സ്വര്‍ണത്തിലും സാമ്പത്തിക പൂട്ടിടാന്‍ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും സ്വര്‍ണ കള്ളക്കടത്ത് കുറയ്ക്കാനും ലക്ഷ്യമിട്ട് സ്വര്‍ണം വാങ്ങുന്നതിനുള്ള പാന്‍ കാര്‍ഡ് പരിധി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പാന്‍ കാര്‍ഡ് പരിധി കുറയ്ക്കുന്നതിലൂടെ പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.
നിലവില്‍ രണ്ട് ലക്ഷം രൂപയ്ക്ക് വരെ സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡിന്റെയോ ബാങ്ക് രേഖകളുടെയോ ആവശ്യമില്ല. എന്നാല്‍ രണ്ട് ലക്ഷം 50,000 ആയി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. 50,000 രൂപയ്ക്ക് മുകളില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫറോ ചെക്കോ ഡിജിറ്റല്‍ ട്രാന്‍സാക്ഷനായോ ഇടപാടുകള്‍ മാറ്റാനാണ് കേന്ദ്രം ഒരുങ്ങുന്നത്.
അടുത്ത കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് നിയമം ആകുന്നതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിന് പോലും പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യമായി വരും. കേന്ദ്ര ധനകാര്യ മന്ത്രാലയം 2020 മുതല്‍ സ്വര്‍ണ വ്യാപാരത്തെ പൂര്‍ണമായും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ വ്യാപാരികള്‍ ചില നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.
പത്ത് ലക്ഷം രൂപ വരെയുള്ള ഇടപാടുകളുടെ രേഖകള്‍ അഞ്ച് വര്‍ഷം വരെ സൂക്ഷിക്കണം. ഇടപാടുകളില്‍ സംശയം തോന്നിയാല്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സിനെ വിവരം അറിയിക്കണം തുടങ്ങിയവയായിരുന്നു നിര്‍ദ്ദേശങ്ങള്‍. അതേസമയം കേന്ദ്ര നീക്കം സ്വര്‍ണവ്യാപാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വര്‍ണ വ്യാപാരത്തില്‍ കാര്യമായ ഇടിവ് സംഭവിക്കുമെന്നാണ് വ്യാപാരികളുടെ വാദം. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്ക് ഇപ്പോഴും പാന്‍ കാര്‍ഡ് ഇല്ലെന്നതാണ് പ്രധാന ആശങ്ക.