ഐശ്വര്യം വാങ്ങാം, വരുന്നൂ... ധന്തേരാസ്

ദീപാവലി ആഘോഷത്തിന്റെ ആദ്യ ദിവസമാണ് ധന്തേരാസ്. വിവാഹത്തിന്റെ നാലാംനാള്‍ പാമ്പുകടിയേറ്റ് മരിക്കുമെന്ന് പ്രവചിക്കപ്പെട്ട രാജകുമാരനെ ഉറങ്ങാതെ കാവലിരുന്ന് രക്ഷിച്ച രാജകുമാരിയുടെ ദിവസം. സര്‍പ്പരൂപത്തിലെത്തിയ യമരാജന് പ്രവേശന കവാടത്തില്‍ ആഭരണങ്ങളും ദീപങ്ങളും നിരത്തിയുണ്ടാക്കിയ പ്രകാശത്തില്‍ കണ്ണഞ്ചി തിരിച്ചു പോകേണ്ടിവന്നുവെന്ന് വിശ്വാസം.

സമ്പത്തും സമൃദ്ധിയും എന്ന അര്‍ഥത്തില്‍ ധനത്രയോദഷി എന്നും കുഞ്ഞു ദീപാവലി എന്നും അറിയപ്പെടുന്നു ധന്തേരാസ്. സ്വര്‍ണവും പുതുവസ്ത്രങ്ങളും വാങ്ങി, വൈകിട്ട് ദീപങ്ങള്‍ തെളിച്ച് ലക്ഷ്മീദേവിയെ വീട്ടിലേക്ക് ക്ഷണിക്കാനുള്ള ദിവസം. കൃഷ്ണപക്ഷത്തിന്റെ 13 ാം നാള്‍ ലക്ഷ്മീ പൂജയ്ക്ക് 2 ദിവസം മുന്‍പാണ് ഇതു വരിക. ഹിന്ദു കലണ്ടര്‍ പ്രകാരം അശ്വിന മാസത്തില്‍. ഇത്തവണ ഒക്ടോബര്‍ 25നാണിത്.

ആചാരങ്ങള്‍ പലതരം

മല്ലിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പരമ്പരാഗത പലഹാരം ദേവിക്ക് സമര്‍പ്പിക്കുന്ന നൈവേദ്യ ദിവസമാണ് മഹാരാഷ്ട്രക്കാര്‍ക്ക് ധന്തേരാസ്. ദക്ഷിണേന്ത്യയില്‍ ഈ ദിവസം ലക്ഷ്മീദേവിയുടെ പുനരവതാരമെന്ന സങ്കല്‍പത്തില്‍ പശുക്കളെ ആഭരണങ്ങളും മറ്റുമിട്ട് അലങ്കരിച്ച് ആരാധിക്കുന്നു. കച്ചവട സ്ഥാപനങ്ങള്‍ രാത്രി മുഴുവന്‍ മനോഹരമായി ദീപാലങ്കാരങ്ങള്‍ ചെയ്തു നിര്‍ത്തുന്നു. അരിമാവ് കൊണ്ട് ചെറിയ കാല്‍പ്പാടുകള്‍ വരച്ച് ദേവിക്കായുള്ള ദീര്‍ഘകാല കാത്തിരിപ്പിന്റെ പ്രതീകമൊരുക്കുന്നു.

ധന്തേരാസ് ദിവസം ഏതു രൂപത്തിലും ആകൃതിയിലും വലിപ്പത്തിലുമുള്ള ലോഹം വാങ്ങുക എന്നതാണ് ഒരു പ്രധാന ആചാരം. അടുക്കളയിലേക്കുള്ള പാത്രങ്ങളോ സ്വര്‍ണമോ വെള്ളിയോ എന്തുമാവാം. ലോഹം ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്നതാണ് വിശ്വാസം. സ്വര്‍ണവും വെള്ളിയും പാത്രങ്ങളും വാങ്ങുന്നത് രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണമായാണ് വിശ്വസിക്കപ്പെടുന്നത്. പുതിയ ധനമെന്ന നിലയില്‍ ഭാഗ്യത്തെയും സൂചിപ്പിക്കുന്നു. അഞ്ചു ദിവസങ്ങളിലായി ആഘോഷിക്കുന്ന ദീപാവലിയുടെ ഓരോ ദിവസത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്. വെളിച്ചവും പടക്കങ്ങളും ദീപങ്ങളും മിഠായികളും സമ്മാനങ്ങളും നിറഞ്ഞ ആഘോഷം. ഇതില്‍ ധന്തേരാസ് സ്വര്‍ണം വാങ്ങുന്നവര്‍ക്കും ബിസിനസുകാര്‍ക്കും ഏറെ പ്രധാനപ്പെട്ട ദിവസമാണ്. രാജ്യാന്തര തലത്തില്‍ത്തന്നെ ഈ ദിവസം സ്വര്‍ണത്തിന് ആവശ്യം കൂടുകയും വില വര്‍ധിക്കുകയും ചെയ്യാറുണ്ട്.

ആയുര്‍വേദത്തിലും ധന്തേരാസ്

ഭാരതീയ ആയുര്‍വേദ ആചാര്യന്‍ ധന്വന്തരിയെയും ഈ ദിവസം ആരാധിക്കുന്നു. ധന്തേരാസ് ദിവസത്തെ ദേശീയ ആയുര്‍വേദ ദിനമായി ആചരിക്കാന്‍ ആയുര്‍വേദ, യോഗ, നാച്വറോപതി, യുനാനി, സിദ്ധ, ഹോമിയോപ്പതി മന്ത്രാലം തീരുമാനിച്ചതിനെ തുടര്‍ന്ന് ആദ്യമായി ഇത് 2016 ഒക്ടോബര്‍ 28ന് ആചരിച്ചു.

ധന്തേരാസിന്റെ കഥ

ഹിമ എന്ന രാജാവിന്റെ 16 വയസുള്ള മകന്‍ ഗ്രഹനില പ്രകാരം അവന്റെ വിവാഹത്തിന്റെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്ന് പ്രവചിക്കപ്പെട്ടു. വിവാഹത്തിന്റെ നാലാം നാള്‍ രാത്രി മുഴുവന്‍ കുമാരന്റെ ഭാര്യ ഉറങ്ങാതെ കാവലിരുന്നു. ആഭരണങ്ങള്‍ മുഴുവന്‍ ഒരു കൂടയിലിട്ട് പ്രവേശന കവാടത്തിന്റെ അരികെ ചുറ്റിലും വിളക്കുകള്‍ കത്തിച്ചുവച്ചു. ഭര്‍ത്താവ് ഉറങ്ങിപ്പോകാതിരിക്കാന്‍ അവള്‍ രാത്രി മുഴുവന്‍ പാട്ടു പാടിക്കൊണ്ടിരുന്നു. പുലര്‍ച്ചെ സര്‍പ്പ രൂപത്തില്‍ സ്ഥലത്തെത്തിയ യമരാജന്‍ അവിടം മുഴുവനുമുള്ള പ്രകാശത്തില്‍ കണ്ണഞ്ചി അവിടെ പ്രവേശിക്കാനാവാതെ മടങ്ങിപ്പോകുകയായിരുന്നു. രാജകുമാരന്റെ ജീവന്‍ രക്ഷിച്ച ആത്മസഖിയുടെ ബുദ്ധിയും അര്‍പ്പണബോധവും ധന്തേരാസ് ആഘോഷത്തിന്റെ ഐതിഹ്യമായി മാറി.

സ്വാധീനം ഓഹരി വിപണിയിലും

ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്ന ദിവസമാണ് ധന്തേരാസ്. ഉത്തരേന്ത്യയിലൊക്കെ ഈ ദിവസം ഒരു തരി പൊന്നെങ്കിലും വാങ്ങാത്തവര്‍ അപൂര്‍വം. സമ്പത്തിന്റെ സൂക്ഷിപ്പുകാരായ കുബേരനെയും ലക്ഷ്മീദേവിയെയും ആരാധിക്കുന്ന ഈ നാളില്‍ എല്ലാവരും സ്വന്തം സാമ്പത്തിക ശേഷി അനുസരിച്ച് സ്വര്‍ണമോ വെള്ളിയോ പാത്രങ്ങളോ വാങ്ങാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ധന്തേരാസ് ദിവസം രാജ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഗോള്‍ഡ് ഇടിഎഫിന്റെയും ഗോള്‍ഡ് ബോണ്ടിന്റെയും വ്യാപാര സമയം ദീര്‍ഘിപ്പിച്ചു നല്‍കുകപോലുമുണ്ടായി. കഴിഞ്ഞ വര്‍ഷം ബിഎസ്ഇയിലും എന്‍എസ്ഇയിലും 9.15 മുതല്‍ 3.30 വരെയുള്ള സാധാരണ വ്യാപാര സമയം കഴിഞ്ഞ് വൈകിട്ട് 4.30ന് ആരംഭിച്ച ഇടിഎഫിന്റെയും ബോണ്ടിന്റെയും വില്‍പന രാത്രി ഏഴു വരെ തുടര്‍ന്നു. ആവശ്യക്കാര്‍ ഒഴുകിയെത്തിയതിനെ തുടര്‍ന്നാണ് ഇത്രയും നീണ്ടത്.

ധന്തേരാസ് മുഹൂര്‍ത്തം

ഒക്ടോബര്‍ 25ന് വൈകിട്ട് 7.10 മുതല്‍ 8.15വരെയുള്ള ഒരു മണിക്കൂര്‍ അഞ്ചു മിനിറ്റാണ് ഈ വര്‍ഷത്തെ ധന്തേരാസ് മുഹൂര്‍ത്തം. പ്രദോഷകാലം: വൈകിട്ട് 5.42 മുതല്‍ 8.15വരെ. വൃഷഭ കാലം: വൈകിട്ട് 6.51 മുതല്‍ രാത്രി 8.47വരെ. ന്യൂഡല്‍ഹി അടിസ്ഥാനമാക്കിയുള്ള സമയമാണിത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആനുപാതികമായ മാറ്റമുണ്ടാകും.

ഇന്ത്യയില്‍ സ്വര്‍ണം വാങ്ങുന്നത് ശുഭകരമെന്ന് വിശ്വസിക്കപ്പെടുന്ന വിശേഷ ദിവസങ്ങള്‍

മകര സംക്രാന്തി (ജനുവരി)

രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന മകര സംക്രാന്തി കൊയ്ത്തുത്സവമാണ്. വിളവെടുപ്പിന്റെ തുടക്കമായാണ് ഈ ആഘോഷം.

ഉഗാദി, ഗുഡി പഡ്വ (ഏപ്രില്‍ )

ഹിന്ദു കലണ്ടറിന്റെ ആരംഭമാണ് ഉഗാദിയും ഗുഡി പഡ്വയും. ഓരോ നാടുകള്‍ക്കനുസരിച്ചും ഇത് വ്യത്യാസപ്പെട്ടിരിക്കും. ആന്ധ്ര, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ ഉഗാദി പുതുവര്‍ഷമാണ്. ഗുഡി പഡ്വ മഹാരാഷ്ട്രയിലെ പുതുവര്‍ഷാഘോഷമാണ്. കേരളത്തില്‍ ഓണവും പഞ്ചാബില്‍ വൈശാഖിയും ആഘോഷിക്കുന്നു. ഈ ഉത്സവകാലങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരാറുണ്ട്.

Related image

ദീപാവലി / ധന്തേരാസ് (ഒക്ടോബര്‍ )

ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഏറ്റവും കൂടുതല്‍ വര്‍ധിക്കുന്ന സമയമാണ് ദീപാവലി ആഘോഷങ്ങളുടെ ആദ്യ ദിവസമായ ധന്തേരാസ്. ഹിന്ദു വേദഗ്രന്ഥങ്ങള്‍ പ്രകാരം ലോഹത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് സമൃദ്ധിയും സമ്പത്തും ആരോഗ്യവും കൊണ്ടുവരുന്ന ദിവസമാണിത്. ഇതിനാല്‍ ആഗോള വിലയോ, ഡോളറിന്റെയും രൂപയുടെയും മൂല്യമോ ഒന്നും ബാധിക്കാതെ സ്വര്‍ണത്തിന്റെ ആവശ്യം പ്രാദേശിക വില്‍പനക്കാര്‍ക്കു പോലും ഏറ്റവും കൂടി നില്‍ക്കുന്ന സമയമാണിത്.

പുഷ്യമി

ഏതു രീതിയിലുള്ള സാമ്പത്തിക ഇടപാടും നടത്താനും സ്വര്‍ണമോ ഭൂമിയോ വാങ്ങാനും ബിസിനസ് നിക്ഷേപങ്ങള്‍ നടത്താനും അനുയോജ്യമായ ദിവസമാണ് പുഷ്യ നക്ഷത്ര. ലക്ഷ്മീ ദേവി ജനിച്ച ഈ ദിവസം ഹിന്ദു വേദങ്ങള്‍ പ്രകാരം ഏറ്റവും ശുഭകരമായ ദിവസമാണ്. വര്‍ഷം മുഴുവന്‍ പല ദിവസങ്ങളില്‍ ഇത് ആഘോഷിക്കുന്നു.

