മീരാ നാരായണന്‍
കൂണ്‍കൃഷിയില്‍ ലാഭം കൊയ്ത് ഷൈജി എന്ന വീട്ടമ്മ നമ്മുടെ നാട്ടില്‍ ഹൗസ് വൈഫ് ടാഗ്ലൈന്‍ സ്വീകരിച്ച് ഒതുങ്ങിക്കഴിയുന്ന വനിതകള്‍ക്ക് ഒരു പ്രചോദനമാണ്. വിവാഹശേഷം വീടും കുടുംബവും കുട്ടികളും ഒക്കെയായി ഇനി ശിഷ്ടകാലം അടുക്കളയും കഴിയാം എന്നാണ് വിചാരമെങ്കില്‍, ആയിക്കോളൂ. എന്നാല്‍ അതിനൊപ്പം പതിനായിരങ്ങള്‍ വരുമാനം നേടാന്‍ കൂടി കഴിഞ്ഞാലോ?
അതിനുള്ള വഴിയാണ് അരൂര്‍ സ്വദേശിനി ഷൈജിക്ക് കൂണ്‍കൃഷി. ഷൈജി കേവലം വിനോദം എന്ന നിലക്ക് ആരംഭിച്ച കൂണ്‍കൃഷി ഇന്ന് കുടുംബത്തിന്റെ മുഖ്യ വരുമാന മാര്‍ഗമാണ്. വീട്ടാവശ്യത്തിന് ഉത്പാദിപ്പിച്ച കൂണുകള്‍ അയല്‍ വീടുകളില്‍ നിന്ന് ആവശ്യക്കാര്‍ എത്തിയപ്പോള്‍ വിറ്റു. അതൊരു തുടക്കമായിരുന്നു. ഇപ്പോള്‍ കോണ്‍ഫ്രഷ് എന്ന ബ്രാന്‍ഡിന്റെ ഉടമയാണ് ഷൈജി.
ആവശ്യത്തിന് ക്ഷമയും താല്പര്യവും ഉള്ള ഏതൊരു വീട്ടമ്മയ്ക്കും തുടങ്ങാന്‍ കഴിയുന്ന ഒന്നാണ് കൂണ്‍കൃഷി എന്ന് ഷൈജി പറയുന്നു. വീട്ടിലെ ജോലികള്‍ കഴിഞ്ഞു ബാക്കി വരുന്ന സമയം മാത്രം ഇതിനായി മാറ്റിവച്ചാല്‍ മതിയാകും. വലിയ രീതിയിലുള്ള നിക്ഷേപമോ സ്ഥലമോ ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അരൂര്‍ റൂറല്‍ ട്രെയിനിങ് ടെക്നോളജി സെന്ററില്‍ നിന്നുമാണ് കൂണ്‍കൃഷിയുടെ വിവിധ വശങ്ങളെ പറ്റി ഷൈജി പഠിച്ചത്. അടുക്കളത്തോട്ട നിര്‍മാണത്തില്‍ ആദ്യമേ താല്പര്യം ഉണ്ടായിരുന്ന ഷൈജിക്ക് കൂണ്‍ കൃഷിയും എളുപ്പത്തില്‍ വഴങ്ങി. കൂണ്‍ കൃഷി വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യുന്നതില്‍ ഭര്‍ത്താവ് തങ്കച്ചന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു.
ഒരു പരീക്ഷണം എന്ന രീതിയിലാണ് ആദ്യ തവണ കൃഷിയിറക്കിയത്. ട്രെയിനിംഗ് സെന്ററില്‍ നിന്നും പഠിച്ച രീതികള്‍ അനുസരിച്ചായിരുന്നു പരീക്ഷണം. ആദ്യ ചുവടുവയ്പ് ലക്ഷ്യം കണ്ടു. അതോടെ ആത്മവിശ്വാസം വര്‍ധിച്ചു. പിന്നെ കൃഷിയില്‍ കൂടുതലായി ശ്രദ്ധിച്ചു. ഇപ്പോള്‍ പ്രതിമാസം പതിനായിരത്തിലേറെ രൂപ കൂണ്‍കൃഷിയില്‍നിന്നു ഈ വീട്ടമ്മയ്ക്ക് വരുമാനമുണ്ട്.
വീടിനോടു ചേര്‍ന്നാണ് കൂണ്‍ കൃഷിക്കായി കൂണ്‍ശാല നിര്‍മിച്ചിരിക്കുന്നത്. കൂണ്‍ ഉപയോഗിച്ച് കട്ലെറ്റ്, ബ്രഡ്റോള്‍, സൂപ്പ്, അച്ചാര്‍, ചമ്മന്തിപ്പൊടി, തീയല്‍, തോരന്‍ എന്നിങ്ങനെ ഒട്ടേറെ വിഭവങ്ങളും ഷൈജി നിര്‍മിക്കുന്നുണ്ട്.