ക്രിപ്റ്റോ ആസ്തികളിലെ വ്യാപാരം നിയമവിരുദ്ധമായി കണക്കാക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. അത്തരം ഇടപാടുകൾക്ക് ചൂതാട്ടത്തിൽ നിന്നുള്ള വിജയത്തിന് തുല്യമായ നികുതി ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
“ക്രിപ്‌റ്റോ ഒരു ഇരുണ്ട മേഖലയാണ്. ക്രിപ്‌റ്റോ വാങ്ങുന്നതും വിൽക്കുന്നതും നിയമവിരുദ്ധമല്ല. കുതിരയോട്ടത്തിൽ നിന്നോ പന്തയങ്ങളിൽ നിന്നോ മറ്റ് ഊഹക്കച്ചവട ഇടപാടുകളിൽ നിന്നോ ഉള്ള വിജയങ്ങളെ പരിഗണിക്കുന്നതുപോലെ ക്രിപ്റ്റോ ആസ്തികളെയും പരിഗണിക്കുന്ന ഒരു നികുതി ചട്ടക്കൂട് സർക്കാർ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്.”” ധനകാര്യ സെക്രട്ടറി ടി വി സോമനാഥൻ ബ്ലൂംബെർഗ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ക്രിപ്‌റ്റോകറൻസികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾക്ക് ശേഷം, വെർച്വൽ ആസ്തികളുടെ കൈമാറ്റത്തിൽ നിന്നുള്ള വരുമാനത്തിന് 30% നികുതി ചുമത്താൻ ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിൽ സർക്കാർ നിർദ്ദേശിച്ചു. ഇതോടെ അത്തരം ഇടപാടുകളുടെ നിയമപരമായ സാധുതയെ കുറിച്ചുള്ള അനിശ്ചിതത്വം ഇല്ലാതായി.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, വിലയിലെ ചാഞ്ചാട്ടം എന്നിവയുടെ അപകടസാധ്യതകളെക്കുറിച്ചുള്ള റിസർവ് ബാങ്കിന്റെ മുന്നറിയിപ്പുകൾക്കിടെ ക്രിപ്‌റ്റോയുടെ നികുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചത് ഇന്ത്യയിൽ കുതിച്ചുയരുന്ന ക്രിപ്‌റ്റോ വ്യാപാരങ്ങളെ തടയും.
ക്രിപ്‌റ്റോകറൻസികൾ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണം കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമം പാർലമെന്റിൽ എത്തുന്നതിന് മുമ്പ് നിർദ്ദിഷ്ട നിയമം ഇന്ത്യയുടെ കാബിനറ്റ് അംഗീകരിക്കേണ്ടതുണ്ട്.
“ക്രിപ്‌റ്റോയുടെ ഭാവി നിയന്ത്രണത്തിന് എന്ത് സംഭവിക്കും, അത് നടന്നുകൊണ്ടിരിക്കുന്ന ഒരു ചർച്ചയാണ്,” സോമനാഥൻ പറഞ്ഞു. “വിശാലമായി കൂടിയാലോചിക്കുകയും അന്താരാഷ്ട്രതലത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ സമീപനം,” അദ്ദേഹം പറഞ്ഞു.
നിലവിൽ, സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് പിന്മാറില്ല. ക്രിപ്‌റ്റോ ഇടപാടുകളിൽ നിന്ന് ലഭിക്കുന്ന ഏതൊരു വരുമാനത്തിനും നികുതി ചുമത്തുന്നതിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ വെർച്വൽ നാണയങ്ങൾ ലീഗൽ ടെൻഡർ അല്ലെങ്കിലും, ഈ വർഷം ഏപ്രിൽ 1-ന് റിസർവ് ബാങ്ക് അതിന്റെ ഡിജിറ്റൽ കറൻസി അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഗവൺമെന്റിന്റെ അഭിപ്രായത്തിൽ ഇത് വിലകുറഞ്ഞതും കൂടുതൽ കാര്യക്ഷമവുമായ കറൻസി മാനേജ്മെന്റിന് തുടക്കമിടും.