മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിരക്കുകളില്‍ 42 ശതമാനമാണ് വര്‍ധന. ടെലികോം കമ്പനികളായ വൊഡാഫോണ്‍ ഐഡിയയാണ് ആദ്യം നിരക്ക് കൂട്ടുന്നത്. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകളാണ് കൂടുന്നത്.
നല്ല പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക. ടെലികോം കമ്പനികളുടെ നഷ്ടം കൂടിയ സാഹചര്യത്തിലാണ് നിരക്ക് വര്‍ധന. എയര്‍ടെല്ലും റിലയന്‍സ് ജിയോയും, ബിഎസ്എന്‍എല്ലും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ ട്രായ് ഇടപെടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇടപെടല്‍ ഉണ്ടായാല്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക ട്രായിക്കുള്ളതിനാലാണിത്.
40 ശതമാനം വരെയുള്ള നിരക്ക് വര്‍ദ്ധനയാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ച ജിയോ ഇത് വഴി കൂടുതല്‍ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അവകാശപ്പെട്ടു. 22 ശതമാനം മുതല്‍ 42 ശതമാനം വരെയാണ് വോഡഫോണ്‍-ഐഡിയയും, എയര്‍ടെല്ലും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കാന്‍ തീരുമാനിച്ചത്.
വലിയ കടബാധ്യതയില്‍ കുരുങ്ങിയ കമ്പനികള്‍ നിരക്ക് വര്‍ദ്ധനയില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചന മൊബൈല്‍ കമ്പനികള്‍ നേരത്തെ തന്നെ നല്‍കിയിരുന്നതാണ്. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐഡിയ- വോഡാഫോണും എയര്‍ടെല്ലും നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.