ഓഹരി വിപണിയില്‍ ചരിത്ര നേട്ടം കൈവരിച്ച് റിലയന്‍സ് ഇന്റസ്ട്രീസ്. ജിയോ താരിഫുകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി വളര്‍ച്ച. ഇതോടെ 21 ലക്ഷം കോടിയിലെത്തി റിലയന്‍സ് ഇന്റസ്ട്രീസിന്റെ വിപണി മൂലധനം. താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഓഹരി വിപണിയിലെ കുതിപ്പ്.
നിലവില്‍ 3128 രൂപയാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം. ജിയോ 12.5 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് താരിഫുകളില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഈ വര്‍ഷം മാത്രം റിലയന്‍സ് ഓഹരികളില്‍ 20 ശതമാനം വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ റിലയന്‍സ് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്.
ജിയോയുടെ വരുമാനം 18 ശതമാനവും ലാഭം 26 ശതമാനവും വര്‍ദ്ധിക്കുമെന്നും വിവിധ സ്ഥാപനങ്ങള്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ 3128 രൂപ വിലയുള്ള ഓഹരികള്‍ 3380നും 3580നും ഇടയിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ജെഫറീസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, കൊടാക് സെക്യൂരിറ്റീസ് തുടങ്ങിയ സ്ഥാപനങ്ങളും ഓഹരി മൂല്യം വര്‍ദ്ധിക്കുമെന്ന് അഭിപ്രായപ്പെടുന്നു.
റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം പതിവായി വിലയിരുത്തുന്ന 28ഓളം സ്ഥാപനങ്ങളാണ് ഓഹരികള്‍ വാങ്ങാന്‍ അഭിപ്രായപ്പെടുന്നത്. പ്രതിദിനം 2ജിബി ഡാറ്റയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ക്ക് മാത്രമാകും ഇനി 5ജി സേവനങ്ങള്‍ ലഭ്യമാകുക. നേരത്തെ തന്നെ താരിഫുകള്‍ ഉയര്‍ത്താന്‍ കമ്പനി തീരുമാനിച്ചെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു.