കേരളത്തില്‍ സ്വര്‍ണ്ണത്തിന് ഈ-വേബില്‍: പരിധി പത്തു ലക്ഷം രൂപ എന്നത് ഉയര്‍ത്തി 500 ഗ്രാം സ്വര്‍ണമാക്കണമെന്ന് AKGSMA; സ്ത്രീകളെ അടക്കം ബാധിക്കുന്ന നീക്കം, പ്രത്യക്ഷ സമരപരിപാടികളെ കുറിച്ച് ആലോചിക്കും

സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ കേരളത്തില്‍ മാത്രമായി ഈ-വേബില്‍ നടപ്പാക്കുമ്പോള്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള 10 ലക്ഷം രൂപ എന്ന പരിധി ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. സ്വര്‍ണം കൈകാര്യം ചെയ്യുന്ന കാര്യത്തിലും സ്വകാര്യ ആവശ്യങ്ങള്‍ക്കായി സ്വര്‍ണവുമായുള്ള യാത്രയുടെ കാര്യത്തിലും കൃത്യത വരുത്താതെ മൂന്നുദിവസത്തിനകം നടപ്പാക്കുമെന്ന നിര്‍ദ്ദേശം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന ആദായനികുതി വകുപ്പിന്റെ നിയമമനുസരിച്ച് വിവാഹിതയായ ഒരു സ്ത്രീക്ക് 500ഗ്രാം സ്വര്‍ണം കൈവശം വെക്കാം എന്നുള്ള നിയമം നിലനില്‍ക്കുമ്പോള്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഈ വേബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുമെന്നും സ്വര്‍ണവ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ കേരളത്തില്‍ ഇ വേബില്‍ നടപ്പാക്കുനുള്ള തീരുമാനം സ്ത്രീകളേയും ബാധിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ( AKGSMA) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറയുന്നു. വിവാഹിതയായ സ്ത്രീ തന്റെ 300 ഗ്രാം സ്വര്‍ണ്ണമടങ്ങുന്ന ബാഗുമായി പോയാല്‍ അത് വ്യാപാര ആവശ്യത്തിന് ഉള്ളതാണോ സ്വന്തം ആവശ്യത്തിനുള്ളതാണോ എന്ന് എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുക എന്ന ന്യായമായ ചോദ്യമാണ് അബ്ദുല്‍ നാസര്‍ ഉയര്‍ത്തുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഏത് നിയമവും ദുരുപയോഗം ചെയ്യാനുള്ള പഴുതുണ്ടെന്നും അതിനാല്‍ ഈ-വേബില്‍ ഏര്‍പ്പെടുത്തുമ്പോള്‍ 500 ഗ്രാമിന് മുകളില്‍ സ്വര്‍ണ്ണം കൊണ്ടുപോകുന്നതിന് ഈ വേബില്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.

നിലവില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നടപ്പാക്കണമെന്ന നിര്‍ദേശമുള്ള ഈ വേബില്‍ സ്വര്‍ണവ്യാപാരികളെ ആശങ്കയിലാക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്. സ്വര്‍ണ്ണം ആഭരണം ആയി കടകളില്‍ വില്‍ക്കുന്നതിനു മുമ്പായി ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ നിന്നും ഡൈ വര്‍ക്ക് നടത്തുന്നതിനും കളര്‍ ചെയ്യുന്നതിനും പല പണിശാലകളിലേക്കും കൊണ്ടു പോകേണ്ടിവരുന്നു. സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്നതിന് ദൂരസ്ഥലത്തെക്കാണ് കൊണ്ടുപോകേണ്ടത്. അതുപോലെതന്നെ സ്വര്‍ണ്ണം ഹോള്‍സെയില്‍ ആയി വില്‍ക്കപ്പെടുന്നവര്‍ സെലക്ഷന് വേണ്ടി അവരുടെ സ്ഥാപനത്തില്‍ നിന്നും വിവിധ സ്ഥാപനങ്ങളിലേക്ക് കൊണ്ടു പോകേണ്ടതായി വരുമ്പോള്‍ എങ്ങനെയാണ് ഡോക്കുമെന്റുകള്‍ സൂക്ഷിക്കേണ്ടതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനൊന്നും കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളോ സര്‍ക്കുലറോ ഇല്ലാതെ ദൃതിപ്പെട്ട് ഈ വേബില്‍ അവതരിപ്പിക്കുന്നത് സ്വര്‍ണവ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നു.

ഈ-വേ ബില്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ ഇതിനെല്ലാം കൃത്യത വരുത്തുന്നതിനു വേണ്ടി എസ് ജി എസ് ടി നിയമത്തില്‍ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറായി പുറപ്പെടുവിക്കണമെന്ന് അതിനാലാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. ഇവേ-ബില്‍ 10 ലക്ഷം എന്ന പരിധി ഉയര്‍ത്തി 500 ഗ്രാം സ്വര്‍ണത്തിന് മുകളില്‍ ആക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മൂന്നുദിവസത്തിനകം നടപ്പാക്കുമെന്ന നിര്‍ദ്ദേശം മാറ്റിവെക്കണമെന്നും വിശദമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ച ശേഷം മാത്രമേ നടപ്പാക്കാവു എന്നും AKGSMA ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും സ്വര്‍ണവ്യാപാരികളുടെ സംഘടന അറിയിച്ചു.