ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോട് ആളുകള്‍ക്ക് പ്രിയം ഏറി വരികയാണ്. സൗകര്യവും, ഡിസ്‌കൗണ്ടും, മുമ്പിലുള്ള വലിയ സാധ്യതകളുമെല്ലാം ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ താല്‍പര്യം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടുള്ള ആളുകളുടെ പ്രിയം മനസിലാക്കിയെന്നോണം എസ്.ബി.ഐ വമ്പന്‍ ഓഫറുമായി കഴിഞ്ഞദിവസം രംഗത്തുവരികയും ചെയ്തിട്ടുണ്ട്. യോനോ എസ്.ബി.ഐയിലൂടെ ഷോപ്പിങ് ചെയ്യുന്നവര്‍ക്ക് പരമാവധി 70% വരെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൈറ്റന്‍, റിലയന്‍സ് ട്രെന്റ്സ്, ബിബ, അജിയോ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങള്‍ക്ക് ഓഫര്‍ ബാധകമാണ്.
കാര്യം ഇതുപോലുള്ള ഇളവുകള്‍ ലഭിക്കുമെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തി പണി മേടിക്കുന്നവരും കുറവല്ല. കേടായ ഉല്പന്നങ്ങള്‍ ലഭിക്കുന്നതും വിചാരിച്ചതില്‍ കൂടുതല്‍ തുക ചെലവഴിച്ചുപോകുന്നതുമെല്ലാം ഓണ്‍ലൈന്‍ ഷോപ്പിങ്ങിലെ പ്രശ്നമാണ്. അല്പം ശ്രദ്ധയോടെ ഷോപ്പ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്കും മികച്ച ഓണ്‍ലൈന്‍ ഷോപ്പര്‍ ആകാനാകും. അതിനു സഹായിക്കുന്ന ചില കാര്യങ്ങള്‍ പറയാം.
റിവ്യൂസ് പരിശോധിക്കുക
ഏതെങ്കിലും ഒരു സാധനം ഇഷ്ടപ്പെട്ടാല്‍ ഉടന്‍ ചാടിക്കയറി വാങ്ങുന്നതിന് പകരം അതിന് ഉപഭോക്താക്കള്‍ നല്‍കിയ റിവ്യൂസ് പരിശോധിക്കണം. ചില റിവ്യൂകള്‍ പെയ്ഡ് ആവാനുള്ള സാധ്യതയും കുറവല്ല. ഒട്ടുമിക്ക റിവ്യൂകളും പരിശോധിച്ചാല്‍ പെയ്ഡ് ആണോ അല്ലയോ എന്ന് ഒരു ഏകദേശ ധാരണ നിങ്ങള്‍ക്ക് ലഭിക്കും. എല്ലാം പോസിറ്റീവായ റിവ്യൂകള്‍ ആണെങ്കില്‍, ഒരുപാട് നെഗറ്റീവ് റിവ്യൂകള്‍ക്ക് ഇടയില്‍ ഒന്ന് മാത്രം മികച്ച ഉല്പന്നം എന്നു പറഞ്ഞുള്ളതാണെങ്കില്‍ അത് പെയ്ഡ് ആവാനുള്ള സാധ്യത കൂടുതലാണ്.
ഉല്പന്നത്തെക്കുറിച്ച് നല്ല ധാരണ കിട്ടണമെങ്കില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളിലും മറ്റുമുള്ള ഉപഭോക്താക്കളുടെ എക്സ്പീരിയന്‍സും നോക്കാവുന്നതാണ്. അതിനുശേഷം മാത്രമേ ആ ഉല്പന്നം വാങ്ങണമോയെന്ന് തീരുമാനിക്കാവൂ.
വില താരതമ്യം ചെയ്യുക
എല്ലാ റിട്ടെയ്ലര്‍മാരും ഒരു ഉല്പന്നത്തിന് ഒരേ വില തന്നെ ഇടില്ല. റീട്ടെയ്ലര്‍മാര്‍ക്ക് അനുസരിച്ച് ഉല്പന്നത്തിന്റെ വിലയും വ്യത്യാസപ്പെടും. അതിനാല്‍ ഒന്നിലധികം ഇ-കൊമേഴ്സ് സൈറ്റുകള്‍ പരിശോധിച്ച് വില താരതമ്യം ചെയ്തശേഷമേ ഉല്പന്നം എവിടെ നിന്ന് വാങ്ങണമെന്ന് തീരുമാനിക്കാവൂ. ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കുകളും ഉണ്ടോയെന്നും നോക്കണം.
ഡിസ്‌കൗണ്ടുകള്‍ക്കായി വെബ്സൈറ്റ് ട്രാക്ക് ചെയ്യുക
മിക്ക വെബ്സൈറ്റുകളും ഏതെങ്കിലും തരത്തിലുള്ള ഡിസ്‌കൗണ്ടുകള്‍ നല്‍കും. അത് ട്രാക്ക് ചെയ്യുക മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. ഉത്സവ സീസണുകളില്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്ന സൈറ്റുകളുമുണ്ട്. അതുപോലെ വര്‍ഷാവര്‍ഷം വമ്പന്‍ ഓഫറുകളോടെ ഷോപ്പിങ് ഫെസ്റ്റിവെലുകള്‍ നടത്തുന്ന ഇ-കൊമേഴ്സ് സൈറ്റുകളുമുണ്ട്. ചില ഓഫറുകള്‍ ഒന്നിലധികം പര്‍ച്ചേസുകള്‍ക്ക് ബാധകമാകുന്നതായിരിക്കാം. ഇത് മറക്കാതെ ശ്രദ്ധിക്കേണ്ടതാണ്.
ബ്രൗസിങ് സുരക്ഷിതമാക്കുക:
നിങ്ങള്‍ എന്തെങ്കിലും ഒരു സാധനം വാങ്ങാനായി ഏറെ താല്‍പര്യത്തോടെ നോക്കുകയാണെന്ന് മനസിലായാല്‍ ആ സാധനത്തിന് വില കൂട്ടുന്ന രീതി ചില സൈറ്റുകള്‍ക്കുണ്ട്. വില പരിശോധിക്കുന്നതും മറ്റും ഇന്‍കോഗ്‌നിറ്റോ മോഡിലാണെങ്കില്‍ ഇതില്‍ നിന്നും രക്ഷപ്പെടാം. അതുപോലെ തന്നെ വെബ്സൈറ്റുകള്‍ക്ക് ബ്രൗസര്‍ ഹിസ്റ്ററി മനസിലാവാതിരിക്കാനായി കാഷെയും കുക്കീസും സ്ഥിരമായി ക്ലിയര്‍ ചെയ്യുക.
കൂടുതല്‍ വാങ്ങുക
Read more
കുറച്ചധികം സാധനങ്ങള്‍ ഒരുമിച്ചു വാങ്ങുകയാണെങ്കില്‍ ഡെലിവറി ചാര്‍ജും പാക്കിങ് ചാര്‍ജും കുറയാനുള്ള സാധ്യത കൂടുതലാണ്. ഇടയ്ക്കിടെ വാങ്ങുന്നത് അനുസരിച്ച് ഷിപ്പിങ് ചാര്‍ജ് കൂടുതല്‍ നല്‍കേണ്ടിവരും. അതിനാല്‍ ഇഷ്ടപ്പെടുന്ന സാധനങ്ങള്‍ ഒരേ വെബ്സൈറ്റിലെ വിഷ്ലിസ്റ്റില്‍ ഇട്ട് മൂന്നാലെണ്ണം ആകുമ്പോള്‍ ഒരുമിച്ച് വാങ്ങാം