ബിഎസ്എന്‍എല്ലിന്റെ രക്തം ഊറ്റിക്കുടിച്ച് വളര്‍ന്ന ജിയോ

രാജ്യത്തെ ഫൈവ് ജി മൊബൈല്‍ സേവന ദാതാക്കള്‍ക്ക് താങ്ങും തണലുമാകുന്നത് ഫോര്‍ ജി സേവനത്തിലേക്ക് ചുവടുറപ്പിക്കുന്ന ബിഎസ്എന്‍എല്‍ ആണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ?

വിവിധ ഫൈവി ജി മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ടവറുകള്‍ വാടകയ്ക്ക് നല്‍കിയ ഇനത്തില്‍ റെക്കോര്‍ഡ് വാടകയാണ് ഇത്തവണ ബിഎസ്എന്‍എല്ലിന് ലഭിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോമാണ് വാടക ഇനത്തില്‍ ബിഎസ്എന്‍എല്ലിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയത്.

1055.8 കോടി രൂപയാണ് ബിഎസ്എന്‍എല്ലിന് 2023-24 സാമ്പത്തിക വര്‍ഷം ടവറുകള്‍ വാടകയ്ക്ക് നല്‍കിയ ഇനത്തില്‍ ലഭിച്ചത്. രാജ്യത്ത് ആകെ ബിഎസ്എന്‍എല്‍ വിവിധ സ്വകാര്യ കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കിയത് 12502 ടവറുകളാണ്. ഇതില്‍ 8408 ടവറുകള്‍ വാടകയ്‌ക്കെടുത്തിരിക്കുന്നത് റിലയന്‍സ് ജിയോ ഇന്‍ഫോകോമാണ്. അതായത് ഭൂരിഭാഗം ടവറുകളും നല്‍കിയത് ജിയോയ്ക്ക്.

2016 സെപ്റ്റംബറിലായിരുന്നു ജിയോ ഇന്‍ഫോകോം സേവനം ആരംഭിച്ചത്. ഇതിന് പിന്നാലെ 2017-18 കാലയളവിലായിരുന്നു ജിയോ വ്യാപകമായി ബിഎസ്എന്‍എല്‍ ടവറുകള്‍ വാടകയ്‌ക്കെടുത്തത്. തുടര്‍ന്ന് ജിയോ ഫോര്‍ ജി സേവനം രാജ്യത്താകമാനം പടര്‍ന്ന് പന്തലിക്കുകയായിരുന്നു.

എയര്‍ടെല്‍ 2415 ടവറുകളും വോഡഫോണ്‍ 1568 ടവറുകളും വാടകയ്‌ക്കെടുത്തിട്ടുണ്ട്. ഇതിനുപുറമേ സിഫി 86 ടവറുകളും എംടിഎന്‍എല്‍ 13 ടവറുകളും ഫിഷരീസിന് ആറ് ടവറുകളും വിവാനെറ്റ് അഞ്ച് ടവറുകളും സംസ്ഥാന പൊലീസ് ഒരു ടവറും വാടകയ്‌ക്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 14 വര്‍ഷമായി വാടക ഇനത്തില്‍ ബിഎസ്എന്‍എല്ലിന് ആകെ ലഭിച്ചത് 8348.92 കോടി രൂപയാണ്.

അംബാനിയുടെ ജിയോയും എയര്‍ടെല്ലും ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളെല്ലാം ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ താരിഫ് കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതോടെ വ്യാപകമായി ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സിഗ്നലിന്റെ അഭാവവും വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് സേവനവും ഉപഭോക്താക്കളുടെ മനം മടുപ്പിക്കുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭിക്കേണ്ട ബിഎസ്എന്‍എല്‍ ഫൈവ് ജി സേവനങ്ങള്‍ ഇപ്പോഴും ആരംഭിക്കാത്തതിന് കാരണം ജിയോയാണെന്ന വാദം ബലപ്പെടുകയാണ്. വെറും ആരോപണം മാത്രമല്ല ജിയോയ്ക്കെതിരെയുള്ളത്. കുളയട്ടയെപ്പോലെ ബിഎസ്എന്‍എല്ലിന്റെ രക്തം ഊറ്റിക്കുടിച്ച് തന്നെയാണ് ജിയോ വളര്‍ന്നത്.

ജിയോയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതാവട്ടെ റിലയന്‍സിന്റെ ഇഷ്ടക്കാരായ എന്‍ഡിഎ സര്‍ക്കാരും. ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ചയ്ക്ക് തുരങ്കം വച്ചുകൊണ്ട് ജിയോയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നേരത്തെ ബിഎസ്എന്‍എല്‍ 4ജി നെറ്റ്വര്‍ക്ക് റോള്‍ഔട്ടിനായി ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ചിരുന്നു. എന്നാല്‍ ടെലികോം എക്യുപ്‌മെന്റ് ആന്‍ഡ് സര്‍വീസസ് പ്രൊമോഷന്‍ കൗണ്‍സിലിന്റെ (ടിഇപിസി) പരാതിയുടെ അടിസ്ഥാനത്തില്‍ ഈ ടെന്‍ഡര്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. അംബാനിയുടെ ജിയോ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി ടെന്‍ഡര്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ നയം ലംഘിച്ചുവെന്നായിരുന്നു പരാതി.

ടെന്‍ഡറിന് പങ്കെടുക്കുന്ന കമ്പനികള്‍ക്ക് 8,000 കോടി രൂപയുടെ വിറ്റുവരവും 20 ദശലക്ഷം 4ജി ലൈനുകളും ആവശ്യമെന്നായിരുന്നു ടെന്‍ഡറിലെ വ്യവസ്ഥ. എന്നാല്‍ സര്‍ക്കാര്‍ ടിഇപിസിയുടെ പക്ഷം ചേര്‍ന്ന് ഫോര്‍ ജി റോള്‍ ഔട്ട് മനഃപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു.

എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നോക്കിയ, ഹുവായ് തുടങ്ങിയ ആഗോള ടെക് ഭീമന്‍മാരില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ സ്വാതന്ത്ര്യമുള്ളപ്പോള്‍ ബിഎസ്എന്‍എല്ലിന് പ്രാദേശിക വെണ്ടര്‍മാരില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ സമ്മര്‍ദ്ദമുണ്ടായി. നിലവാരമില്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ബിഎസ്എന്‍എല്ലിന്റെ നെറ്റ്വര്‍ക്ക് നവീകരണവും വിപുലീകരണവും വിഫലമായി.

ബിഎസ്എന്‍എല്ലിന് നല്‍കിയിരുന്ന സേവനങ്ങള്‍ വ്യാപകമായി ജിയോയ്ക്ക് കൈമാറിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലെയും റെയില്‍വേ സേവനങ്ങളുടെയും ഇന്റര്‍നെറ്റ് ദാതാവായി മോദി സര്‍ക്കാര്‍ മുകേഷ് അംബാനിയുടെ ജിയോയെ തിരഞ്ഞെടുക്കുകയായിരുന്നു.

2015-ന് ശേഷം സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന്റെ പരസ്യച്ചെലവ് കുത്തനെ കുറച്ചു. ഉപഭോക്താക്കളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കമ്പനിയ്ക്ക് സാധിക്കാതെയായി. 2005ല്‍ 21% വിപണി വിഹിതമുണ്ടായിരുന്ന ബിഎസ്എന്‍എല്ലിന് 2022 ആയപ്പോഴേക്കും അത് 10 ശതമാനമായി കുറയുകയായിരുന്നു. 2022 മാര്‍ച്ചോടെ ബിഎസ്എന്‍എല്ലിന്റെ നഷ്ടം 57,671 കോടി രൂപയായി.

ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനുശേഷം, ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ചൈനീസ് കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ബിഎസ്എന്‍എലിനെ വിലക്കി. എന്നാല്‍ ജിയോ ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികള്‍ക്ക് ഈ വിലക്ക് ബാധകമായിരുന്നില്ല. ദേശീയ സുരക്ഷാ ആശങ്കകള്‍ക്കിടയിലും, സെന്‍സിറ്റീവ് പ്രോജക്ടുകള്‍ ജിയോയെ ഏല്‍പ്പിച്ചു.

മോദി സര്‍ക്കാരിന്റെ നയങ്ങളും നടപടികളും ബിഎസ്എന്‍എല്ലിനെ നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് തള്ളുകയായിരുന്നു. റിലയന്‍സ് ജിയോയ്ക്കും അതിന്റെ ഉടമ മുകേഷ് അംബാനിക്കും ഇതുണ്ടാക്കിയ നേട്ടം ചെറുതായിരുന്നില്ല. ഇന്ന് ബിഎസ്എന്‍എല്ലില്‍ ബാക്കിയാകുന്നത് ആശങ്കകളും പ്രതിസന്ധികളും മാത്രമാണ്.

ഏത് നിമിഷവും അന്ത്യശ്വാസം വലിക്കാന്‍ സാധ്യതയുള്ള ഒരു വെള്ളാനയായി ബിഎസ്എന്‍എല്‍ മാറിക്കഴിഞ്ഞു. ബിഎസ്എന്‍എല്ലിന് മോദി ഒപ്പീസ് ചൊല്ലുന്ന ദിവസം വിദൂരമാകില്ലെന്നാണ് സ്വകാര്യ വത്കരിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി