എന്റെ കളി ഇനിയും അവസാനിച്ചിരുന്നില്ല...ഡല്‍ഹി ക്യാപിറ്റല്‍സിനോട് നന്ദിയും പരിഭവവും പറഞ്ഞ് അമിത് മിശ്ര

ഐപിഎല്‍ 2022 മെഗാലേലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത രാജ്യത്തിനായി കുപ്പായമണിഞ്ഞിട്ടില്ലെങ്കിലും മികച്ച പ്രവര്‍ത്തി പരിചയമുള്ള താരങ്ങളെ ഫ്രാഞ്ചൈസികള്‍ വിളിച്ചെടുത്തതാണ്. ഇവരെ ഉപയോഗിച്ച് ഭാവിയിലേക്ക് ഒരു പുതിയ സ്‌ക്വാഡിനെ ഉണ്ടാക്കിയെടുക്കുകയാണ് പല ഫ്രാഞ്ചൈസികളും ലക്ഷ്യമിടുന്നത്.

അതേസമയം തന്നെ മികച്ച പ്രവര്‍ത്തി പരിചയമുള്ള പല കളിക്കാരും അണ്‍സോള്‍ഡുമായി. ഈ രീതിയില്‍ ഞെട്ടിച്ചവരില്‍ ഐപിഎല്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മിടുക്കനായ വെറ്ററന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയുമുണ്ട്. 2020 സീസണില്‍ ഫൈനല്‍ കളിച്ച ടീമില്‍ ഉണ്ടായിരുന്ന അമിത് മിശ്രയ്ക്ക് ഇതുവരെ ചെയ്തു തന്ന സേവനങ്ങള്‍ക്ക നന്ദി പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍ ഉടമയായ പെര്‍ത്ത് ജിന്‍ഡാല്‍ രംഗത്ത് വന്നു. അമിത മിശ്രയെ മടക്കിക്കൊണ്ടുവരാന്‍ താല്‍പ്പര്യമുണ്ടെന്നും ജിന്‍ഡാല്‍ ഇതില്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് അമിത് നല്‍കിയ മറുപടിയിലാണ് തന്നിലെ ക്രിക്കറ്റ്് ഇപ്പോഴും പൂര്‍ണ്ണമായിട്ടില്ലെന്ന് താരം പ്രതികരിച്ചത്. ഡല്‍ഹി ടീം തന്നെ എടുത്തിട്ടില്ലെങ്കിലും ടീമിന് എപ്പോള്‍ ആവശ്യമുണ്ടോ അപ്പോഴെല്ലാം ടീമിനൊപ്പം ഉണ്ടാകുമെന്നും താരം മറുപടി പറഞ്ഞു. 2008 ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ആയിരുന്ന കാലം മുതല്‍ ടീമിനെ പ്രതിനിധീകരിക്കുന്ന താരമാണ് അമിത്. 154 മത്സരങ്ങളില്‍ നിന്നും 166 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 170 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ലസിത് മലിംഗ, 167 വിക്കറ്റുകളുള്ള ബ്രാവോ എന്നിവര്‍ക്ക് പിന്നിലാണ് അമിത് മിശ്ര.