കല്യാണ്‍ ജൂവലേഴ്‌സിന്റെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്‌സ് സ്വന്തമാക്കി. കാന്‍ഡിയറിന്റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്റെ പക്കല്‍ അവശേഷിച്ച ഓഹരികളാണ് 42 കോടി രൂപയ്ക്ക് കല്യാണ്‍ ജൂവലേഴ്‌സ് വാങ്ങിയത്. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന്റെ പൂര്‍ണ സബ്‌സിഡിയറിയായി കാന്‍ഡിയര്‍ മാറും.
2017-ലാണ് കല്യാണ്‍ ജൂവലേഴ്‌സ്, കാന്‍ഡിയറിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ-കൊമേഴ്‌സ് ബിസിനസ് രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഓണ്‍ലൈന്‍ ആഭരണവില്‍പ്പനയുമായി 2013-ല്‍ തുടക്കമിട്ട കാന്‍ഡിയറിനെ കല്യാണ്‍ ജൂവലേഴ്‌സ് സ്വന്തമാക്കിയതോടെ മികച്ച വളര്‍ച്ചയാണ് സ്ഥാപനത്തിനുണ്ടായത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ കാന്‍ഡിയറിന്റെ വാര്‍ഷിക വരുമാനം 130.3 കോടി രൂപയായിരുന്നു. ഈ സാഹചര്യത്തിലാണ് അവശേഷിച്ച ഓഹരികള്‍ കൂടി കാന്‍ഡിയറിന്റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്റെ കയ്യില്‍ നിന്ന് സ്വന്തമാക്കി പൂര്‍ണമായും കല്യാണ്‍ ജൂവലേഴ്‌സിന്റെ അനുബന്ധ കമ്പനിയാക്കിയത്.
Read more
ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഹൈപ്പര്‍-ലോക്കല്‍ ഉപയോക്തൃ ബ്രാന്‍ഡായി വളരാന്‍ സാധിക്കുമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് തെളിയിച്ചു കഴിഞ്ഞെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കാന്‍ഡിയറിലൂടെ ആഭരണവ്യവസായ രംഗത്ത് ലൈറ്റ് വെയ്റ്റ്, ഫാഷന്‍ ഫോര്‍വേഡ്, ആഗോളതലത്തില്‍ താത്പര്യമുള്ള രൂപകല്‍പ്പനകള്‍ എന്നീ രംഗങ്ങളിലേക്ക് കടന്നുചെല്ലാനാണ് ലക്ഷ്യമിടുന്നത്. കാന്‍ഡിയറിനെ സവിശേഷമായ രീതിയില്‍ വളര്‍ത്തിയെടുത്ത രൂപേഷ് ജെയിന് നന്ദിയും കല്യാണ്‍ ജൂവലേഴ്‌സ് എംഡി പറഞ്ഞു. ശ്രദ്ധേയമായ റീട്ടെയ്ല്‍ സാന്നിദ്ധ്യവുമായി അടുത്ത ഘട്ട വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും ടി എസ് കല്യാണരാമന്‍ വ്യക്തമാക്കി.