വമ്പന്‍ പരസ്യവുമായി മതവികാരം ദുരുപയോഗം ചെയ്ത അല്‍ മുക്താദിര്‍ ഗ്രൂപ്പ് തട്ടിപ്പ്; പിരിച്ചെടുത്ത ഡിപ്പോസിറ്റ് തിരിച്ചു ചോദിച്ച് നാട്ടുകാര്‍; അരക്കിലോ സ്വര്‍ണം പോലുമില്ലാതെ ജ്വല്ലറി ഷോറൂം; 2000 കോടിയുമായി ഉടമ മുങ്ങിയെന്ന സംശയവുമായി AKGSMA

പരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ ജ്വല്ലറി ഉടമ 2000 കോടിരൂപയുമായി മുങ്ങിയെന്ന സംശയം ബലപ്പെടുന്നു. 0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പത്രമാധ്യമങ്ങളില്‍ മുന്‍പേജ് ജാക്കറ്റ് പരസ്യങ്ങള്‍ നല്‍കി മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് വന്‍തോതില്‍ പണം തട്ടിയെടുത്തെന്നാണ് അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരെ ഉയരുന്ന പരാതി. വിവാഹ ആവശ്യത്തിന് അടക്കം സ്വര്‍ണം നല്‍കുന്നതിന് വന്‍തോതില്‍ ഡിപ്പോസിറ്റ് വാങ്ങിച്ചിരുന്ന അല്‍മുക്താദിര്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കിട്ടാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉപഭോക്താക്കളില്‍ നിന്ന് ഉയരുന്നത്. തൊഴിലാളികളെ ഉപയോഗിച്ച് നടത്തിയ വന്‍ ഡിപ്പോസിറ്റ് ശേഖരണത്തെ തുടര്‍ന്ന് ജീവനക്കാരും ഇപ്പോള്‍ ഉടമയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ്. പരസ്യങ്ങള്‍ വഴി നിരവധി ആള്‍ക്കാരാണ് തട്ടിപ്പില്‍ കുടുങ്ങി കോടികള്‍ നിക്ഷേപമായി നല്‍കിയിട്ടുള്ളത്. എന്നാല്‍ പലതും കണക്കില്ലാത്ത പണം ആയതിനാല്‍ എങ്ങനെയെങ്കിലും ഉടമയില്‍ നിന്ന് പണം വാങ്ങിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു കേരളത്തിലെ സ്വര്‍ണാഭരണ മേഖലയിലേക്ക് ഹലാല്‍ പലിശ തട്ടിപ്പുമായി എത്തിയവര്‍ 2000 കോടിയുമായി മുങ്ങിയതായുള്ള സൂചന പങ്കുവെയ്ക്കുന്നത് സ്വര്‍ണ വ്യാപാര മേഖലയിലെ വ്യാപാരികളുടെ അസോസിയേഷനായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) ആണ്. തുടക്കത്തില്‍ തന്നെ തട്ടിപ്പുതിരിച്ചറിഞ്ഞു അല്‍-മുക്താദിര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് മാനുഫാക്ച്ചറിംഗ് ഹോല്‍സെയില്‍ ജ്വല്ലറിയ്‌ക്കെതിരെ സ്വര്‍ണവ്യാപാരികളുടെ സംഘടന രംഗത്ത് വന്നിരുന്നു. എന്നാല്‍ പത്ര മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയും തട്ടിപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ചില പുരോഹിതന്മാരെ ഒപ്പം കൂട്ടിയും മതവികാരം ദുരുപയോഗം ചെയ്താണ് വന്‍തോതില്‍ നിക്ഷേപം നേടിയെടുത്തതെന്ന് (AKGSMA) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറയുന്നു. ഉപഭോക്താക്കാള്‍ ഇവരുടെ വലയില്‍ വീഴാതിരിക്കാനും അവരെ പിന്തിരിപ്പിക്കാനും അസോസിയേഷന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അസോസിയേഷന്‍ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുക്കാതെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ പരസ്യത്തിലടക്കം വീണ് തട്ടിപ്പിനിരയാവുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

0% പണിക്കൂലിയില്‍ സ്വര്‍ണ്ണം വില്‍ക്കുമെന്ന് പറഞ്ഞ പരസ്യം ചെയ്യുന്നതിനെ അസോസിയേഷന്‍ എതിര്‍ക്കുകയും ഇയാള്‍ക്കെതിരെ നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പ് പരസ്യം കണ്ട് നിരവധി ഉപഭോക്താക്കള്‍ വിവാഹ ആവശ്യത്തിന് സ്വര്‍ണ്ണം വാങ്ങുന്നതിന് ഷോറൂമുകളിലെത്തുമ്പോള്‍ വന്‍ തുക ഡെപ്പോസിറ്റ് ആയി നല്‍കിയിരുന്നു. മൂന്ന്, ആറ് ഒരു വര്‍ഷം എന്നിങ്ങനെ കാലയളവില്‍ സ്വര്‍ണ്ണം നല്‍കാമെന്ന് ഉറപ്പിന്മേലാണ് ഇങ്ങനെ ഡിപ്പോസിറ്റുകള്‍ സ്വീകരിച്ചത്. അത്തരത്തില്‍ പണം നല്‍കിയവര്‍ ഇപ്പോള്‍ സ്വര്‍ണം എടുക്കാന്‍ വരുമ്പോള്‍ അവര്‍ക്ക് സ്വര്‍ണ്ണം നല്‍കുന്നില്ലെന്ന് മാത്രമല്ല വലിയ സംഘര്‍ഷമാണ് അല്‍ മുക്താദിറിന്റെ ഓരോ ഷോറൂമുകളിലും നടന്നുകൊണ്ടിരിക്കുന്നത്. പല ഉപഭോക്താക്കളും കടയടപ്പിക്കാതെ രാത്രി വെളുക്കുവോളം അവിടെ കുത്തിയിരുന്നതോടെ മറ്റു ഷോറൂമുകളില്‍ നിന്നും സ്വര്‍ണം എത്തിച്ച് സത്യാഗ്രഹം ഇരിക്കുന്നവര്‍ക്ക് നല്‍കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.

കേരളത്തിലെ പല ജില്ലകളിലും ഷോറൂമുകള്‍ തുടങ്ങി നിരവധി ആള്‍ക്കാരെയാണ് തട്ടിപ്പിനിരയാക്കിയിട്ടുള്ളത്. ഓരോ സ്ഥലങ്ങളിലും ഒരു ബില്‍ഡിംഗ് എടുത്ത് ഷോറൂം ആരംഭിക്കുകയും അതേ ഷോറൂമിന് മൂന്നും നാലും പേരുകള്‍ നല്‍കുകയും ചെയ്താണ് തട്ടിപ്പ് വിപുലീകരിച്ചത്. കൂടുതല്‍ പേരുകള്‍ നല്‍കുക വഴി കൂടുതല്‍ ഷോറൂം ഇയാള്‍ക്ക് ഉണ്ടെന്ന് പരസ്യം ചെയ്തു തട്ടിപ്പിന് ആക്കം കൂട്ടുന്നുവെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചു. ഒരു ഷോറൂമില്‍ പോലും ഉപഭോക്താക്കളെ വേണ്ട രീതിയില്‍ സ്വീകരിക്കുവാനോ സ്വര്‍ണ്ണം നല്‍കുവാനോ ഒന്നും ശ്രമിച്ചിട്ടില്ലെന്നും സ്വര്‍ണ്ണ വ്യാപാരവുമായി ഒരുതരത്തിലും ബന്ധമില്ലാത്ത കുറെ ആള്‍ക്കാരെ ഷോറൂമുകളില്‍ കുത്തിനിറച്ച് കൃത്രിമ തിരക്കുണ്ടാക്കുകയും അവരെ ഉപയോഗിച്ച് വീട് വീടാന്തരം കയറിയിറങ്ങി ചില പുരോഹിതരെ കൊണ്ട് അവരെ സ്വാധീനിച്ച് വന്‍തോതില്‍ ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുകയായിരുന്നു ചെയ്തിരുന്നതെന്ന ആരോപണവും ശക്തമാണ്.

ഷോറൂമുകളിലെ ജീവനക്കാരെയും തട്ടിപ്പിനിരയാക്കാനുള്ള ശ്രമം അല്‍മുക്താദിര്‍ ഉടമ നടത്തിയത് തിരിച്ചറിഞ്ഞ് ജീവനക്കാര്‍ തങ്ങളെ ഓരോ ഷോറൂമുകളില്‍ നിന്നും മറ്റു പല ഷോറൂമുകളിലേക്കും മാറ്റാനുള്ള ശ്രമം നടത്തുന്നത് സ്വമേധയാ തടഞ്ഞിരിക്കുകയാണ്. ജ്വല്ലറി ഗ്രൂപ്പിന്റെ തട്ടിപ്പ് മനസ്സിലാക്കിയ ഷോറൂം ജീവനക്കാര്‍ ഇപ്പോള്‍ യൂണിയന്‍ രൂപീകരിച്ച് സ്വന്തം നില രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഓരോ ജീവനക്കാരും ലക്ഷങ്ങളും കോടികളുമാണ് ഡെപ്പോസിറ്റ് ആയി പലരില്‍ നിന്നും വാങ്ങി അല്‍മുക്താദിര്‍ ഗ്രൂപ്പിന് നല്‍കിയിട്ടുള്ളത്. ഇത് തിരികെ നല്‍കിയെങ്കില്‍ മാത്രമേ ഷോറൂം മാറ്റം അംഗീകരിക്കുകയുള്ളൂ എന്ന നിലപാടിലാണ് ജീവനക്കാര്‍.

ഒരാള്‍ക്കും ഡിപ്പോസിറ്റ് തിരിച്ചു നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് തട്ടിപ്പുകാരന്‍ ജ്വല്ലറി ഉടമയെന്നാണ് പുറത്തുവരുന്ന വിരം. ജനങ്ങളെ തട്ടിപ്പിനിരയാക്കി വന്‍തോതില്‍ സ്വീകരിച്ച നിക്ഷേപതുകയില്‍ നല്ലൊരു ശതമാനം വലിയതോതില്‍ പരസ്യം നല്‍കാന്‍ ഉപയോഗിക്കുകയും ഏറിയ പങ്കും മറ്റു രാജ്യങ്ങളിലേക്ക് കടത്തുകയുമാണ് ചെയ്തതെന്നാണ് സൂചന. കേരളത്തിലെ ഷോറൂമുകളിലെങ്ങും അരക്കിലോ സ്വര്‍ണ്ണം പോലുമില്ല എന്ന അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ കുറേ നാളുകളായി പത്രങ്ങളുടെ മുന്‍പേജ് പരസ്യങ്ങള്‍ കാണാനുമില്ല. അല്‍മുക്താദിര്‍ ഗ്രൂപ്പിന്റെ തട്ടിപ്പിന് കേരളത്തില്‍ അവസാനം കുറിക്കുകയാണെന്ന് കരുതുന്നുവെന്നും ഇയാള്‍ മുങ്ങുന്നതിനു മുമ്പ് ഡിപ്പോസിറ്റ് ചെയ്ത പണം എങ്ങനെയെങ്കിലും വാങ്ങി എടുക്കാന്‍ ശ്രമിക്കണമെന്ന് ജനങ്ങളോട് സ്വര്‍ണ വ്യാപാരികളുടെ അസോസിയേഷന്‍ പറയുന്നു. ഇനിയും പല തട്ടിപ്പുകാര്‍ വന്നാലും അപ്പോഴും അസോസിയേഷന്റെ നിലപാട് ഇതുതന്നെയായിരിക്കും എന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ അറിയിച്ചു.