കാലിഫോര്‍ണിയയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഒഴിയുന്നു. കാലിഫോര്‍ണിയ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇലോണ്‍ മസ്‌കിന്റെ തീരുമാനം. 2006ല്‍ ട്വിറ്റര്‍ സ്ഥാപിക്കപ്പെടുമ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടമാണ് ഒഴിയാന്‍ തീരുമാനമായത്.
2022ല്‍ ആയിരുന്നു ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയത്. തുടര്‍ന്ന് ട്വിറ്ററിനെ എക്‌സ് എന്ന് പുനഃര്‍നാമകരണം ചെയ്തിരുന്നു. കാലിഫോര്‍ണിയയില്‍ നിന്ന് എക്‌സിന്റെ ആസ്ഥാനം ടെക്‌സസിലേക്ക് മാറ്റുമെന്ന് മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2020ല്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനിയും കാലിഫോര്‍ണിയയില്‍ നിന്ന് ടെക്‌സസിലേക്ക് മാറ്റിയിരുന്നു.
സ്‌പേസ് ടൂറിസം മുന്‍നിറുത്തി മസ്‌ക് ആരംഭിച്ച സ്‌പേസ് എക്‌സിന്റെ ആസ്ഥാനവും കാലിഫോര്‍ണിയയില്‍ നിന്ന് മാറ്റുമെന്ന് മസ്‌ക് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എക്‌സിന്റെ ആസ്ഥാനം മാറ്റുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായത്. ഇതേ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏര്യയിലെ ജീവനക്കാരെ സിലിക്കണ്‍ വാലിയിലേക്കും സാന്‍ഹൊസെയിലെ മറ്റൊരു ഓഫീസിലേക്കും മാറ്റാന്‍ തീരുമാനമായി.
അതേസമയം നേരത്തെ എക്‌സ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമകള്‍ വാടക നല്‍കിയില്ലെന്ന പേരില്‍ സ്ഥാപനത്തിനെതിരെ പരാതി നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.