അക്ഷയ തൃത്രീയ (മേയ്)

ഭൂരിഭാഗം ഇന്ത്യക്കാരും സ്വര്‍ണം വാങ്ങുന്ന പ്രധാന ദിവസമാണ് അക്ഷയ തൃതീയ. സ്വര്‍ണം വാങ്ങുന്നത് സമ്പത്തും സമൃദ്ധിയും നല്‍കുന്നു എന്ന് സൂചിപ്പിക്കുന്നു.

നവരാത്രി, ദസറ (ഒക്ടോബര്‍)

ലോകം മുഴുവനുമുള്ള ഇന്ത്യക്കാരുടെ പ്രധാന ഉത്സവകാലമാണ് നവരാത്രി. ഒന്‍പത് പകലും രാത്രിയുമാണ് നവരാത്രി ആഘോഷിക്കുന്നത്. പുതിയ തുടക്കവും ധനവും സൂചിപ്പിക്കുന്നതിനാല്‍ ഈ കാലത്ത് വ്യാപകമായി സ്വര്‍ണം വാങ്ങുന്നു. നവരാത്രിയുടെ അവസാനത്തിലെ ദുര്‍ഗാ പൂജ ദിവസമായ ദസറയിലും സ്വര്‍ണവില്‍പന വന്‍തോതില്‍ നടക്കുന്നു.

ബലിപ്രതിപദ (ഒക്ടോബര്‍)

ദീപാവലിയുടെ അവസാന ദിവസമോ മൂന്നാമത്തെ ദിവസമോ ആണ് ബലിപ്രതിപദയായി ആഘോഷിക്കുന്നത്. ഹിന്ദു സംസ്‌ക്കാരമനുസരിച്ച് ശുഭകരമായ സമയം അവസാനിക്കുന്നത് ഇതോടെയാണ് എന്നതിനാല്‍ ഭൂരിഭാഗം ഇന്ത്യക്കാരും സ്വര്‍ണം വാങ്ങുന്നതില്‍ മുഴുകുന്നു.

Latest Stories

വിമാനവും വിഐപി സൗകര്യങ്ങളും മറന്ന് നിലത്തേക്ക് ഇറങ്ങുക, അപ്പോൾ രക്ഷപെടും; ഇന്ത്യയിലെ രണ്ട് സൂപ്പർ താരങ്ങൾക്ക് അപായ സൂചനയുമായി മുഹമ്മദ് കൈഫ്

'വിജയന്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് വിരല്‍ നക്കി, നാറികളാണ് പൊലീസ്'; അധിക്ഷേപ പരാമര്‍ശങ്ങളുമായി കെ സുധാകരന്‍

എംബപ്പേ വെറും തോൽവിയാണ്, അദ്ദേഹത്തെ വിൽക്കുന്നതാണ് നല്ലത്; തുറന്നടിച്ച് മുൻ പിഎസ്ജി സപ്പോർട്ടിങ് സ്റ്റാഫ്

പ്രേക്ഷകരെ വളരെ മനോഹരമായി പറ്റിക്കുക, അതില്‍ വിജയിച്ച സിനിമയാണ് പുലിമുരുകന്‍: ജോസഫ് നെല്ലിക്കല്‍

യുപി സർക്കാരിന് കനത്ത തിരിച്ചടി; നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ; ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

IPL 2025: കളികൾ വേറെ ലെവലാക്കാൻ മുംബൈ ഇന്ത്യൻസ്, ലേലത്തിൽ ലക്ഷ്യമിടുന്നത് രണ്ട് ഇന്ത്യൻ സൂപ്പർതാരങ്ങളെ; ആരാധകർ ഹാപ്പി

അമേരിക്കയുടെ സര്‍വ്വാധികാരിയായി ഡൊണാള്‍ഡ് ട്രംപ്; ബിറ്റ്കോയിന്‍ 75,000 ഡോളറിന് മുകളില്‍; ചരിത്രത്തിലാദ്യം; 'സുവര്‍ണ്ണ കാലഘട്ടം' ഇതാണെന്ന് പ്രഖ്യാപനം

നെയ്മർ ഇന്റർ മിയാമിയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്"; തുറന്ന് പറഞ്ഞ് മുൻ അമേരിക്കൻ താരം

'ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്'; സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