ഹാംസ്റ്റര്‍ കോമ്പാറ്റ് കളിക്കുന്നവര്‍ ഭാവിയിലെ കോടീശ്വരന്മാരോ? ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ പോയിന്റുകള്‍ ഡോളറാകുമോ?

പ്രതിദിനം എട്ട് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ തൊഴിലിനോ കച്ചവടത്തിനോ വേണ്ടി അധ്വാനിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളവര്‍. എന്നാല്‍ പണിയെടുക്കാതെ കച്ചവടത്തിനായി പണം നിക്ഷേപിക്കാതെ വരുമാനമുണ്ടാക്കണമെന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? പ്രത്യേകിച്ച് യുവതലമുറ ഒരിക്കലെങ്കിലും അങ്ങനൊരു മാര്‍ഗം ആലോചിക്കാതിരിക്കില്ല.

യുവാക്കളില്‍ മാത്രമല്ല എല്ലാ പ്രായത്തിലുമുള്ള മനുഷ്യന്റെ ഇത്തരം ചിന്തകളെയാണ് ടെലിഗ്രാമിന്റെ പിന്തുണയോടെ റഷ്യന്‍ സംരംഭകനായ എഡ്വര്‍ഡ് ഗുറിനോവിച്ച് അവതരിപ്പിച്ച ഹാംസ്റ്റര്‍ കോമ്പാറ്റ് എന്ന ഗെയിം മുതലെടുക്കുന്നത്. യാതൊരു മുതല്‍ മുടക്കുമില്ല, ഓഫീസ് കെട്ടിടവും മെഷിനറിയും വേണ്ട. കായികവും ബൗദ്ധികവുമായ അധ്വാനം തീരെ ആവശ്യമില്ലാത്തൊരു മാര്‍ഗം.

എങ്ങനെയാണ് ഹാംസ്റ്റര്‍ കോമ്പാറ്റ് നിങ്ങളെ പണമുണ്ടാക്കാന്‍ സഹായിക്കുന്നത്. 40ലേറെ രാജ്യങ്ങളിലായി 15 കോടിയിലേറെ ആളുകള്‍ കളിക്കുന്ന ഒരു ഗെയിം നിങ്ങളെ യഥാര്‍ത്ഥത്തില്‍ സമ്പന്നനാക്കുമോ?

ഹാംസ്റ്ററിന്റെ ചിത്രം പ്രധാന ഐക്കണായ ഗെയിമില്‍ നിന്ന് കാശുണ്ടാക്കാന്‍ നിങ്ങള്‍ ഇതില്‍ ഒരു മത്സരത്തില്‍ പങ്കെടുക്കേണ്ടതില്ല. ഹാംസ്റ്റര്‍ ഐക്കണില്‍ നിരന്തരം ടാപ്പ് ചെയ്യുക മാത്രമാണ് ഗെയിം. നിങ്ങള്‍ ടാപ്പ് ചെയ്യുന്നതനുസരിച്ച് പോയിന്റ് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ ഇത്തരത്തില്‍ നേടുന്ന പോയിന്റുകളാണ് ഭാവിയില്‍ നിങ്ങളെ സമ്പന്നനാക്കുകയെന്നാണ് ഗെയിമിലെ വാഗ്ദാനം.

ഗെയിം വാഗ്ദാനം ചെയ്യുന്ന പോയിന്റുകള്‍ എങ്ങനെയാണ് പണമായി മാറുന്നത്? ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്‌റ്റോ കറന്‍സി മൈനിങ്ങിലൂടെയാണ് ഗെയിം പണം വാഗ്ദാനം ചെയ്യുന്നത്. ഹാംസ്റ്റര്‍ കോമ്പാറ്റ് അടുത്തമാസം ക്രിപ്‌റ്റോ കോയിനായി ലിസ്റ്റ് ചെയ്യപ്പെടുമെന്നും അത്തരത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഗെയിമില്‍ നിന്ന് നേടിയ പോയിന്റുകള്‍ ക്രിപ്‌റ്റോ കോയിന്റെ രൂപത്തില്‍ ലഭിക്കുമെന്നുമാണ് പ്രചരണം.

തുടര്‍ന്ന് ക്രിപ്‌റ്റോ കോയിന്‍ എളുപ്പത്തില്‍ പണമാക്കി മാറ്റുന്നതോടെ അതിവേഗം സമ്പന്നരാകാമെന്നാണ് ഹാംസ്റ്റര്‍ കോമ്പാറ്റില്‍ വിരല്‍ അമര്‍ത്തുന്ന ഓരോരുത്തരുടെയും ചിന്ത. ക്രിപ്‌റ്റോ കറന്‍സിയെന്ന് കേള്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ വിലയുള്ള ബിറ്റ്‌കോയിനാണ് ഏവര്‍ക്കും ഓര്‍മ്മ വരുന്നത്. അതുതന്നെയാണ് ഹാംസ്റ്റര്‍ കോമ്പാറ്റ് ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ പ്രചരണങ്ങള്‍ക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നതും.

എന്നാല്‍ ക്രിപ്‌റ്റോയില്‍ നിന്ന് പണം നേടുക അത്ര എളുപ്പമല്ല. അന്‍പത് ലക്ഷത്തോളം വിലയുള്ള ബിറ്റ്‌കോയിന്‍ മാത്രമല്ല ക്രിപ്‌റ്റോ കോയിന്‍. 5 പൈസയുടെ വില പോലുമില്ലാത്ത നിരവധി കോയിനുകളും മാര്‍ക്കറ്റില്‍ സുലഭമാണ്. ഹാംസ്റ്റര്‍ കോമ്പാറ്റ് ഇതുവരെ ലിസ്റ്റ് ചെയ്യപ്പെടാത്തതിനാല്‍ മൂല്യം കണക്കാക്കാന്‍ ആവില്ല.

ഹാംസ്റ്റര്‍ കോമ്പാറ്റ് ലിസ്റ്റ് ചെയ്യപ്പെട്ടാലും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഇടപാടുകള്‍ അത്ര നിസാരമല്ല. ക്രിപ്‌റ്റോ ഇടപാടുകളെ കുറിച്ച് ആഴത്തില്‍ ധാരണയില്ലാത്ത ഒരാള്‍ക്ക് ഇതില്‍ നിന്ന് പണം സമ്പാദിക്കുക അസാധ്യമാണ്. ടെലിഗ്രാമിലൂടെ എത്തിയതോടെയാണ് ഹാംസ്റ്റര്‍ കോമ്പാറ്റ് ഇത്രയേറെ ജനകീയമായി മുന്നോട്ട് പോകുന്നത്.