സാമ്പത്തിക മാന്ദ്യം നികുതി വരവിന് നെഗറ്റീവാകും, ജി.എസ്.ടി കളക്ഷൻ 40,000 കോടി കുറയുമെന്ന് വിദഗ്ദർ

സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നതിന് പുറമെ കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ പ്രകടമായ ഇടിവ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. ജി എസ് ടി വരുമാനത്തെയാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുകയെന്നാണ് നിഗമനം. ഈ സാമ്പത്തിക വർഷത്തിൽ ജി എസ് ടി വരുമാനത്തിൽ 40,000 കോടി രൂപയുടെ കുറവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. സാമ്പത്തിക മാന്ദ്യം മൂലം ബിസിനസ് രംഗത്തുണ്ടായ തളർച്ചയാണ് ഈ സ്ഥിതിക്ക് പ്രധാന കാരണം.

സംസ്ഥാനങ്ങൾക്ക് 14 ശതമാനം അധിക നികുതി വിഹിതം കേന്ദ്രം നൽകുമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നതിനാൽ വരുമാനത്തിലെ ഇടിവ് കേന്ദ്ര സർക്കാരിനെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുക.

അതിനിടെ, സാമ്പത്തിക തളർച്ച സേവന മേഖലയെയും തളർത്തുന്നതായി ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവെ വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ജി എസ് ടി വരുമാനത്തിൽ 10 ശതമാനം വളർച്ചയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ആദ്യത്തെ അഞ്ച് മാസങ്ങളിൽ വളർച്ച 6 .4 ശതമാനം മാത്രമാണ്. ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മാസത്തിൽ മാത്രമാണ് ജി എസ് ടി വഴി ഒരു ലക്ഷം കോടി രൂപയിൽ കൂടുതൽ നേടാൻ കഴിഞ്ഞത്. 1 .13 ലക്ഷം കോടി രൂപ ആ മാസം നേടാൻ കഴിഞ്ഞെങ്കിൽ തുടർന്നുള്ള മാസങ്ങളിൽ അത് ഒരു ലക്ഷം കോടി രൂപക്ക് താഴെയാണ്. സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തുടർന്നുള്ള മാസങ്ങളിൽ നികുതി വരുമാനം പിന്നെയും താഴുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ജി എസ് ടി വരുമാനം 40,000 കോടി രൂപ കണ്ട് കുറയുമെന്നാണ് അനുമാനം.