സ്വര്‍ണത്തിന്റെ അടിസ്ഥാന തീരുവ കുറച്ചതിനെ സ്വാഗതം ചെയ്ത് കല്യാണ്‍ ജൂവലേഴ്‌സ്; ബജറ്റ് പ്രഖ്യാപനം സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന് ടിഎസ് കല്യാണരാമന്‍

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന തീരുവ കുറച്ചതിനെ സ്വാഗതം ചെയ്ത് കല്യാണ്‍ ജൂവലേഴ്‌സ്. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം സ്വര്‍ണത്തിലും മറ്റ് ആഭരണങ്ങളിലും നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും ഇത് ആഭരണ വ്യവസായത്തിന് നേട്ടം കൈവരിക്കാന്‍ സഹായിക്കുമെന്നും കല്യാണ്‍ ജൂവലേഴ്‌സ് എംഡി ടിഎസ് കല്യാണരാമന്‍ വ്യക്തമാക്കി.

ബജറ്റില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് തീരുവ കുറയ്ക്കുന്ന തീരുമാനം സ്വാഗതം ചെയ്യുന്നു. ഡയമണ്ട് കട്ടിംഗ്, പോളിഷിംഗ് മേഖലയുടെ ഉന്നമനത്തിനായി സ്വീകരിച്ച നടപടികളും ആഭരണ വ്യവസായത്തിന് ഗണ്യമായ നേട്ടമുണ്ടാക്കാന്‍ പര്യാപ്തമാണെന്നും ടിഎസ് കല്യാണരാമന്‍ അറിയിച്ചു.

ഇന്ത്യന്‍ ആഭരണ മേഖലയുടെ ഗുണനിലവാരവും ആഗോള മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയ്ക്കും ഉതകുന്ന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും കല്യാണരാമന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി. ബജറ്റിന് മുന്‍പ് 53,960 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ബജറ്റ് പ്രഖ്യാപനത്തിന് ഒരു മണിക്കൂര്‍ ശേഷം സ്വര്‍ണവിലയില്‍ 2000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണം പവന് 51,960രൂപയായി കുറഞ്ഞു. ഗ്രാമിന് 250 രൂപയുടെ കുറവ് സംഭവിച്ചിട്ടുണ്ട്. ഗ്രാമിന് 6745 രൂപയായിരുന്നത് 250 രൂപ കുറഞ്ഞ് 6495 രൂപയായി.

ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്നും 6 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച 55,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് വിലയില്‍ കാര്യമായ ഇടിവുണ്ടായത്.