Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

ക്രെഡിറ്റ് കാർഡ് ഉപയോഗം അതിരു വിടുന്നു, നല്ലൊരു പങ്ക് ഉപയോക്താക്കളും കടക്കെണിയിലെന്ന് പഠനം

, 3:30 pm

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം ഇന്ത്യയിൽ വൻതോതിൽ ഉയരുന്നതായി പഠന റിപ്പോർട്ട്. ഉപയോക്താക്കൾ അനാവശ്യമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് മൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.
ട്രാൻസ്‌യൂണിയൻ എന്ന സ്ഥാപനം പുറത്തിറക്കിയ ‘സിബിൽ ഇൻഡസ്ട്രി ഇൻസൈറ്റ്സ്’ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.


ഈ റിപ്പോർട്ട് പ്രകാരം 2018 ജൂലൈ – സെപ്റ്റംബർ കാലയളവിൽ ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ എണ്ണം 3 .69 കോടി ആണ്. 2017ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 31.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ക്രെഡിറ്റ് കാർഡ് ഉടമകൾ അടച്ചു തീർക്കാനുള്ള തുക 84,400 കോടി രൂപയാണ്.അതായത് ഒരു ക്രെഡിറ്റ് കാർഡിന് ശരാശരി 46,000 രൂപ വീതം. മൊത്തമുള്ള കുടിശിക കഴിഞ്ഞ വർഷത്തേക്കാൾ 35.8 ശതമാനം കൂടി എന്നത് വിസ്മയകരമാണ്. ഇന്ത്യക്കാർ വൻ തോതിൽ കടബാധ്യതയിലേക്ക് നീങ്ങുന്നു എന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത.


ക്രെഡിറ്റ് കാർഡിന്റെ എണ്ണം വർധിച്ചതല്ല റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന പ്രശ്നം. നിലവിലെ ബാധ്യതകൾ കാരി ഫോർവേഡ് ചെയ്ത് കൊണ്ട് പോകുന്നതാണ് സങ്കീർണമായ പ്രതിസന്ധിയായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 1.75 കോടി ഉടമകളും ബാധ്യതകൾ തീർക്കാതെ അത് മാറ്റി വെയ്ക്കുകയോ, കൂടുതൽ സാധനങ്ങൾ വാങ്ങിക്കൂട്ടി കടക്കെണിയിൽ അകപ്പെടുകയോ ചെയ്യുന്നു എന്നതാണ് പ്രശ്നം.
ഇത്തരത്തിൽ സാമ്പത്തിക അച്ചടക്കം ഇല്ലാതെ പോകുന്നത് വലിയ റിസ്കാണ് അവരുടെ ജീവിതത്തിൽ വരുത്തി വെയ്ക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗം നിയന്ത്രണത്തോടെയല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉടമകൾ സാമ്പത്തികമായി തകർച്ചയിലാകുമെന്ന് ട്രാൻസ് യുണിയൻ ചൂണ്ടിക്കാട്ടുന്നു.

ഇത് എങ്ങിനെയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുടിശിക വരുത്തുന്ന തുകയ്ക്ക് 36 മുതൽ 50 ശതമാനം വരെ പലിശയാണ് ബാങ്കുകൾ ഈടാക്കുന്നത്. ഇതിനു പുറമെ ലേറ്റ് പേയ്‌മെന്റ് ഫീസായി കുറഞ്ഞത് 1000 രൂപ വീതം അടയ്ക്കുകയും വേണം. നിരവധി മോഹന വാഗ്ദാനങ്ങൾ നൽകിയാണ് ബാങ്കുകൾ ചെറുപ്പക്കാരെ ക്രെഡിറ്റ് കാർഡിലേക്ക് ആകർഷിക്കുകയാണ്. ഒന്നിലധികം കാർഡുകൾ ഉപയോഗിക്കുന്നത് ഏറെ ആപൽക്കരമാണെന്നാണ് ‘മൈലോൺ കെയർ ‘എന്ന സ്ഥാപനത്തിന്റെ സി ഇ ഒ ഗൗരവ് ഗുപ്ത പറയുന്നത്. ഒന്നിലധികം കാർഡുകൾ ഉണ്ടെങ്കിൽ, ഉപയോഗിക്കാത്ത കാർഡുകൾ ഉടൻ തന്നെ ബാങ്കുകളെ തിരിച്ചേല്പിച്ച് ക്ളോസ് ചെയ്യണമെന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്. പല ബാങ്കുകളും സൗജന്യമായി കാർഡ് നൽകുന്നു എന്ന് പറയാറുണ്ടെങ്കിലും ഒരു വർഷം കഴിയുമ്പോൾ ഫീസ് നൽകണം.കുറഞ്ഞത് 50,000 രൂപയുടെ പർച്ചേസ് നടത്താത്തവർക്കാണ് ഫീസ് വരുന്നത്. അതുകൊണ്ട് കാർഡ് വെറുതെ സൂക്ഷിക്കുന്നത് പോലും പണ നഷ്ടത്തിന് ഇടയാക്കും.

ക്രെഡിറ്റ് കാർഡ് കൈവശമുള്ളപ്പോൾ അനാവശ്യമായ പല പർച്ചേസുകളും നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. കയ്യിൽ പണം വേണ്ടാത്തത് കൊണ്ട് ആവശ്യമില്ലാത്ത പല സാധനങ്ങളും വാങ്ങിക്കൂട്ടുന്നത് പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഓവർ സ്‌പെൻഡിങ് നടത്തുന്ന പ്രവണത ക്രെഡിറ്റ് കാർഡ് ഉടമകളെ അപകടത്തിലാക്കും’ – അദ്ദേഹം പറഞ്ഞു. അടിക്കടി ക്രെഡിറ്റ് ലിമിറ്റിന്റെ 40 ശതമാനത്തിനു മുകളിൽ വരുന്നവർ ബാങ്കുകളോട് ക്രെഡിറ്റ് ലിമിറ്റ് ഉയർത്തണമെന്ന് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ലോൺ തന്നെയായത് കൊണ്ട് തിരിച്ചടവ് മുടങ്ങുന്നത് ഉപഭോക്താവിന്റെ സിബിൽ സ്കോറിനെ ദോഷകരമായി ബാധിക്കും.അതുകൊണ്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ഏറെ ശ്രദ്ധയോടെ വേണമെന്ന ഉപദേശമാണ് അഭിഷേക് അഗർവാൾ നൽകുന്നത്.

Advertisement