സ്വര്‍ണ്ണവില സര്‍വകാല റെക്കാര്‍ഡില്‍; 916 സ്വര്‍ണം പവന് വില 840 രൂപ വര്‍ധിച്ച് 66270

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ കുറവ് മാറി വീണ്ടും കുതിപ്പിലേക്ക് സ്വര്‍ണവില തിരിച്ചെത്തി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8340 രൂപയായാണ് ഇന്ന് വില്‍പന നടത്തുന്നത്. പവന്‍ വില 840 രൂപ വര്‍ധിച്ചു 66720 രൂപയായി വ്യാപാരം തുടരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും സര്‍വകാല റിക്കാര്‍ഡ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 85 രൂപ ഗ്രാമിന് വര്‍ധിച്ച് 6840 രൂപയില്‍ എത്തി നില്‍ക്കുന്നു 18 കാരറ്റ് സ്വര്‍ണം. പവന്‍ വില 54720 രൂപയിലേക്കും കുതിച്ച് എത്തി.

സ്വര്‍ണം ഈ കുതിപ്പിലൂടെ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തുന്നതിന് മുമ്പ് ഉണ്ടായ ഇടിവ് ഡോളറിനെതിരെ രൂപ കരുത്താര്‍ജ്ജിച്ചതോടെയായിരുന്നു. മാര്‍ച്ച് 25ാം തിയ്യതി വരെയുള്ള അഞ്ച് ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവിലയെ ആശ്രയിച്ചായിരുന്നു. ഡോളറിന് മുന്നില്‍ ഇന്ത്യന്‍ രൂപ കരുത്തുകാട്ടിയതോടെ പവന് 1000 രൂപയുടെ വ്യത്യാസമാണ് ഈ അഞ്ച് ദിവസത്തിനിടയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായത്. 2025 ജനുവരി ഒന്നിന് 2623 ഡോളര്‍ ആയിരുന്ന അന്താരാഷ്ട്ര സ്വര്‍ണ്ണവില മാര്‍ച്ച് 20 ആയപ്പോള്‍ 3057 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ മാര്‍ച്ച് 25 വരെയുള്ള 5 ദിവസങ്ങളില്‍ സ്വര്‍ണ്ണവിലയില്‍ അന്താരാഷ്ട്ര തലത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തി 3015 ഡോളറിലേക്ക് സ്വര്‍ണം എത്തിയതോടെയാണ് അത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇതില്‍ നിന്നാണ് സ്വര്‍ണം വീണ്ടും മാര്‍ച്ച് 28 എത്തിയതോടെ കുതിച്ച് സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തിയത്.

വെള്ളി വിലയും സര്‍വ്വകാല റെക്കോര്‍ഡ് ആണ് രേഖപ്പെടുത്തുന്നത്. 3രൂപ ഗ്രാമിന് വര്‍ധിച്ച് 112 രൂപ ഗ്രാമിന് വെള്ളി വിലയായി വ്യാപാരം തുടരുന്നു. ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72400 രൂപ നല്‍കണമെന്നതാണ് സ്വര്‍ണ ജൂവലറികളിലെ അവസ്ഥ. രാജ്യാന്തര സ്വര്‍ണ്ണവില 3075 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.61 ആണ്. ട്രംപിന്റെ വാഹന താരിഫുകള്‍ ആഗോള വിപണിയില്‍ കൂടുതല്‍ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. രാജ്യാന്തര സ്വര്‍ണ്ണവില 3085 ഡോളര്‍ കടന്നാല്‍ 3150 ഡോളര്‍ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.