്പരാഗത കൈത്തറി നിര്‍മ്മാതാക്കളെ കോര്‍ത്തിണക്കിയാണ് അഞ്ജലി ഇംപ്രസക്ക് രൂപം നല്‍കിയിരിക്കുന്നത്. കേരളത്തിനകത്തും പുറത്തും നിന്നുള്ള ഏത് ഓര്‍ഡറുകളും ദിവസങ്ങള്‍ക്കുള്ളില്‍ ഡെലിവറി ചെയ്യും. ഓണ്‍ലൈന്‍ സ്റ്റോറിന് പുറമെ, കോഴിക്കോട് മാവൂര്‍ റോഡിലെ എമറാള്‍ഡ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഇംപ്രസ എന്ന ബുട്ടീക്ക് വഴിയും തുണിത്തരങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നു.

ഓരോ നെയ്ത്തുകാരില്‍ നിന്നും നേരിട്ടാണ് അഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. 2012 ല്‍ ഒരു ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിക്കൊണ്ടാണ് ഇംപ്രസയുടെ പ്രവര്‍ത്തങ്ങള്‍ തുടങ്ങുന്നത്. വിവിധ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് പരമ്പരാഗതമായ കൈത്തറി വസ്ത്രങ്ങള്‍ ശേഖരിച്ച് ഫെയ്‌സ്ബുക്ക് പേജ് വഴി പ്രദര്‍ശിപ്പിച്ചായിരുന്നു ആദ്യകാല വില്‍പന. പിന്നീടാണ് വെബ്സൈറ്റ് വന്നത്.

തീര്‍ത്തും നോര്‍മല്‍ ആയൊരു ആശയം മാത്രമാണ് ഇംപ്രസ. എന്നാല്‍ അതില്‍ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഒരു പ്രവര്‍ത്തനം ഒളിഞ്ഞിരിപ്പുണ്ട്. അത് തന്നെയാണ് ഈ ബുട്ടിക്കിന്റെ വിജയവും.

ഈ വ്യത്യസ്തമായ സമീപനമാണ് അഞ്ജലിയെ കോഴിക്കോട് നിന്നും പാരീസ് വരെ എത്തിച്ചത്. പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഐടി കമ്പനി കാപ്ജെമിനിയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏറ്റവും നല്ല സ്റ്റാര്‍ട്ടപ്പ് പ്രോജക്റ്റുകള്‍ക്ക് വേണ്ടി ഇന്നവേറ്റേഴ്സ് 50 സ്റ്റാര്‍ട്ടപ്പ് എന്ന പേരില്‍ നടത്തിയ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ 1,732 വോട്ടുകളോടെ അഞ്ജലി ഒന്നാം സ്ഥാനത്തെത്തി ഈ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക വനിതാ സംരംഭം എന്ന നിലയില്‍ ഇംപ്രസ താരമാകുകയും ചെയ്തു.

സോഷ്യല്‍ മീഡിയയുടെയും ഇ കൊമേഴ്സ് പോര്‍ട്ടലിന്റെയും സഹായത്തോടെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുക എന്നതാണ് ഇംപ്രസയുടെ ലക്ഷ്യം. ഒപ്പം കസ്റ്റമൈസ്ഡ് കൈത്തറി വസ്ത്രങ്ങള്‍ ലഭ്യമാക്കുന്ന രീതിയില്‍ സ്ഥാപനത്തെ മാറ്റിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ സംരംഭക

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!