പ്രചാരണം അടിസ്ഥാനരഹിതം, ചെക്ക്ബുക്കുകള്‍ പിന്‍വലിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിപ്പിക്കാനായി ചെക്കിലൂടെയുള്ള പണമിടപാടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ചെക്ക് ബുക്കുകള്‍ പിന്‍വലിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ബാങ്കിന്റെ ചെക്ക്ബുക്ക് സേവനം നിര്‍ത്താലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു പദ്ധിതയുമില്ല. ചില മാധ്യമങ്ങളില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിപ്പിക്കുവാന്‍ വേണ്ടി ഭാവിയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെക്ക്ബക്കുകള്‍ പിന്‍വലിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.

കേന്ദ്രം ചെക്ക്ബുക്കുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുള്ളതായി കോണ്‍ഫിഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സിലെ ഉദ്യോഗസ്ഥനായ പ്രവീണ്‍ ഖന്‍ഡേല്‍വാള്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.
നോട്ട് നിരോധനത്തിനുശേഷം, ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നിരുന്നാലും നോട്ടുകളുടെ ഉപയോഗം കുറഞ്ഞിട്ടില്ല.

500,1000 രൂപാ നോട്ടുകളുടെ നിരോധനത്തിനുശേഷം ചെക്ക് വഴി പണമിടപാട് നടത്തുന്നത് ഇന്ത്യയില്‍ കൂടിയിട്ടുണ്ട്. ചെക്ക്ബുക്കുകള്‍ കൂടി പിന്‍വലിക്കുന്നത് ജനങ്ങള്‍ക്ക് കൂുതല്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.