ആധാറും പാന്‍കാര്‍ഡുമുണ്ടോ? ഏപ്രില്‍ ഒന്നിനു മുമ്പ് ഇത് ചെയ്തില്ലെങ്കില്‍ ആയിരം രൂപ പിഴയൊടുക്കേണ്ടിവരും

ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാനുള്ള അവസാന തിയ്യതി മാര്‍ച്ച് 31 ആണ്. ഈ തിയ്യതി കഴിഞ്ഞാല്‍ പിഴയീടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. 1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 234എച്ച് പ്രകാരം ആധാര്‍ പാന്‍ ലിങ്ക് ചെയ്യാന്‍ വൈകിയാല്‍ ആയിരം രൂപ പിഴയൊടുക്കണം.

2021ലെ ഫിനാന്‍സ് ആക്ടിലൂടെയാണ് സെക്ഷന്‍ 234എച്ച് കൊണ്ടുവന്നത്. 2021 ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിരുന്നു. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139 എ.എ പ്രകാരം ആധാറും പാന്‍കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയൊടുക്കേണ്ടിവരുമെന്ന കാര്യം ധനകാര്യമന്ത്രി പങ്കജ് ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ നിരവധി തവണ സര്‍ക്കാര്‍ ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തിയ്യതി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ തിയ്യതി നീട്ടിയിട്ടില്ല.

പാന്‍കാര്‍ഡും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം:

ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതായി ആദായ നികുതി ഡിപ്പാര്‍ട്ട്മെന്റിന്റെ ഇ ഫയലിങ് വെബ്സൈറ്റിലേക്ക് പോകുക. ലോഗിന്‍ ചെയ്തും അല്ലാതെയും ആധാറും പാന്‍കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാം.

ഇനി നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും പാനും ആധാറും ലിങ്ക് ചെയ്യാം. ഈ നമ്പറില്‍ നിന്നും 567678 ലേക്കോ 56161ലേക്കോ എസ്.എം.എസ് അയച്ചാല്‍ മതി. UIDPAN<SPACE><12 Digit Aadhaar Number><SPACE><10 Digit PAN> എന്നതാണ് എസ്.എം.എസ് ഫോര്‍മാറ്റ്.

Read more

ആധാറും പാന്‍കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യുമ്പോള്‍ തടസമുണ്ടാവാതിരിക്കാന്‍ ഇരു രേഖകളിലെയും ജനനതിയ്യതിയും പേരും ലിംഗവും ഒന്നാണെന്ന് ഉറപ്പുവരുത്തണം.